പുതുവർഷത്തിൽ മുഖ്യമന്ത്രിക്കു ഗവർണറുടെ സ്നേഹസമ്മാനം

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനു പുതുവർഷ സമ്മാനമായി ക്ലിഫ് ഹൗസിലേക്കു ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കൊടുത്തയച്ചത് കശ്മീരിൽനിന്നുള്ള വിശേഷവസ്തുക്കൾ. കശ്മീരി ബ്രെഡ്, കുങ്കുമം ചേർത്ത കാവാ തേയില എന്നിവയാണു സമ്മാനപ്പൊതിയിലുണ്ടായിരുന്നത്.

മന്ത്രി സജി ചെറിയാന്റെ സത്യപ്രതിജ്ഞാചടങ്ങിനുശേഷം രാത്രിയോടെ രാജ്ഭവനിലെ ജീവനക്കാരൻ വശമാണു സമ്മാനം എത്തിച്ചത്. സമ്മാനം കൊടുത്തയയ്ക്കുന്ന കാര്യമാണു സത്യപ്രതിജ്ഞാചടങ്ങിനുശേഷം വേദിയിൽവച്ചു ഗവർണർ മുഖ്യമന്ത്രിയോടു സംസാരിച്ചതെന്നാണു രാജ്ഭവൻ അനൗദ്യോഗികമായി അറിയിച്ചത്. പുതുവൽസരദിനത്തിൽ ഗവർണർ കശ്മീരിലായിരുന്നു.

സമ്മാനങ്ങൾ നൽകാൻ തൽപരനായ ആരിഫ് മുഹമ്മദ് ഖാൻ ക്ലിഫ്ഹൗസിലേക്കു സമ്മാനങ്ങൾ കൊടുത്തയയ്ക്കുന്നത് ആദ്യമല്ല. കോവിഡ് സമയത്ത് യുപിയിലെ സ്വന്തം നാട്ടിൽനിന്നെത്തിച്ച മാമ്പഴം സമ്മാനിച്ചിരുന്നു. വലിയ പെട്ടികളിൽ എത്തിച്ച മാമ്പഴം സഞ്ചികളിലാക്കിയാണു കൊടുത്തയച്ചത്. മുഖ്യമന്ത്രിക്കു മാത്രമല്ല, പല മന്ത്രിമാർക്കും മറ്റു പ്രധാന പദവികളിലുള്ളവർക്കും ഗവർണറുടെ സ്നേഹസമ്മാനം സഞ്ചികളിലെത്തി. പിറന്നാൾ ആഘോഷിക്കുന്ന പ്രിയപ്പെട്ടവർക്കു കേക്ക് കൊടുത്തയയ്ക്കുന്നതും ആരിഫ് മുഹമ്മദ് ഖാന്റെ രീതിയാണ്.

Leave a Reply

Your email address will not be published. Required fields are marked *