പ്രതിഭയുടെ ചോദ്യത്തിന് മറുപടി നൽകാതെ വീണ

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാർ അധികാരത്തിലെത്തിയതിനു ശേഷം ആരോഗ്യ വകുപ്പ് ആവിഷ്‌കരിച്ച പുതിയ പദ്ധതികൾ വിശദമാക്കണമെന്നാവശ്യപ്പെട്ട് കായംകുളം എം എൽ എ യു പ്രതിഭ സെപ്റ്റംബർ ഒന്നിന് ഉന്നയിച്ച നിയമസഭ ചോദ്യത്തിന് ഇതുവരെ മറുപടി നൽകാതെ ആരോഗ്യ മന്ത്രി വീണ ജോർജ് .

ശൈലജക്ക് പകരം വന്ന വീണ ജോർജ് ആരോഗ്യവകുപ്പിൽ വമ്പൻ പരാജയമാണെന്ന് പാർട്ടിക്കാരുടെ ഇടയിൽ പോലും വിമർശനങ്ങൾ ഉയരുമ്പോഴാണ് വീണയെ പ്രതിരോധത്തിലാക്കാനുള്ള യു. പ്രതിഭയുടെ ചോദ്യം ഉയരുന്നത്. പുതിയ പദ്ധതികൾ പോയിട്ട് പഴയ പദ്ധതികൾ പോലും ആരോഗ്യ വകുപ്പിൽ നടക്കുന്നില്ല. മരുന്നുകൾ പോലും ആശുപതികളിൽ ഇല്ലാത്ത അവസ്ഥ.

പാർട്ടിയിൽ സീനിയറായ തന്നെ മന്ത്രിയാക്കാതെ വീണ ജോർജിനെ മന്ത്രിയാക്കിയതു മുതൽ യു. പ്രതിഭ ഒളിഞ്ഞും തെളിഞ്ഞും വീണക്കെതിരെ വിമർശനങ്ങൾ ഉന്നയിക്കാറുണ്ട്. താൻ മന്ത്രിയെ വിളിക്കുന്നത് വ്യക്തിപരമായ കാര്യം സംസാരിക്കാനല്ലെന്നും എന്നാൽ എത്ര തവണ വിളിച്ചാലും ആരോഗ്യമന്ത്രി ഫോണെടുക്കാറില്ലെന്നും തിരിച്ചുവിളിക്കാനുള്ള മര്യാദ കാണിക്കാറില്ലെന്നും പ്രതിഭ പൊതുവേദിയിൽ പരസ്യമായി പറഞ്ഞിരുന്നു. മറ്റ് എല്ലാ മന്ത്രിമാരും വിളിച്ചാൽ ഫോൺ എടുക്കും. എടുക്കാൻ പറ്റാത്തവർ തിരികെ വിളിക്കും. എന്നാൽ എത്ര തവണ വിളിച്ചാലും ഒരു മന്ത്രി ഫോൺ എടുക്കില്ല. തിരക്കായിരിക്കുമോ എന്ന് നൂറ് തവണ ആലോചിച്ച ശേഷമാണ് മന്ത്രിയെ വിളിക്കാറുള്ളത്.

സിപിഎം നേതാവും മന്ത്രിയുമായ വി. ശിവൻകുട്ടി, ആലപ്പുഴ എം.പി എ.എം ആരിഫ് എന്നിവർ വേദിയിലിരിക്കെയാണ് ആരോഗ്യമന്ത്രിക്കെതിരെ യു. പ്രതിഭ വിമർശനം അഴിച്ചുവിട്ടത്. മന്ത്രിയെന്ന നിലയിൽ നല്ല പ്രവർത്തനം നടത്തി ജനപ്രീതി നേടിയ ശൈലജയെ ഒഴിവാക്കിയത് ശരിയല്ലെന്ന് അഖിലേന്ത്യ മഹിള അസോസിയേഷൻ സമ്മേളന ചർച്ചയിൽ ചില പ്രതിനിധികൾ കുറ്റപ്പെടുത്തിയിരുന്നു. സംഘടനാപരവും വ്യക്തിപരവുമായ മികവ് തെളിയിച്ച അത്തരം സ്ത്രീകളെ ഒഴിവാക്കുന്നത് തെറ്റായ സന്ദേശം നൽകുമെന്ന് പ്രതിനിധികൾ ഓർമ്മിപ്പിച്ചു. ശൈലജയ്ക്ക് പകരം മന്ത്രിയായ വീണാ ജോർജ് പ്രതീക്ഷിച്ച നിലവാരത്തിലേക്ക് ഉയർന്നില്ലെന്നും ചില പ്രതിനിധികൾ ആരോപിച്ചിരുന്നു. ശൈലജയുടെ കാലത്തെ കോവിഡ് കാല പർച്ചേസിലെ അഴിമതി ആരോപണം ലോകായുക്ത അന്വേഷിക്കാൻ ഉത്തരവിട്ടതാണ് വീണ ജോർജിന് ആശ്വാസം പകരുന്നത്. ശൈലജയുടെ കാലത്തെ അഴിമതി ആരോപണം സംബന്ധിച്ച നിയമസഭ ചോദ്യങ്ങൾക്ക് വീണ കൃത്യമായി ഉത്തരം നൽകുന്നുണ്ട്. വീണയുടെ നിയമസഭ മറുപടികളാണ് ശൈലജയ്ക്ക് വിനയായതും

Leave a Reply

Your email address will not be published. Required fields are marked *