പോപ് ബെനഡിക്ട്: വിയോഗത്തിലും അപൂർവതകളുടെ തുടർച്ച

വത്തിക്കാൻസിറ്റി: പോപ് എമരിറ്റസ് ബെനഡിക്ട് പതിനാറാമൻറെ വിയോഗം അദ്ദേഹത്തിന്റെ വിരമിക്കൽ പോലെ തന്നെ വത്തിക്കാന്റെ ചരിത്രത്തിലെ പല അപൂർവതകളിലേക്കും വഴിതുറക്കുകയാണ്. മാർപാപ്പ കാലംചെയ്താൽ സാധാരണ സ്വീകരിക്കുന്ന നടപടിക്രമങ്ങളിൽ പലതും പോപ് എമരിറ്റസിന്റെ കാര്യത്തിൽ ഉണ്ടാകില്ല.

അതിൽ ഏറ്റവും പ്രധാനം പകരക്കാരനെ തിരഞ്ഞെടുക്കൽ ആവശ്യമില്ല എന്നതുതന്നെ. സാധാരണഗതിയിൽ മാർപാപ്പ കാലം ചെയ്താലുടൻ അദ്ദേഹത്തിന്റെ അധികാരങ്ങൾ ‘‌കാമെർലെംഗോ’ എന്ന പദവിയിലുള്ള കർദിനാളിന് കൈവരും. കാലംചെയ്ത പോപ്പിന്റെ പിൻഗാമിയെ തിരഞ്ഞെടുക്കുന്നതുവരെ കാമെർലെംഗോ ആയിരിക്കും മാർപാപ്പയുടെ പകരക്കാരൻ. കർദിനാൾ കെവിൻ ഫാരലാണ് ഇപ്പോഴത്തെ കാമെർലെംഗോ. എന്നാൽ ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ നിര്യാണം, കാമെർലെംഗോയുടെ സേവനം ആവശ്യപ്പെടുന്നില്ല. മാർപാപ്പയുടെ പദവിയിൽ ഒഴിവില്ല എന്ന അത്യപൂർവത തന്നെയാണ് അതിന് കാരണം. വിരമിച്ച മാർപാപ്പയുടെ നിര്യാണം ആധുനിക കത്തോലിക്കാസഭയ്ക്ക് ഇതുവരെ കൈകാര്യം ചെയ്യേണ്ടിവന്നിട്ടില്ല എന്നതിനാൽ കാമെർലെംഗോയു‌ടെ മറ്റ് പല ഉത്തരവാദിത്തങ്ങളും അപ്രസക്തമാകും. നടപടിക്രമങ്ങൾ പുതുതായി എഴുതിച്ചേർക്കേണ്ടിവരും.

മാർപാപ്പയുടെ നിര്യാണം ഔദ്യോഗികമായി സ്ഥിരീകരിക്കുന്നത് കാമെർലെംഗോയാണ്. ചെറിയ വെള്ളിച്ചുറ്റിക കൊണ്ട് മൂന്നുവട്ടം സ്വന്തം നെറുകയിൽ തട്ടിയാണ് അദ്ദേഹം മാർപാപ്പയുടെ നിര്യാണം സ്ഥിരീകരിക്കേണ്ടത്. പോപ്പ് ധരിക്കുന്ന മുക്കുവമോതിരം നശിപ്പിക്കേണ്ടതും മാർപാപ്പയുടെ വസതി സീൽ ചെയ്യേണ്ടതും സംസ്കാരച്ചടങ്ങുകൾക്കുള്ള ഒരുക്കങ്ങൾ നടത്തേണ്ടതും പുതിയ മാർപാപ്പയെ തിരഞ്ഞെടുക്കാനുള്ള കോൺക്ലേവ് സംഘടിപ്പിക്കേണ്ടതും കാമെർലെംഗോയാണ്. ഇതിൽ കോൺക്ലേവിന്റെ ആവശ്യം എന്തായാലും ഇല്ല. മറ്റ് ചടങ്ങുകളുടെ കാര്യത്തിൽ വത്തിക്കാൻ വ്യക്തത വരുത്തിയിട്ടില്ല.

മാർപാപ്പയുടെ സംസ്കാരച്ചടങ്ങുകൾക്ക് മുഖ്യകാർമികത്വം വഹിക്കുന്നത് കോളജ് ഓഫ് കാർഡിനൽസ് ഡീൻ ആണ്. കർദിനാൾ ജിയോവനി ബാറ്റിസ്റ്റ റേ ആണ് ഇപ്പോഴത്തെ ഡീൻ. എന്നാൽ ബെനഡിക്ട് പതിനാറാമന്റെ സംസ്കാരച്ചടങ്ങുകൾക്ക് ഫ്രാൻസിസ് മാർപാപ്പ തന്നെ മുഖ്യകാർമികത്വം വഹിച്ചേക്കുമെന്നാണ് സൂചന. അതും ചരിത്രത്തിൽ ആദ്യമായിരിക്കും. അന്ത്യശുശ്രൂഷ സെന്റ് പീറ്റേഴ്സ് ബസിലിക്കയിലോ അതിന് മുന്നിലുള്ള പൂമുഖത്തോ ആണ് നടക്കാറുള്ളത്. ഭൗതികദേഹം ബസിലിക്കയ്ക്ക് കീഴിലുള്ള കല്ലറയിൽ അടക്കം ചെയ്യും.

ബെനഡിക്ട് മാർപാപ്പയുടെ ബന്ധുക്കളെ അടക്കം ചെയ്തിരിക്കുന്നത് ജർമനിയിലാണെങ്കിലും തന്റെ അന്ത്യവിശ്രമം വത്തിക്കാനിൽ തന്നെ വേണമെന്ന് പോപ് എമരിറ്റസ് ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. ജോൺ പോൾ രണ്ടാമൻ മാർപാപ്പയുടെ കല്ലറയോട് ചേർന്ന് അന്ത്യവിശ്രമസ്ഥലം ഒരുക്കണമെന്ന് ബെനഡിക്ട് മാർപാപ്പ പറഞ്ഞിട്ടുണ്ടെന്ന് അദ്ദേഹത്തിന്റെ ജീവചരിത്രകാരൻ പീറ്റർ സീവാൾഡ് പറഞ്ഞു.

Tag

Leave a Reply

Your email address will not be published. Required fields are marked *