പോലീസുകാർക്കിടയിലും ബോധവൽകരണം നടത്തണം

മാനസികാരോഗ്യ സംരക്ഷണ നിയമത്തെക്കുറിച്ച് പോലീസുകാര്‍ക്കിടയിലും ബോധവല്‍ക്കരണം നടത്തണമെന്ന് ഹൈക്കോടതിയുടെ നിര്‍ദേശിച്ചു. 2017 ലെ മാനസികാരോഗ്യ സംരക്ഷ നിയമത്തിലെ വ്യവസ്ഥകള്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിചിതമാകണമെന്നും ഇത് സംസ്ഥാന പോലീസ് മേധാവി ഉറപ്പുവരുത്തണമെന്നുമാണ് ഹൈക്കോടതി ഉത്തരവ് നല്‍കിയത്. മാനസിക ബുദ്ധിമുട്ട് നേരിടുന്ന വ്യക്തികളുമായി ബന്ധപ്പെട്ട കേസുകള്‍ നിരന്തരം കൈകാര്യം ചെയ്യേണ്ടി വന്ന സാഹചര്യത്തിലാണ് കോടതിയുടെ നടപടി.

കുന്നംകുളം പോക്‌സോ കേസില്‍ മാനസിക പ്രശ്‌നമുണ്ടെന്ന പ്രതിഭാഗ വാദം കീഴ്‌ക്കോടതി തള്ളിയ ഉത്തരവ് ചോദ്യം ചെയ്ത് പ്രതി നല്‍കിയ അപ്പീലിലാണ് കോടതിയുടെ നടപടി. കൂടാതെ അമിക്കസ് ക്യൂറിയും മാനസികാരോഗ്യ സംരക്ഷണ നിയമം സംബന്ധിച്ച് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ശരിയായ പരിശീലനം നല്‍കണമെന്ന് ശുപാര്‍ശ ചെയ്തിരുന്നു. മാനസികാരോഗ്യ സംരക്ഷണ നിയമപ്രകാരം ബന്ധപ്പെട്ട ബോര്‍ഡിനു മുന്നിലേക്ക് വിഷയം പരിശോധിക്കാന്‍ വിട്ട് ബോര്‍ഡിന്റെ തീരുമാനപ്രകാരമായിരിക്കണം വിചാരണയടക്കമുള്ള നടപടികള്‍ സംബന്ധിച്ച് തീര്‍പ്പ് കല്‍പ്പിക്കേണ്ടതെന്നാണ് അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് നല്‍കിയത്. പിന്നീട് ഈ നടപടി കീഴ്‌ക്കോടതി പിന്‍തുടര്‍ന്നില്ലെന്ന് ഹൈക്കോടതി കണ്ടെത്തി. ബൈപ്പോളാര്‍ ഡിസോര്‍ഡര്‍ ആണെന്നും
മാനസിക പ്രശ്‌നത്തിന് ചികില്‍സയിലാണെന്നും സാധൂകരിക്കുന്ന രേഖകളും ഹര്‍ജിക്കാരന്‍ കീഴ്‌ക്കോടതിയിലടക്കം ഹാജരാക്കിയിരുന്നു. എന്നാല്‍ പോക്‌സോ കോടതി ഇത് പരിഗണിച്ചില്ലെന്നായിരുന്നു ഹര്‍ജിയിലെ ആക്ഷേപം. അമിക്കസ് ക്യൂറി റിപ്പോര്‍ട്ടുള്‍പ്പെടെ പരിഗണിച്ച ഹൈക്കോടതി പരാതി പോക്‌സോ കോടതി വീണ്ടും പരിഗണിക്കണമെന്ന് ഉത്തരവിട്ടു.

Leave a Reply

Your email address will not be published. Required fields are marked *