പുതുവർഷപ്പുലരിയിൽ സംസ്ഥാനത്തെ നിരത്തിൽ പൊലിഞ്ഞത് 9 ജീവൻ; 45 പേർക്ക് പരുക്ക്

പത്തനംതിട്ട: പുതുവർഷത്തിൽ സംസ്ഥാനത്ത് വിവിധയിടങ്ങളിൽ ഉണ്ടായ വാഹനാപകടത്തിൽ മരിച്ചത് 9 പേർ. കോഴിക്കോട് കാർ ബൈക്കുമായി കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. കൊയിലാണ്ടിയിൽ കാൽനടയാത്രക്കാരി ബസ്സിനടിയിൽപ്പെട്ട് മരിച്ചു.

തിരുവല്ല ബൈപാസിലെ ചിലങ്ക ജംങ്ഷനിൽ ടാങ്കർ ലോറിക്ക് പിന്നിൽ ബൈക്ക് ഇടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർ മരിച്ചു. ചിങ്ങവനം സ്വദേശി ശ്യാം, കുന്നന്താനം സ്വദേശി അരുൺ കുമാർ എന്നിവരാണ് മരിച്ചത്. ഞായറാഴ്ച രാത്രി ഒന്നരയോടെ വീട്ടിലേക്ക് പോകുന്ന വഴിയാണ് അപകടം. സംഭവസ്ഥലത്തുതന്നെ അരുൺ മരിച്ചു. ഗുരുതരമായി പരുക്കേറ്റ ശ്യാമിനെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
തിരുവനന്തപുരം കിളിമാനൂരിൽ വാഹനാപകടത്തിൽ സൈനികൻ മരിച്ചു.
ആലപ്പുഴയിൽ പൊലീസ് ജീപ്പിടിച്ച് രണ്ട് പേർ മരിച്ചു. കോട്ടയം സ്വദേശി ജസ്റ്റിൻ, കുമരകം സ്വദേശി അലക്സ് എന്നിവരാണ് മരിച്ചത്. ഇന്ന് പുലർച്ചെ 3.30നാണ് അപകടം. ആലപ്പുഴ ഡിസിആർബി ഡിവൈഎസ്പിയുടെ ജീപ്പാണ് ഇടിച്ചത്. ഡ്രൈവർ മാത്രമാണ് ജീപ്പിലുണ്ടായിരുന്നതെന്ന് പൊലീസ് പറഞ്ഞു. ബൈക്കിലിടിച്ച ജീപ്പ്, വഴിയരികിലെ മതിലും തകർത്തു. ഡ്രൈവർ ഉറങ്ങിയതാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. ആലപ്പുഴ ബീച്ചിൽ പുതുവത്സരാഘോഷത്തിനെത്തിയ യുവാക്കൾ കോട്ടയത്തേക്ക് മടങ്ങുമ്പോഴാണ് അപകടം. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഏനാത്ത് പൊലീസ് സ്റ്റേഷനു സമീപം ഇരുചക്രവാഹനം പോസ്റ്റിലിടിച്ച് ഒരാൾ മരിച്ചു. ഇലമങ്കലം സ്വദേശി തുളസീധരനാണ് മരിച്ചത്.

ഇടുക്കി മുനിയറയിൽ വിനോദയാത്രാ സംഘത്തിന്റെ ബസ് കൊക്കയിലേക്ക് മറിഞ്ഞ് വിദ്യാർഥി മരിച്ചു. നാൽപതോളം വിദ്യാർഥികൾക്ക് പരുക്കേറ്റു. തിരൂർ റീജിയനൽ ഐടിഐയിലെ വിദ്യാർഥികൾ സഞ്ചരിച്ച ടൂറിസ്റ്റ് ബസാണ് അപകടത്തിൽപെട്ടത്. മലപ്പുറം തിരൂർ സ്വദേശി മിൽഹാജ് ആണ് മരിച്ചത്. ഡിസംബർ 30ന് തിരൂർ നിന്ന് പുറപ്പെട്ട വിദ്യാർഥിസംഘം യാത്ര കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങുന്നതിനിടെ ഞായറാഴ്ച പുലർച്ചെ 1.15നാണ് അപകടമുണ്ടായത്. തിങ്കൾക്കാടിന് സമീപം കുത്തനെയുള്ള ഇറക്കത്തിൽ നിയന്ത്രണംവിട്ട ബസ് 70 അടിയോളം താഴ്ചയിലേക്ക് മറിയുകയായിരുന്നു.

ഡ്രൈവറുടെ അശ്രദ്ധയും പരിചയക്കുറവുമെന്ന് അപകട കാരണമെന്ന് മോട്ടോർ വാഹന വകുപ്പ് വ്യക്തമാക്കി. രാത്രിയാത്രയ്ക്ക് ഏർപ്പെടുത്തിയ നിയന്ത്രണം അവഗണിച്ചതും അപകടത്തിന് ഇടയാക്കിയെന്നും വാഹനത്തിന് മറ്റ് തകരാറുകളില്ലെന്നും ആർടിഒ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *