പ്രതിപക്ഷബഹളത്തെ തുടർന്ന് നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു

തിരുവനന്തപുരം: പ്രതിപക്ഷബഹളത്തെ തുടർന്ന് നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു. മുഖ്യമന്ത്രിയുടെ പരിപാടികളിൽ കറുത്ത വസ്ത്രമണിഞ്ഞവരെ തടയുകയും കസ്റ്റഡിയിലെടുക്കുകയും ചെയ്തതിൽ പ്രതിഷേധിച്ച് കോൺഗ്രസിന്റെ യുവ എംഎൽഎമാർ ഇന്ന് സഭയിലെത്തിയത് കറുത്ത ഷർട്ട് ധരിച്ച്. ഷാഫി പറമ്പിൽ അടക്കമുള്ള കോണ്ഗ്രസ് നേതാക്കളാണ് കറുപ്പണിഞ്ഞ് സഭയിലെത്തിയത്. അടിയന്തര പ്രമേയ നോട്ടീസിന് പിന്നാലെ ബഹളം ആരംഭിച്ചു, പ്ലക്കാർഡുകളുമായി പ്രതിപക്ഷം നടുത്തളത്തിലിറങ്ങി. ബഹളത്തെ തുടർന്ന് ആദ്യം നിർത്തി വച്ച സഭ വീണ്ടും ആരംഭിച്ചപ്പോഴും ബഹളെ തുടർന്നു. ഇതോടെയാണ് സഭ വീണ്ടും പിരിഞ്ഞത്.

കേന്ദ്രത്തിലെ നരേന്ദ്ര മോദി ഭരണത്തിന്റെ മലയാള പരിഭാഷയാണ് ഇവിടെ പിണറായി വിജയൻ സർക്കാരെന്ന് ഷാഫി പറമ്പിൽ എം എൽഎ. താടിയില്ല, ഹിന്ദി സംസാരിക്കില്ല, കോട്ടിടില്ല എന്നീ വ്യത്യാസങ്ങൾ മാത്രമാണ് ഇരുവരും തമ്മിലുള്ളതെന്നും ഷാഫി പരിഹസിച്ചു.

ഓടുന്ന വാഹനത്തിന് മുന്നിലേക്ക് എടുത്തു ചാടാൻ പ്രേരിപ്പിക്കുന്ന രീതിയാണ് സംസ്ഥാനത്ത് യൂത്ത് കോൺഗ്രസിന്റേയും ബി.ജെ.പിയുടേയും നേതൃത്വത്തിൽ നടപ്പാക്കാൻ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. വയനാട് എംപിക്കും ഗവർണർക്കും നൽകുന്ന സുരക്ഷമാത്രമാണ് തനിക്ക് നൽകുന്നതെന്ന് പിണറായി പറഞ്ഞു.

പഴയ വിജയനെയും പുതിയ വിജയനെ ആയാലും പേടിയില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ തിരിച്ചടിച്ചു.

Leave a Reply

Your email address will not be published. Required fields are marked *