നെഹ്‌റുവിന്റെ കാലത്തെ ഇന്ത്യയല്ല’: രാഹുലിന്റെ ചൈന യുദ്ധ പരാമർശത്തിന് ബിജെപി മറുപടി

ന്യൂഡൽഹി: ചൈനയിൽനിന്നുള്ള യുദ്ധ ഭീഷണി ഇന്ത്യ അവഗണിക്കുകയാണെന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ പ്രസ്താവനയ്‌ക്കെതിരെ അതിരൂക്ഷ വിമർശനവുമായി ബിജെപി രംഗത്ത്. രാഹുലിന്റെ മുത്തശ്ശൻ ജവഹർലാൽ നെഹ്‌റു ഭരിച്ചിരുന്ന കാലത്തെ ഇന്ത്യ അല്ല ഇപ്പോഴുള്ളതെന്ന് ബിജെപി വക്താവ് രാജ്യവർധൻ സിങ് റാത്തോഡ് പറഞ്ഞു.

ചൈന ഇന്ത്യയുമായി യുദ്ധത്തിനു തയാറെടുക്കുകയാണെന്നും ഇന്ത്യൻ സർക്കാർ ഭീഷണി അവഗണിച്ച് ഉറങ്ങുകയാണെന്നും ഭാരത് ജോഡോ യാത്രയ്ക്കിടെ രാഹുൽ ഗാന്ധി പ്രസ്താവന നടത്തിയതാണ് ബിജെപിയെ ചൊടിപ്പിച്ചത്. ചൈന വെറും കടന്നുകയറ്റത്തിനുള്ള തയാറെടുപ്പല്ല നടത്തുന്നതെന്നും പൂർണമായ യുദ്ധത്തിനു വേണ്ടിയാണെന്നും രാഹുൽ പറഞ്ഞിരുന്നു.

ഇന്ത്യയുടെ സുരക്ഷയെക്കുറിച്ചും അതിർത്തികളെക്കുറിച്ചും രാഹുൽ ഗാന്ധി നടത്തിയ പ്രസ്താവന രാജ്യത്തെ ജനങ്ങൾക്കിടയിൽ ആശയക്കുഴപ്പം സൃഷ്ടിക്കാനും സൈനികരുടെ ആത്മവീര്യം കെടുത്താനും ഉദ്ദേശിച്ചാണെന്ന് രാജ്‌വർധൻ സിങ് റാത്തോഡ് കുറ്റപ്പെടുത്തി. ‘‘ചൈനയുമായി അടുപ്പമുണ്ടെന്നാണ് രാഹുൽ കരുതുന്നത്. ചൈന എന്തു ചെയ്യുമെന്ന് അറിയാവുന്ന തരത്തിലാണ് ആ അടുപ്പം. എന്നാൽ അദ്ദേഹത്തിന്റെ മുത്തശ്ശൻ ജവഹർലാൽ നെഹ്‌റു ഉറക്കത്തിലായിരുന്നപ്പോൾ 37,242 ചതുരശ്ര കിലോമീറ്റർ ഇന്ത്യൻ ഭാഗം ചൈന പിടിച്ചെടുത്ത കാലത്തെ ഇന്ത്യ അല്ല ഇപ്പോഴുള്ളത്’’- 1962ലെ ഇന്ത്യ-ചൈന യുദ്ധം ഓർമിപ്പിച്ച് റാത്തോഡ് പറഞ്ഞു.

രാഹുൽ ഗാന്ധി സ്വന്തം പുനരവതരണത്തിനു വേണ്ടി രാജ്യസുരക്ഷയെക്കുറിച്ച് നിരുത്തരവാദപരമായ പരാമർശം നടത്തരുതെന്നും റാത്തോഡ് പറഞ്ഞു. സോണിയാ ഗാന്ധിയുടെ നേതൃത്വത്തിലുള്ള രാജീവ് ഗാന്ധി ഫൗണ്ടേഷൻ ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയിൽ നിന്ന് പണം പറ്റിയിരുന്നുവെന്നും അവരുമായി കരാർ ഒപ്പിട്ടിരുന്നുവെന്നും മുൻ കേന്ദ്രമന്ത്രി കൂടിയായ രാജ്‌വർധൻ സിങ് റാത്തോഡ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *