പി.കെ.ശശി സാമ്പത്തിക തിരിമറി നടത്തിയെന്ന പരാതിയില്‍ സിപിഎം മണ്ണാര്‍ക്കാട് ഏരിയ കമ്മിറ്റി തെളിവുകള്‍ കൈമാറി

പാലക്കാട്: കെടിഡിസി ചെയര്‍മാനും മുന്‍ എംഎല്‍എയുമായ പി.കെ.ശശി സാമ്പത്തിക തിരിമറി നടത്തിയെന്ന പരാതിയില്‍ സിപിഎം മണ്ണാര്‍ക്കാട് ഏരിയ കമ്മിറ്റി തെളിവുകള്‍ കൈമാറി. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പുത്തലത്ത് ദിനേശനാണ് പരാതിക്കാരില്‍ നിന്ന് തെളിവ് ശേഖരിച്ചത്. വ്യക്തി വൈരാഗ്യം തീര്‍ക്കാന്‍ ചിലര്‍ ബോധപൂര്‍വം തനിക്കെതിരെ വ്യാജ പരാതി നല്‍കിയെന്നാണ് പി.കെ.ശശിയുടെ നിലപാട്.

സഹകരണ സ്ഥാപന നടത്തിപ്പിലും പാര്‍ട്ടി പരിപാടി സംഘടിപ്പിക്കാനുള്ള ഫണ്ട് സ്വരൂപിക്കുന്നതിലും പി.കെ.ശശി വ്യാപക തിരിമറി നടത്തിയെന്നായിരുന്നു സംസ്ഥാന നേതൃത്വത്തിന് ലഭിച്ച പരാതി. പ്രാദേശികതലത്തില്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കാനുള്ള നിര്‍ദേശമുണ്ടായെങ്കിലും കൂടുതല്‍ തെളിവുകളുമായി നേതാക്കള്‍ സംസ്ഥാന നേതൃത്വത്തിനെ രണ്ടാംവട്ടവും സമീപിച്ചു. പിന്നാലെയാണ് സിപിഎം പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിനിടെ പുത്തലത്ത് ദിനേശനെ അന്വേഷണ കമ്മിഷനാക്കി സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ നിശ്ചയിച്ചത്. പി.കെ.ശശിക്കെതിരെ യാതൊരു അന്വേഷണവുമില്ലെന്ന് എം.വി.ഗോവിന്ദന്‍ വ്യക്തമാക്കി. രണ്ടാഴ്ച പിന്നിടും മുന്‍പ് പുത്തലത്ത് ദിനേശന്‍ മണ്ണാര്‍ക്കാട് ഏരിയ കമ്മിറ്റി ഓഫിസിലെത്തി. ഇരുപത്തി ഒന്നംഗ ഏരിയ കമ്മിറ്റിയില്‍ നാല് അംഗങ്ങള്‍ ശശിക്കെതിരെ കൃത്യമായ തെളിവുകള്‍ കൈമാറി.

കണക്ക് സംബന്ധിച്ച് പി.കെ.ശശിക്ക് പറയാനുള്ളതും കമ്മിഷന്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഏരിയ കമ്മിറ്റി നല്‍കിയ കണക്കുകളുടെ കൃത്യമായ മറുപടിക്കായി പി.കെ.ശശി ഒരാഴ്ച സാവകാശം തേടിയിട്ടുണ്ട്. ഏരിയ കമ്മിറ്റി യോഗത്തില്‍ പി.കെ.ശശിക്കെതിരെ വ്യക്തി വൈരാഗ്യം തീര്‍ക്കാന്‍ ചിലര്‍ ശ്രമിക്കുന്നതായി ഒരുവിഭാഗം നേതാക്കള്‍ ആരോപിച്ചു. വെറുതെ ആരോപണം ഉന്നയിച്ചിട്ട് കാര്യമില്ലെന്നും പരാതിയുണ്ടായാല്‍ നിജസ്ഥിതി അന്വേഷിക്കുന്നത് സ്വാഭാവികമാണെന്നും ജില്ലാ സെക്രട്ടറി ഇ.എന്‍.സുരേഷ് ബാബു പറഞ്ഞു. വ്യക്തിയല്ല പാര്‍ട്ടിയാണ് വലുതെന്നും ജില്ലാസെക്രട്ടറി വിമര്‍ശിച്ചു. കൂടുതല്‍ നേതാക്കളുടെ മൊഴിയെടുത്ത് അന്വേഷണ കമ്മിഷന്‍ ഒരു മാസത്തിനുള്ളില്‍ സംസ്ഥാന നേതൃത്വത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും.

Leave a Reply

Your email address will not be published. Required fields are marked *