പഞ്ചനക്ഷത്ര തിളക്കത്തിൽ കേരളം

ഇന്ത്യയിൽ ഏറ്റവും കൂടുതൽ പഞ്ചനക്ഷത്ര ഹോട്ടലുകൾ കേരളത്തിൽ.46 ഫൈവ് സ്റ്റാർ ഹോട്ടലുകളുമായി കേരളം മഹാരാഷ്ട്രയെ പിന്തള്ളി. മുംബൈ, പുണെ എന്നീ വൻ നഗരങ്ങളുണ്ടായിട്ടും മഹാരാഷ്ട്രയിൽ 40 ഫൈവ് സ്റ്റാർ ഹോട്ടലുകളാണുള്ളത്. ഡൽഹിയിൽ 30. ഗോവയിൽ 28. രാജ്യത്താകെ 352 പഞ്ചനക്ഷത്ര ഹോട്ടലുകൾ.

മദ്യനയവുമായി ബന്ധപ്പെട്ടാണ് കേരളത്തിൽ ഫൈവ് സ്റ്റാർ ഹോട്ടലുകൾ കൂടിയത്. നിലവാരമില്ലെന്ന പേരിൽ 731 ബാറുകളിൽ 418 ബാറുകൾക്ക് ലൈസൻസ് പുതുക്കി നൽകേണ്ടെന്ന് 2014 ഏപ്രിൽ മാസത്തിലെ സർക്കാർ ഉത്തരവിനെ തുടർന്നാണ് ബാർ വ്യവസായത്തിന്റെ നിലനിൽപ്പിന് ഹോട്ടലും അപ്ഗ്രേഡ് ചെയ്യണമെന്ന സ്ഥിതിയിലേക്ക് കാര്യങ്ങൾ നീങ്ങിയത്. നീണ്ട നിയമയുദ്ധങ്ങൾക്കും ബാർകോഴ ആരോപണങ്ങൾക്കും വഴിതെളിച്ച വിവാദങ്ങൾക്കൊടുവിൽ 2015 മാർച്ചിൽ പഞ്ചനക്ഷത്രത്തിനു താഴെ ബാർ ലൈസൻസ് നൽകേണ്ടതില്ലെന്ന സർക്കാരിന്റെ മദ്യനയം ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ശരിവച്ചിരുന്നു.തുടർന്നാണ് ഫൈവ് സ്റ്റാർ ബിസിനസ് തളിർത്തത്.ഇപ്പോൾ 3 സ്റ്റാർ ഹോട്ടലുകൾക്കും ബാർ ലൈസൻസ് അനുവദിക്കുന്നുണ്ട്.

അറുപതുകളുടെ അവസാനഘട്ടത്തിൽ രാജ്യത്തെ ആദ്യ സംയോജിത ബീച്ച് റിസോർട്ട് എന്ന നിലയിലാണു കേന്ദ്രസർക്കാർ കോവളം ബീച്ച് റിസോർട്ട് പദ്ധതി ആവിഷ്കരിക്കുന്നത്. 1969ൽ തിരുവിതാംകൂർ രാജകുടുംബം നിർമിച്ച ഹാൽസിയൻ കൊട്ടാരവും ചുറ്റുമുള്ള 48 ഏക്കർ ഭൂമിയും ഏറ്റെടുത്തായിരുന്നു തുടക്കം. വിഖ്യാത ആർക്കിടെക്ടായ ചാൾസ് കൊറേയയുടെ കാർമികത്വത്തിൽ 3 വർഷത്തിനുള്ളിൽ പദ്ധതിയുടെ ആദ്യഘട്ടം പൂർത്തിയായി. കൊച്ചി രാജ്യാന്തര വിമാനത്താവള പരിസരത്ത് സിയാൽ നിർമിച്ച ഹോട്ടലാവും സംസ്ഥാനത്തെ പഞ്ചനക്ഷത്ര ഹോട്ടൽ ശൃംഖലയിലെ ഏറ്റവും പുതിയ കണ്ണി. ഇന്ത്യൻ ഹോട്ടൽസ് കമ്പനി ലിമിറ്റഡ് ഈ ഹോട്ടലിന്റെ മേൽനോട്ടം ഏറ്റെടുത്തതോടെ താജ് സിയാൽ എന്നു പേരുള്ള ഈ സംരംഭം അടുത്ത വർഷം മധ്യത്തോടെ പ്രവർത്തനം ആരംഭിച്ചേക്കും.

Leave a Reply

Your email address will not be published. Required fields are marked *