പാട്ടെഴുത്തിന്റെ യാത്രയിൽ മൂന്ന് പതിറ്റാണ്ട് പിന്നിട്ട് രാജീവ് ആലുങ്കൽ

മലയാളികളുടെ മനസ്സിൽ പ്രണയമഴ പെയ്യിച്ച വരികളിലൂടെ തലമുറകൾക്ക് ആനന്ദാനുഭൂതികൾ പകർന്ന രാജീവ് ആലുങ്കൽ പാട്ടെഴുത്തിന്റെ യാത്രയിൽ മൂന്ന് പതിറ്റാണ്ട് താണ്ടുന്നു.പ്രണയവും തത്വചിന്തകളും ആവോളം നിറഞ്ഞ ആ വരികളിലൂടെ മധുവും വിധുവും വിരഹവുമെല്ലാം പെയ്തിറങ്ങി .

പതിനാലാം വയസിൽ രാജീവിന്റ ആദ്യ കവിത എൻ എസ് എസ്സിന്റെ മുഖപത്രമായ സർവീസസിൽ പ്രസിദ്ധീകരിച്ചു. 19-ാം വയസ്സിൽ ചേർത്തല ഷൈലജാ തീയറ്റേഴ്സിൻ്റെ മാന്ത്രികക്കരടി എന്ന നാടകത്തിലൂടെ ഗാനരചനാ രംഗത്തേക്ക്. തുടർന്ന് രാജൻ പി. ദേവിന്റെ ജൂബിലി, വൈക്കം മാളവിക, കൊല്ലം ചൈതന്യ, കാളിദാസ കലാകേന്ദ്രം, തുടങ്ങിയ ട്രൂപ്പുകളുടെ നാടകങ്ങൾക്കായി നിരവധി ഗാനങ്ങൾ രചിച്ച് ഒന്നാം നിരയിലെത്തി.

ജോണി സാഗരിഗയുടെ ‘അത്തം’ എന്ന ഓണക്കാസറ്റിന് വേണ്ടി എഴുതിയ ഗാനങ്ങൾ രാജീവ് ആലുങ്കലിന്റെ പാട്ടെഴുത്തിന് പുതിയ വഴികൾ തെളിച്ചു നൽകി.ഗ്രാമദേവതയായ കണ്ടമംഗലത്തമ്മയുടെ ഭക്തിഗാനങ്ങൾ അനുഗ്രഹവർഷം പോലെ ആസർഗ്ഗ യാത്രയുടെ വേഗത കൂട്ടി. മലയാളികൾ ഏറെനാൾ ഹൃദയത്തിലേറ്റിയ ഗാനങ്ങൾ വൻ ഹിറ്റായി. തുടർന്ന് യേശുദാസിൻ്റെ തരംഗിണി ഉൾപ്പടെ എല്ലാ പ്രമുഖ സംഗീത കമ്പനികൾക്കായും ഗാനങ്ങൾ രചിച്ചു. ഇതോടെ ജോണി സാഗരിഗ നിർമ്മിച്ച മോഹലാൽ നായകനായ ഹരിഹരൻപിള്ള ഹാപ്പിയാണ് എന്ന ചിത്രത്തിന് ഗാനങ്ങൾ രചിക്കുവാനുള്ള അവസരവും രാജീവിനെ തേടിയെത്തി . പിന്നീട് മലയാളികളുടെ ഹൃദയത്തെ ഏറെ സ്വാധീനിച്ച ഒട്ടേറെ പാട്ടുകൾ രാജീവ് ആലുങ്കലിന്റെ കയ്യൊപ്പിൽ പിറന്നു.

വെട്ടം , അറബീം ഒട്ടകവും പി മാധവൻ നായരും, റോമൻസ്, മല്ലുസിംഗ്, സൗണ്ട് തോമ, ചട്ടക്കാരി, കനക സിംഹാസനം, ഹാപ്പി വെഡിംഗ്, കുട്ടനാടൻ മാർപാപ്പ, തുടങ്ങിയ ചിത്രങ്ങളിലെ പാട്ടുകൾ ഏറെ ശ്രദ്ധിക്കപ്പെട്ടു. ചേർത്തല കടക്കരപ്പള്ളി കണ്ടനാട്ടുവീട്ടിൽ എസ് മാധവൻനായരുടെയും ആർ ഇന്ദിരയുടെയും മകനായി 1973 ഓഗസ്റ്റ് 17നാണ് ജനനം. 2012ൽ സമഗ്രസംഭാവനയ്ക്കുള്ള കേരള സംഗീതനാടക അക്കാദമി അവാർഡ്, മികച്ച നാടക ഗാനരചയിതാവിനുള്ള സംസ്ഥാന അവാർഡ്, ഫിലിംക്രിട്ടിക്സ് അവാർഡ് (മൂന്നു പ്രാവശ്യം ) ആശാൻ – ഭാരതി ദേശീയ സാഹിത്യ പുരസ്കാരം തുടങ്ങി നിരവധി പുരസ്കാരങ്ങൾ അദ്ദേഹത്തിനു ലഭിച്ചു. കേരള സർക്കാർ നിയന്ത്രണത്തിലുള്ള പല്ലന കുമാരാനാശാൻ സ്മാരകത്തിന്റെ ചെയർമാനായും പ്രവർത്തിച്ചു .

1993 ൽ പ്രൊഫഷണൽ നാടകത്തിലൂടെ ആരംഭിച്ച രാജീവ്‌ ആലുങ്കലിന്റെ ഗാനരചനാ യാത്ര ആ തലമുറയിൽ മറ്റാർക്കും അവകാശപ്പെടാനാകാത്ത വിധം വിപുലവും വിസ്മയകരവുമാണ്. ആൽബം, നാടകം, സിനിമ രംഗങ്ങളിലൂടെ 4200 ഗാനങ്ങൾ രചിച്ചു . ഇതിലൂടെ 2021ൽ യു ആർ എഫ് നാഷണൽ റെക്കോർഡും അദ്ദേഹത്തെ തേടിയെത്തി. മൂന്നു തലമുറകളിലെ മഹാപ്രതിഭകളൊത്ത് സഹകരിച്ച രാജീവ് രചനയോടൊപ്പം ഈണവും ചെയ്ത ഒട്ടേറെ പാട്ടുകളുണ്ട്. 30 ന് റിലീസായ “നല്ല സമയം ” എന്ന ചിത്രം രാജീവ്‌ പാട്ടെഴുതിയ 135 മത്തെ ചിത്രമാണ്. നിലവിളിത്തെയ്യം, ഏകാകികളുടെ ഗീതം, വേരുകളുടെ വേദാന്തം, പല്ലൊട്ടി മിഠായി, കനൽപ്പെണ്ണ് എന്നിവയാണ് പ്രസിദ്ധീകരിക്കപ്പെട്ട കവിത സമാഹാരങ്ങൾ. “എന്റെ പ്രിയഗീതങ്ങൾ” എന്ന പേരിൽ തിരഞ്ഞെടുത്ത 1001 ഗാനങ്ങളുടെ സമാഹരവുമുണ്ട്.

അൻപതു വയസ്സിനു താഴെ മൂന്നു പതിറ്റാണ്ട് സർഗ്ഗ സപര്യയുള്ള മലയാളത്തിലെ എക ഗാന രചയിതാവായ രാജീവ് ആലുങ്കലിനെ ചെന്നൈ മാർകഴി മഹോത്സവത്തിൽ 2023 ജനുവരി എട്ടിന് ആദരിക്കും. ചീഫ് സെക്രട്ടറി ഡോ : വി പി ജോയ് , ഉദ്‌ഘാടനം ചെയ്യും. സംവിധായകൻ ഹരിഹരൻ ഉപഹാരം സമർപ്പിക്കും. ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്, കൈതപ്രം, വി.മധുസൂദനൻ നായർ, കെ.എസ്സ് ചിത്ര, സുജാത, ഉണ്ണി മേനോൻ, വൈരമുത്തു, ഗംഗൈ അമരൻ തുടങ്ങിയവർ ആശംസകൾ നേരും.

Leave a Reply

Your email address will not be published. Required fields are marked *