പാലം തകര്‍ന്നാല്‍ പഞ്ചായത്ത് കടക്കില്ല

തേജസ്വിനിപ്പുഴയുടെ കോലുവളളി ഭാഗത്തു പണിത കമ്പിപ്പാലം അപകടാവസ്ഥയില്‍. മരപ്പലകകള്‍ ഇളകിയതാണ് പാലത്തിന്റെ സുരക്ഷയ്ക്ക് ഭീഷണിയായത്. രണ്ടു പഞ്ചായത്തുകളിലെ നൂറോളം കുടുംബങ്ങള്‍ ആശ്രയിക്കുന്ന പാലമാണിത്. മരപ്പലകകള്‍ ഇളകിയതിനൊപ്പം കാലപ്പഴക്കം മൂലം ദ്രവിക്കുന്നതും പാലത്തിന്റെ നിലനില്‍പ്പ് കൂടുതല്‍ അപകടത്തിലാക്കുന്നു.

കണ്ണൂര്‍ -കാസര്‍കോട് ജില്ലകളിലെ ചെറുപുഴ, ഈസ്റ്റ് എളേരി പഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിക്കുന്നത് ഈ പാലമാണ്. പാലം വഴി കോലുവള്ളിയില്‍ നിന്ന് മുനയം കുന്നിലെത്താനുള്ള എളുപ്പത്തിലെത്താം. സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികളടക്കം ഈ പാലത്തെ ആശ്രയിക്കുന്നു. പാലം തകര്‍ന്നാല്‍ പ്രദേശവാസികള്‍ക്ക് കോലുവള്ളി, മുനയം കുന്ന് ഭാഗങ്ങളിലേക്ക് കിലോ മീറ്ററുകള്‍ സഞ്ചരിക്കണം. ഒപ്പം രോഗികളെയും പ്രായമായവരെയും ആശുപത്രിയില്‍ വേഗത്തിലെത്തിക്കാനുമാവില്ല. തുടര്‍ന്നാണ് 2018 മുതല്‍ കോലുവള്ളിയില്‍ റെഗുലേറ്റര്‍ -കം -ബ്രിജ് നിര്‍മിക്കുന്നതിനു ശ്രമം ആരംഭിച്ചത്.

പുതിയ പാലം വന്നാല്‍ ചെറുപുഴ, ഈസ്റ്റ് എളേരി പഞ്ചായത്തുകളിലെ ജനങ്ങള്‍ക്ക് ഏറെ ഗുണം ചെയ്യും. ഇരു പഞ്ചായത്തുകളിലെ യാത്രാക്ലേശം അവസാനിക്കുന്നതിനൊപ്പം മലയോര മേഖലയിലെ ജലക്ഷാമത്തിനും പരിഹാരമാകും. അപകട ഭീഷണി ഉയര്‍ത്തുന്ന പാലത്തിലൂടെ സ്ത്രീകളും കുട്ടികളും ഏറെ ഭയന്നാണു കടന്നുപോകുന്നത്. ചെറുപുഴ ഗ്രാമ പഞ്ചായത്തത്തിന്റെ 2023-24 വാര്‍ഷിക പദ്ധതിയില്‍ അറ്റകുറ്റ പണിക്കായി രണ്ട് ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. എന്നാല്‍ പണികള്‍ ഇതുവരെയായും ആരംഭിച്ചിട്ടില്ല. ടെന്‍ണ്ടര്‍ നടപടികള്‍ പൂര്‍ത്തിയാകാത്തതാണ് കാരണം. മഴ കനക്കും മുന്‍പ് അറ്റകുറ്റപ്പണി നടത്തിയിലെങ്കില്‍ പാലത്തിലൂടെയുള്ള യാത്ര പൂര്‍ണ്ണമായും നിലയ്ക്കും. എത്രയും പെട്ടന്ന് പാലത്തിന്റെ അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *