നരേന്ദ്രമോദിക്ക് ഓണക്കോടി രൂപകൽപന ചെയ്തത് കോട്ടയം സ്വദേശിനി അഞ്ജു ജോസ്

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കേരളം നൽകുന്ന ഓണക്കോടി രൂപകൽപന ചെയ്തത് കോട്ടയം പാല രാമപുരം മേതിരി സ്വദേശിനി അഞ്ജു ജോസ്. കണ്ണൂർ മേലെ ചൊവ്വ ലോക്നാഥ് സഹകരണ നെയ്തു സംഘമാണ് ഓണക്കോടി നെയ്തെടുക്കുന്നത്. കൈത്തറിയിൽ തുന്നുന്ന കുർത്തയാണ് പ്രധാനമന്ത്രിക്കു സമ്മാനിക്കുന്നത്.

പാലക്കാട് കൊടുമ്പ് കൈത്തറി ക്ലസ്റ്ററിലെ ഡിസൈനറാണ് അ‍ഞ്ജു. കുർത്ത തുന്നുന്നതിനുള്ള തുണിയുടെ നിറവും പാറ്റേണുമാണ് അഞ്ജു രൂപകൽപന ചെയ്തത്. ഇളം പച്ച, വെള്ള, റോസ്, ചന്ദന നിറം എന്നിവയോടൊപ്പം ഇളം തളിരിലയുടെ നിറം കൂടി ഒത്തുചേർന്നു കുത്തനെ വരയോടു കൂടിയതാണ് കുർത്ത. ഹാൻടെക്സിന്റെ തിരുവനന്തപുരത്തെ തുന്നൽ കേന്ദ്രത്തിലാണ് കുർത്ത തയ്ക്കുന്നത്. ഹാൻഡ്‌ലൂം ആൻഡ് ടെക്സ്റ്റൈൽസ് ഡയറക്ടർ കെ.എസ്. അനിൽ കുമാറിന്റെ നിർദേശപ്രകാരം ലോക്നാഥ് വീവേഴ്സ് സെക്രട്ടറി പി.വിനോദ് കുമാർ നെയ്തെടുക്കുന്നതിനുള്ള ദൗത്യം ഏറ്റെടുക്കുകയായിരുന്നു. പ്രധാനമന്ത്രിക്കും മറ്റു പ്രമുഖർക്കും കേരളം ഔദ്യോഗികമായി സമ്മാനിക്കുന്നതിനുള്ള കുർത്തയുടെ തുണി കണ്ണൂരിലെ സഹകരണ സംഘത്തിലാണ് നെയ്തെടുക്കുന്നത്.

രാമപുരം മേതിരി ഇടത്തട്ടാംകുന്നേൽ ജോസ് തോമസിന്റെയും ആൻസി ജോസിന്റെയും മകളാണ് അഞ്ജു. കണ്ണൂർ ധർമശാല നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജിയിലാണ് പഠിച്ചത്. ലോക്നാഥ് സഹകരണ നെയ്തു സംഘത്തിനു ഉൾപ്പെടെ വിവിധ സ്ഥാപനങ്ങൾക്ക് ഡിസൈൻ ചെയ്തു നൽകുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *