പുതുപ്പള്ളി തെരഞ്ഞെടുപ്പ് ചൂടിലേക്ക്‌

രാഷ്ട്രീയ കേരളത്തെ ഞെട്ടിച്ചുകൊണ്ടാണ് പുതുപ്പള്ളി തെരഞ്ഞെടുപ്പ് അടുത്തമാസം അഞ്ചിന് നടത്തുമെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രഖ്യാപനം. കൃത്യം ഒരു മാസം മാത്രമാണ് ഇനി മുന്നണികള്‍ക്ക് മുന്നിലുള്ളത്. ആഗസ്റ്റ് 17 നകം നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പണം നടത്തണം. ഒമ്പത് ദിവസം മാത്രമാണ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ളത്. ഇതിനിടയിലാണ് ഓരോ മുന്നണികളും സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കേണ്ടത്. സാധാരണ ഒരു മണ്ഡലത്തില്‍ ഒഴിവ് വന്നാല്‍ ആറ് മാസത്തിനുള്ളില്‍ വോട്ടെടുപ്പ് എന്നതാണ് നിയമത്തില്‍ പറയുന്നത്. അതുകൊണ്ടുതന്നെ മറ്റ് സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് നടക്കുന്ന അവസരത്തിലായിരിക്കും പുതുപ്പള്ളിയില്‍ തെരഞ്ഞെടുപ്പ് എന്നാണ് ഏവരും പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ വളരെ പെട്ടെന്നാണ് ഒരു മാസത്തിനുള്ളില്‍ വോട്ടെടുപ്പ് നടത്താന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനം എടുക്കുന്നത്. യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ കാര്യത്തില്‍ തീരുമാനത്തിലെത്താന്‍ അധികം ബുദ്ധിമുട്ടുണ്ടാവില്ല എന്നതു തന്നെയാണ് വിലയിരുത്തല്‍. അന്തരിച്ച മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ കുടുംബത്തിലേക്കായിരിക്കും ചര്‍ച്ചകള്‍ ചെന്നെത്തുക സ്വാഭാവികമാണ്. ഉമ്മന്‍ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മനാണ് സാധ്യത കൂടുതല്‍. അതില്‍ മാറ്റമുണ്ടാകില്ല എന്ന് ഏറെക്കുറെ ഉറപ്പാണ്. ചാണ്ടി ഉമ്മന്‍ തന്നെ ഉമ്മന്‍ചാണ്ടിയുടെ പിന്തുടര്‍ച്ചക്കാരനാകുമെന്ന് മണ്ഡലത്തിലെ ജനങ്ങളും കണക്കുകൂട്ടുന്നു. എന്നാല്‍ എല്‍ഡിഎഫില്‍ പ്രാഥമിക ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ടെങ്കിലും സ്ഥാനാര്‍ത്ഥി ആരായിരിക്കണമെന്ന കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മത്സരിച്ച ജെയ്ക് സി തോമസിനേയോ റെജി സക്കറിയേയോ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയാക്കുമെന്നാണ് പൊതുവിലുള്ള വിലയിരുത്തല്‍. ഇതില്‍ നിന്നും വ്യത്യസ്തമായ മറ്റൊരു സ്ഥാനാര്ത്ഥിയെ കണ്ടെത്തിയാലും അത്ഭുതപ്പെടാനില്ല. എന്‍ഡിഎ യുടെ കാര്യത്തില്‍ ചില അഭ്യൂഹങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. എ കെ ആന്റണിയുടെ മകന്‍ അനില്‍ ആന്റണിയെ മത്സരിപ്പിക്കും എന്നാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. എന്നാല്‍ അനില്‍ ആന്റണിയോ ബിജെപി നേതൃത്വമോ അതിന് തയ്യാറാകുമെന്ന് പറയാനാവില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പതിനൊന്നായിരം വോട്ടുകള്‍ മാത്രമാണ് ബിജെപി സ്ഥാനാര്‍ത്ഥിയായ എന്‍ ഹരിക്ക് നേടാനായത്. പുതിയ മിത്ത് വിവാദവും നാമജപഘോഷയാത്രയും വോട്ടാക്കാനാകുമോ എന്നായിരിക്കും ബിജെപി ശ്രമിക്കുക. ആഗസ്റ്റ് 17 നുള്ളില്‍ തന്നെ സ്ഥാനാര്‍ത്ഥിയെ നിര്‍ണയിച്ച് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കേണ്ട സാഹചര്യമാണ് മുന്നണികള്‍ക്ക് മുന്നിലുള്ളത്. നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കാനുളള തിയതി ആഗസ്റ്റ് 21 ആണ്. സെപ്തംബര്‍ 5 നാണ് വോട്ടെടുപ്പ്. സെപ്തംബര്‍ എട്ടിന് വോട്ടെണ്ണല്‍ നടക്കും. സഹതാപ തരംഗം മണ്ഡലത്തില്‍ ശക്തമായിരിക്കും എന്ന് തന്നെയാണ് മുന്നണികളുടെ വിലയിരുത്തല്‍. എങ്കിലും തെരഞ്ഞെടുപ്പിനെ രാഷ്ട്രീയമായി തന്നെ നേരിടുമെന്ന് എല്‍ഡിഎഫും യുഡിഎഫും അഭിപ്രായപ്പെട്ടുകഴിഞ്ഞു. സര്‍ക്കാരിനെതിരെയുളള ജനവികാരമായിരിക്കും തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുക എന്ന് പ്രതിപക്ഷനേതാവ് വിഡി സതീശന്‍ വ്യക്തമാക്കിയത് ഇതിന് മുന്നോടിയായിട്ടാണ്. രാഷ്ട്രീയമായി തന്നെ നേരിടാനാണ് സിപിഐഎം ശ്രമം. ഉമ്മന്‍ചാണ്ടിയുടെ സ്മരണയില്‍ നടക്കുന്ന വോട്ടെടുപ്പില്‍ രാഷ്ട്രീയം പരമാവധി ഉയര്‍ത്തിക്കൊണ്ടുവരാനാണ് സിപിഐഎം ശ്രമിക്കുക. അതിനായുള്ള തീവ്രശ്രമം നടത്താന്‍ പാര്‍ട്ടി ഘടകങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞു. ഏതായാലും വരും ദിവസങ്ങളില്‍ തെരഞ്ഞെടുപ്പ് ചൂടിന്റെ ഓണക്കാലമാണ് പുതുപ്പള്ളിയില്‍ പ്രകടമാവുക

Leave a Reply

Your email address will not be published. Required fields are marked *