പുതുവത്സര ദിനത്തിൽ റിക്കോർഡ് മദ്യവിൽപ്പനയുമായി കേരളം

തിരുവനന്തപുരം: പുതുവത്സര ദിനത്തിൽ റിക്കോർഡ് മദ്യവിൽപ്പനയുമായി കേരളം. കഴിഞ്ഞ ദിവസം 107.14 കോടി രൂപയുടെ മദ്യമാണ് കേരളത്തിൽ വിൽപ്പന നടത്തിയത്. 2022 ലെ പുതുവത്സര ദിനത്തിൽ 95.67 കോടിയുടെ മദ്യമാണ് കേരളത്തിൽ വിൽപ്പന നടത്തിയിരുന്നത്. വിറ്റുവരവിൽ 600 കോടി നികുതിയിനത്തിൽ സർക്കാരിന് കിട്ടും.

ഇത്തവണ പുതുവത്സര ദിനത്തിൽ മദ്യവിൽപ്പനയിൽ റെക്കോർഡിട്ടിരിക്കുകയാണ് കേരളം. 1.12 കോടിയുടെ മദ്യം വിറ്റ തിരുവനന്തപുരം പവർ ഹൗസ് റോഡിലെ ഔട്ട്‌ലെറ്റിലായിരുന്നു ഏറ്റവും കൂടുതൽ വിൽപ്പന നടന്നത്.. കൊല്ലം ആശ്രമം ഔട്ട്‌ലെറ്റിൽ 96.59 ലക്ഷം രൂപയുടെ മദ്യം പുതുവർഷത്തലേന്ന് വിറ്റു. കാസർകോഡ് ബട്ടത്തൂരിലാണ് ഏറ്റവും കുറവ് വിൽപ്പന ഉണ്ടായത്.. 10.36 ലക്ഷം രൂപയുടെ മദ്യമാണ് ഇവിടെ നിന്ന് വിൽപ്പന നടത്തിയത്.

കേരളത്തിൽ ഏറ്റവും പ്രിയം റമ്മിനാണ്. ഏറ്റവും കൂടുതൽ വിറ്റഴിച്ചതും റമ്മാണ്. സംസ്ഥാനത്തെ എല്ലാ ഔട്ട്‌ലെറ്റുകളിലും പത്ത് ലക്ഷം രൂപയ്ക്ക് മുകളിൽ മദ്യം കഴിഞ്ഞ ദിവസം വിൽപ്പന നടത്തിയിരുന്നു. ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങളുടെ കഴിഞ്ഞ പത്തു ദിവസത്തിനിടെ 686.28 കോടിയുടെ മദ്യമാണ് കേരളം കുടിച്ച് തീർത്തത്. കഴിഞ്ഞ വർഷത്തെ ഈ കാലയളവിലെ 10 ദിവസത്തെ മദ്യവിൽപ്പന 649.32 കോടിയായിരുന്നു. അതേ സമയം, ക്രിസ്മസ് ദിനത്തിലെ മദ്യവിൽപ്പനയിൽ ഈ വർഷം നേരിയ കുറവുണ്ടായിരുന്നു. 52.3 കോടിയുടെ മദ്യമാണ് ക്രിസ്മസ് ദിനത്തിൽ ബെവ്‌ക്കോ ഔട്ട്‌ലെറ്റ് വഴി വിറ്റത്. കഴിഞ്ഞ വർഷം ക്രിസ്തുമസ് ദിവസം 54.82 കോടിയുടെ മദ്യമായിരുന്നു വിറ്റത്.

കൂടാതെ ലോകകപ്പ് ഫുട്‌ബോൾ ഫൈനൽ ആവേശത്തിനിടെ കേരളത്തിൽ 50 കോടിയുടെ മദ്യമാണ് ബെവ്‌കോ വഴി വിറ്റത്. ഞായറാഴ്ചകളിലെ ശരാശരി മദ്യവില്പന 30 കോടിയായിരിക്കെയാണ് ഫുട്‌ബോൾ ലഹരിയിൽ മദ്യവില്പന കൂടിയത്. 49 കോടി 88 ലക്ഷമാണ് ഫൈനൽ ദിവസത്തെ ബെവ്‌കോയുടെ വരുമാനം.

Leave a Reply

Your email address will not be published. Required fields are marked *