പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ചോദ്യമുന്നയിച്ച യുഎസ് മാധ്യമപ്രവര്‍ത്തകയെക്കുറിച്ച് കൂടുതലറിയാം

ജൂണ്‍ 22ന് യുഎസിലെ വൈറ്റ് ഹൗസില്‍ നടന്ന സംയുക്ത വാര്‍ത്തസമ്മേളനം ലോകമെമ്പാടും ശ്രദ്ധിക്കപ്പെട്ടു . മാധ്യമപ്രവര്‍ത്തകയുടെ ചോദ്യത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി ആദ്യമായി മറുപടി നല്‍കിയെന്ന അപൂര്‍വതയായിരുന്നു ഇതിന് കാരണം. യുഎസ് മാധ്യമായ വാള്‍സ്ട്രീറ്റ് ജേണലിന്റെ റിപ്പോര്‍ട്ടര്‍ സബ്രീന സിദ്ദിഖിയാണ് മോദിയോട് ചോദ്യമുന്നയിച്ചത്. അഭിപ്രായ സ്വാതന്ത്ര്യവുമായും, മുസ്ലിങ്ങളുള്‍പ്പെടെ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളുമായും ബന്ധപ്പെട്ടായിരുന്നു അവര്‍ ചോദിച്ചത്. 2014ല്‍ അധികാരത്തിലെത്തിയതുമുതല്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുന്ന ശൈലി പിന്തുടരാത്ത പ്രധാനമന്ത്രിയാണ് മോദി.

മാധ്യമലോകത്തിന്റെ ഓര്‍മയില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യം മോദി സ്വീകരിക്കുന്ന സന്ദര്‍ഭം വൈറ്റ് ഹൗസിലെ വാര്‍ത്താസമ്മേളനത്തിന് മുന്‍പുണ്ടായിട്ടില്ല. അഭിപ്രായ സ്വാതന്ത്ര്യവും മുസ്ലിങ്ങളുള്‍പ്പെടെ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളും സംരക്ഷിക്കാന്‍ താങ്കളും താങ്കളുടെ സര്‍ക്കാരും എന്ത് നടപടികള്‍ സ്വീകരിച്ചുവെന്നായിരുന്നു സബ്രീന സിദ്ദിഖിയുടെ ചോദ്യം. ചോദ്യം ആശ്ചര്യപ്പെടുത്തിയെന്നായിരുന്നു സബ്രീനയോടുള്ള പ്രധാനമന്ത്രിയുടെ ആദ്യ വാക്കുകള്‍.

ഇന്ത്യയുടെ ജനാധിപത്യപാരമ്പര്യം ഉയര്‍ത്തിക്കാട്ടിയ പ്രധാനമന്ത്രി മനുഷ്യാവകാശങ്ങളില്‍ മോദിസര്‍ക്കാര്‍ കൈവരിച്ച നേട്ടങ്ങള്‍ എടുത്ത് പറഞ്ഞു. എല്ലാവര്‍ക്കുമൊപ്പം എല്ലാവരുടെയും വിശ്വാസം എന്ന കേന്ദ്രസര്‍ക്കാരിന്റെ ആപ്തവാക്യവും സബ്രീന സിദ്ദിഖിയുടെ ചോദ്യത്തിനുത്തരമായി മോദി ആവര്‍ത്തിച്ചു. പിന്നാലെ പ്രത്യേക ലക്ഷ്യത്തോടെയുള്ളതാണ് മോദിയോടുള്ള സബ്രീന സിദ്ദിഖിയുടെ ചോദ്യമെന്ന വിമര്‍ശനമുന്നയിച്ച് ബിജെപി രംഗത്തെത്തി. ഇതോടെ പ്രധാനമന്ത്രിയെ ചോദ്യമുനയില്‍ നിര്‍ത്തിയ സബ്രീന സിദ്ദിഖിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സമൂഹമാധ്യമങ്ങളിലടക്കം ഉയര്‍ന്നു.

ആരാണ് സബ്രീന സിദ്ദിഖി?

യുഎസിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകയാണ് സബ്രീന സിദ്ദിഖി. അമേരിക്കന്‍ മുസ്ലിമായ അവര്‍ക്ക് വൈറ്റ് ഹൗസ് റിപ്പോര്‍ട്ടറെന്ന നിലയില്‍ വാഷിംഗ്ടണ്‍ ഡിസിയില്‍ പേരെടുക്കാന്‍ ഇതിനോടകം കഴിഞ്ഞു. വൈറ്റ് ഹൗസുമായും യുഎസ് പ്രസിഡന്റുമാരുമായും ബന്ധപ്പെട്ട വാര്‍ത്തകളാണ് അവര്‍ പ്രധാനമായും ശേഖരിക്കുന്നത്. ഇപ്പോള്‍ ജോ ബൈഡന്റെ വാര്‍ത്താസമ്മേളനത്തിന് പ്രത്യേക ശ്രദ്ധ നല്‍കുന്നു. പാക്കിസ്ഥാനില്‍നിന്നുള്ളവരാണ് മാതാപിതാക്കള്‍. അച്ഛന്‍ ഇന്ത്യയില്‍ ജനിച്ച് പിന്നീട് പാക്കിസ്ഥാനില്‍ വളര്‍ന്നു. അമ്മ പാക്കിസ്ഥാന്‍ കാരിയാണ്. എന്നാല്‍ സബ്രീന സിദ്ദിഖിയുടെ ജനനം അമേരിക്കയിലായിരുന്നു. നോര്‍ത്ത് വെസ്‌റ്റേണ്‍ യൂണിവേഴ്‌സിറ്റിയില്‍ പഠനം പൂര്‍ത്തിയാക്കി.

നിലവില്‍ പങ്കാളിക്കൊപ്പം വാഷിംഗ്ടണില്‍ ജീവിക്കുന്നു. മാധ്യമപ്രവര്‍ത്തകയെന്ന നിലയില്‍ വൈറ്റ് ഹൗസുമായും 2016ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പുമായും ബന്ധപ്പെട്ട് നിരവധി അനുഭവങ്ങള്‍ സിദ്ദിഖിക്ക് ഉണ്ട്. 2019 വരെ ദി ഗാര്‍ഡിയനില്‍ പ്രവര്‍ത്തിച്ചു. പിന്നീട് വാള്‍ സ്ട്രീറ്റ് ജേണലില്‍ എത്തി. ഹഫിംഗ്ടണ്‍ പോസ്റ്റില്‍ പ്രവര്‍ത്തിച്ചപ്പോള്‍ ഒബാമ ഭരണകൂടവുമായും കോണ്‍ഗ്രസുമായും സംബന്ധിച്ച റിപ്പോര്‍ട്ടിംഗ് കൂടുതല്‍ വൈദഗ്ധ്യം നേടാന്‍ സഹായിച്ചു. നാലുവര്‍ഷം മുന്‍പായിരുന്നു ഭര്‍ത്താവ് മുഹമ്മദ് അലി സയിദ് ജാഫ്രിയുമായുള്ള വിവാഹം. ഒരു മകളുമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *