പല തവണ മൊഴി മാറ്റി, ഒടുവിൽ ​ഗ്രീഷ്മ കുടുങ്ങി

    പാറശാല ഷാരോൺ കൊലപാതകത്തിൽ ​ഗ്രീഷ്മയെ കുടുക്കിയത് ക്രൈംബ്രാഞ്ചിന്റെ പഴുതടച്ചുള്ള അന്വേഷണം. ഷാരോണിന്റേത് കൊലപാതകമാണെന്ന ആരോപണത്തിൽ കുടുംബം ഉറച്ച് നിന്നതും ശാസ്ത്രീയ തെളിവുകളും കേസിൽ നിർണായകമായി.

പാറശാല ഷാരോൺ കൊലപാതകത്തിൽ ​ഗ്രീഷ്മയെ കുടുക്കിയത് ക്രൈംബ്രാഞ്ചിന്റെ പഴുതടച്ചുള്ള അന്വേഷണം. ഷാരോണിന്റേത് കൊലപാതകമാണെന്ന ആരോപണത്തിൽ കുടുംബം ഉറച്ച് നിന്നതും ശാസ്ത്രീയ തെളിവുകളും കേസിൽ നിർണായകമായി. ഇരുവരുടെയും ബന്ധത്തെക്കുറിച്ച് അറിവുണ്ടായിരുന്ന യുവാവുമായി ഷാരോണിന്റെ മരണ ശേഷം ​ഗ്രീഷ്മ നടത്തിയ സംഭാഷണങ്ങളും മരിക്കുന്നതിനു മുമ്പ് ഷാരോണുമായി ​നടത്തിയ ചാറ്റുകളും വഴിത്തിരിവായി. ​കാമുകിയുടെ വീട്ടിലെത്തിയ യുവാവ് കഷായം കുടിക്കാൻ കാരണമെന്തെന്നായിരുന്നു പൊലീസിന്റെ പ്രധാന സംശയം. കഷായത്തിന്റെ കയ്പ് മനസിലാക്കിക്കൊടുക്കാനാണ് ഷാരോണിന് കഷായം നൽകിയതെന്ന് പറഞ്ഞ ​ഗ്രീഷ്മ കഷായത്തിന്റെ പേര് ഓർമയില്ലെന്നും ലേബൽ ഇളക്കിക്കളഞ്ഞെന്നും ഉൾപ്പെടെ പല തവണ മൊഴി മാറ്റി. ഷാരോണിനു കൊടുത്തതോടെ കഷായം തീർന്നെന്നു പറഞ്ഞതും സംശയം ഇരട്ടിപ്പിച്ചു. വീട്ടിലെത്തിയ ഓട്ടോ ഡ്രൈവർക്കും ജൂസ് നൽകിയതായും കുടിച്ചശേഷം ഡ്രൈവർക്കും ഛർദിലുണ്ടായതായും ​ഗ്രീഷ്മ പറഞ്ഞെങ്കിലും അന്വേഷണത്തിൽ കളവാണെന്ന് തെളിഞ്ഞു. സഹോദരിയുടെ സുഹൃത്തായ ഡോക്ടറാണ് കഷായം എഴുതി നൽകിയതെന്ന് ​ഗ്രീഷ്മ പറഞ്ഞെങ്കിലും താൻ ഒന്നര വർഷം മുൻപ് പാറശാലയിൽ നിന്ന് സ്ഥലം മാറിപ്പോയതാണെന്ന് ഡോക്ടർ വെളിപ്പെടുത്തി. ഗ്രീഷ്മയുടെ ഒപ്പം ഷാരോൺ ഉണ്ടായിരുന്ന സമയങ്ങളിലെല്ലാം ഷാരോൺ ജ്യൂസ് കുടിക്കുകയും ഛർദ്ദിക്കുകയും ചെയ്തത് ​ഗ്രീഷ്മയ്ക്കു മേലുള്ള സംശയത്തിന് ആക്കം കൂട്ടി. വിഷം നൽകുന്നതുമായി ബന്ധപ്പെട്ട് ഇന്റർനെറ്റിൽ തിരഞ്ഞതിന്റെ വിശദാംശങ്ങൾ പോലീസ് കണ്ടെടുത്തതോടെ ​ഗ്രീഷ്മയ്ക്ക് മേലുള്ള കുരുക്ക് മുറുകുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *