പൊറോട്ട കഴിച്ച് അലർജി; ഇടുക്കിയിൽ ചികിത്സയിലായിരുന്ന വിദ്യാർഥിനി മരിച്ചു

തൊടുപുഴ: ഇടുക്കിയിൽ ഭക്ഷണ അലർജിയെ തുടർന്ന് ചികിത്സയിലായിരുന്ന വിദ്യാർഥിനി മരിച്ചു. വാഴത്തോപ്പ് താന്നികണ്ടം വെളിയത്തുമാലി സിജു ഗബ്രിയേലിന്റെ മകൾ നയൻമരിയ (16) ആണ് മരിച്ചത്. പൊറോട്ട കഴിച്ചതിനെ തുടർന്നാണ് അലർജിയുണ്ടായത്, മൈദ, ഗോതമ്പ് എന്നിവ കുട്ടിക്ക് അലർജിക്ക് കാരണമാകാറുണ്ടെന്നു ബന്ധുക്കൾ പറഞ്ഞു.

മൈദ, ഗോതമ്പ് എന്നിവ അടങ്ങിയ ഭക്ഷണ വസ്തുക്കൾ കഴിച്ച് മുൻപ് കുട്ടി രോഗബാധിതയാവുകയും ചികിത്സ തേടുകയും ചെയ്തിരുന്നു. അടുത്തിടെ രോഗം ഭേദപ്പെട്ടെന്ന് തോന്നിയതോടെയാണ് ചെറിയ തോതിൽ ഇത്തരം ഭക്ഷണങ്ങൾ കഴിച്ചു തുടങ്ങിയതെന്നാണ് വിവരം. കഴിഞ്ഞദിവസം വൈകിട്ട് പൊറോട്ട കഴിച്ച കുട്ടിക്ക് അസ്വസ്ഥതയുണ്ടായി. തുടർന്ന് ഇടുക്കി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.
ആരോഗ്യനില വഷളായതിനെ തുടർന്ന് വെന്റിലേറ്ററിലേക്കു മാറ്റി. ഉച്ചയോടെ മരണം സംഭവിച്ചു. വാഴത്തോപ്പ് സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് വൺ വിദ്യാർഥിനിയാണ്. വാഴത്തോപ്പ് സർവീസ് സഹകരണ ബാങ്കിലെ ജീവനക്കാരനാണ് പെൺകുട്ടിയുടെ അച്ഛൻ സിജു.

Leave a Reply

Your email address will not be published. Required fields are marked *