പിണറായി സര്‍ക്കാരിന്റെ മാധ്യമനയത്തിനെതിരെ പരസ്യവിമര്‍ശനവുമായി സിപിഐ നേതാവ് സി ദിവാകരന്‍

പിണറായി സര്‍ക്കാരിന്റെ മാധ്യമനയത്തിനെതിരെ പരസ്യവിമര്‍ശനവുമായി സിപിഐ നേതാവ് സി ദിവാകരന്‍. മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ എല്‍ഡിഎഫ് സര്‍ക്കാരിന്റെ നയം ശരിയല്ലെന്ന് സി.ദിവാകരന്‍ തുറന്നടിച്ചു. പി.വി അന്‍വര്‍ എംഎല്‍എയെ ഗുണ്ടയെന്നും അദ്ദേഹം വിശേഷിപ്പിച്ചു. മാദ്ധ്യമപ്രവര്‍ത്തകര്‍ക്കെതിരായ അതിക്രമങ്ങളില്‍ പ്രതിഷേധിച്ച് തിരുവനന്തപുരം പ്രസ് ക്ലബ് നടത്തിയ പരിപാടിയിലായിരുന്നു ദിവാകരന്റെ പരാമര്‍ശം. പല മാധ്യമപ്രവര്‍ത്തകരെയും ഭീഷണിപ്പെടുത്തുന്നുവെന്ന് സി. ദിവാകരന്‍ പറഞ്ഞു.

സത്യം വിളിച്ചുപറയുന്നവനെ കൊല്ലുകയെന്നത് ഫാസിസ്റ്റ് സമീപനമാണ്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ ന്യൂനതകള്‍ ചൂണ്ടിക്കാണിക്കാന്‍ മാദ്ധ്യമ പ്രവര്‍ത്തകര്‍ക്ക് അവകാശമുണ്ട്. അവകാശപോരാട്ടങ്ങള്‍ നടത്തുന്നവര്‍ അവസാനം തിരഞ്ഞെടുക്കുന്ന മേഖലയാണ് മാദ്ധ്യമ പ്രവര്‍ത്തനം. അല്ലാതെ മാദ്ധ്യമ പ്രവര്‍ത്തകര്‍ എവിടെ നിന്നെങ്കിലും പൊട്ടി വീണവരല്ലെന്നും ദിവാകരന്‍ അഭിപ്രായപ്പെട്ടു. മാധ്യമങ്ങള്‍ക്കുനേരെ ഉയരുന്ന ഭീഷണി കൈകാര്യം ചെയ്യാന്‍ ഇവിടുത്തെ മാധ്യമപ്രവര്‍ത്തകര്‍ക്ക് അറിയാം. തുടര്‍ന്ന് പി.വി അന്‍വര്‍ എംഎല്‍എയ്‌ക്കെതിരെയും സി ദിവാകരന്‍ തിരിഞ്ഞു. നിരന്തരം കൊലവിളി നടത്തുന്ന പി.വി. അന്‍വറിനെ ക്രിമിനലായി പ്രഖ്യാപിക്കണം. കുപ്രസിദ്ധനായ അന്‍വറിനെ അകത്താക്കാന്‍ സര്‍ക്കാരിന് മുന്നില്‍ എന്താണ് തടസമെന്നും അദ്ദേഹം ചോദിച്ചു. കേരളത്തിലെ പൊലീസിനെ കുറിച്ച് താന്‍ തല്‍ക്കാലം പറയുന്നില്ലെന്നും ദിവാകരന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *