പിവി അന്‍വര്‍ എം.എല്‍. എ യ്ക്കും സര്‍ക്കാരിനും തിരിച്ചടി

പിവി അന്‍വര്‍ എം.എല്‍.എയ്ക്കും സര്‍ക്കാരിനും തിരിച്ചടി. ഭൂപരിഷ്‌കരണ നിയമം ലംഘിച്ച് പി.വി അന്‍വറും കുടുംബവും കൈവശം വച്ചിരിക്കുന്ന മിച്ചഭൂമി തിരിച്ച് പിടിച്ച് നടപടി റിപ്പോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കാന്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ കര്‍ശന നിര്‍ദേശം. റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനായി 10 ദിവസം സമയം വേണമെന്ന സര്‍ക്കാര്‍ ആവശ്യം ഹൈകോടതി തളളി. അന്‍വറിന്റെ മിച്ച ഭൂമി തിരിച്ചു പിടിക്കണമെന്ന ഹൈക്കോടതി ഉത്തരവ് നടപ്പിലാക്കാത്തതിനെതിരെ നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജിയിലാണ് നടപടി.

പി.വി അന്‍വറും കുടുംബവും ഭൂപരിഷ്‌കരണ നിയമം ലംഘിച്ച് കൈവശം വച്ചിരിക്കുന്ന മിച്ചഭൂമി തിരിച്ച് പിടിക്കാത്തതില്‍ ഹൈക്കോടതി സര്‍ക്കാരിനോട് വിശദീകരണം തേടിയിരുന്നു. ഇതുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ ഹര്‍ജി പരിഗണിക്കുമ്പോഴാണ് അന്‍വറിന്റെ മിച്ച ഭൂമി തിരിച്ച് പിടിച്ച് നടപടി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ 10 ദിവസം കൂടി സാവകാശം വേണമെന്ന ആവശ്യം സര്‍ക്കാര്‍ മുന്നോട്ടു വെക്കുന്നത്. സര്‍ക്കാരിന്റെ ഈ ആവശ്യം ഹൈക്കോടതി തള്ളി. മിച്ചഭൂമി തിരിച്ച് പിടിച്ച് ഉടന്‍ തന്നെ നടപടി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും സര്‍ക്കാരിന് ഹൈക്കോടതി കര്‍ശന നിര്‍ദേശം നല്‍കി. അടുത്ത ചൊവ്വാഴ്ച്ച സത്യവാങ്മൂലം സമര്‍പ്പിക്കുകയും വേണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു. പി.വി അന്‍വര്‍ എം.എല്‍.എയും കുടുംബവും കൈവശം വെക്കുന്ന പരിധിയില്‍ കവിഞ്ഞ ഭൂമി അഞ്ചുമാസത്തിനകം തിരിച്ചുപിടിക്കണമെന്നായിരുന്നു ഹൈക്കോടതി ഉത്തരവിട്ടത്.

കെ.വി ഷാജി സമര്‍പ്പിച്ച കോടതിയലക്ഷ്യ ഹര്‍ജിയില്‍ 2022 ജനുവരി 13നായിരുന്നു ഹൈക്കോടതി ഉത്തരവ്. എന്നാല്‍ എം.എല്‍.എയായ അന്‍വറിന്റെ രാഷ്ട്രീയ സാമ്പത്തിക സ്വാധീനം കൊണ്ട് ഹൈക്കോടതി പറഞ്ഞ സമയപരിധികഴിഞ്ഞ് ഒന്നര വര്‍ഷമാകാറായിട്ടും ഒരു നടപടിയും സ്വീകരിച്ചില്ലെന്നു പറഞ്ഞാണ് ഷാജി വീണ്ടും ഹൈക്കോടതിയെ സമീപിച്ചത്. ഹൈക്കോടതി ഉത്തരവ് നടപ്പാക്കേണ്ട 11 ലാന്റ് ബോര്‍ഡ് ചെയര്‍മാന്‍മാരെയാണ് അടിക്കടി സ്ഥലം മാറ്റിയെന്നും ഹര്‍ജിയില്‍ ആരോപിച്ചിരുന്നു. അന്‍വറിന്റെയും കുടുംബത്തിന്റെയും പക്കലുള്ള മിച്ചഭൂമി തിരിച്ചുപിടിക്കാന്‍ ഹൈക്കോടതി 2020 മാര്‍ച്ച് 20 നായിരുന്നു ആദ്യ ഉത്തരവിറക്കിയത്.
അന്‍വറിന്റെ മിച്ചഭൂമി തിരിച്ചുപിടിക്കാന്‍ രണ്ട് ഹൈക്കോടതി ഉത്തരവുണ്ടായിട്ടും സര്‍ക്കാര്‍ ഒരുനടപടിയും സ്വീകരിച്ചിട്ടില്ലെന്നാണ് കോടതിയലക്ഷ്യ ഹര്‍ജിയിലെ ആക്ഷേപം. ഇത് പരിഗണിച്ച ഹൈക്കോടതി നടപടി ഉടന്‍ സ്വീകരിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ഉത്തരവിട്ടു.

Leave a Reply

Your email address will not be published. Required fields are marked *