നയപ്രഖ്യാപനം ഇന്ന്; നിയമസഭ ചേരുന്നത് 33 ദിവസം

തിരുവനന്തപുരം: പതിനഞ്ചാം നിയമസഭയുടെ എട്ടാംസമ്മേളനം ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നയപ്രഖ്യാപനത്തോടെ തിങ്കളാഴ്ച തുടങ്ങും. രാവിലെ ഒൻപതിനാണ് നയപ്രഖ്യാപനം. പ്രസംഗം ഗവർണർ അംഗീകരിച്ചു. ബജറ്റ് സമ്മേളനമാണ് ഇത്തവണ നടക്കുന്നത്. 33 ദിവസമാണ് സമ്മേളനമെന്ന് സ്പീക്കർ എ.എൻ. ഷംസീർ പറഞ്ഞു.

ഫെബ്രുവരി മൂന്നിനാണ് ബജറ്റ്. ആറുമുതൽ എട്ടുവരെ ബജറ്റിന്മേലുള്ള പൊതുചർച്ച നടക്കും. പിന്നീടുള്ള 14 ദിവസം വിവിധ സബ്ജക്ട് കമ്മിറ്റികൾ ധനാഭ്യർഥനകളിൽ സൂക്ഷ്മപരിശോധന നടത്തും.

ഫെബ്രുവരി 28 മുതൽ മാർച്ച് 22 വരെ 2023-24 വർഷത്തെ ധനാഭ്യർഥനകൾ ചർച്ചചെയ്ത് പാസാക്കുന്നതിനായി സമ്മേളനം നീക്കിവെച്ചിട്ടുണ്ട്. ബജറ്റിനെക്കുറിച്ചുള്ള രണ്ട് ധനവിനിയോഗബില്ലുകൾ ഈ സമ്മേളനത്തിൽ പാസാക്കേണ്ടതുണ്ട്. മാർച്ച് 30-നാണ് നിയമസഭ സമ്മേളനം അവസാനിക്കുന്നത്.

തിങ്കളാഴ്ച ഗവർണറുടെ നയപ്രഖ്യാപനം കഴിഞ്ഞാൽ ബുധനാഴ്ച ഒരുദിവസം മാത്രമാണ് ജനുവരിയിൽ സഭയുണ്ടാകുക. ബാക്കിദിവസം അവധിയായിരിക്കും. ഫെബ്രുവരി ഒന്നിന് വീണ്ടും തുടങ്ങുന്ന സമ്മേളനം പത്തിന് വീണ്ടും അവധിയിലേക്ക് കടക്കും. പിന്നീട് ഫെബ്രുവരി 27-ന് തുടങ്ങി മാർച്ച് 30-ന് അവസാനിക്കും.

നിയമസഭാ പുസ്തകോത്സവം തുടർന്നും നടത്തും

നിയമസഭാ ലൈബ്രറിയുടെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി തുടങ്ങിയ അന്താരാഷ്ട്ര പുസ്തകോത്സവം വരുംവർഷങ്ങളിലും നടത്തുമെന്ന് സ്പീക്കർ എൻ.എൻ. ഷംസീർ പറഞ്ഞു. ഇത്തവണത്തെ പുസ്തകോത്സവം മികച്ച വിജയമായിരുന്നു. സംസ്ഥാനത്ത് ഏറ്റവുംകൂടുതൽ പുസ്തകം വിറ്റുപോയ മേളകൂടിയാണ് നടന്നതെന്നും അദ്ദേഹം പറഞ്ഞു. രണ്ടാംപതിപ്പ് 2024 ജനുവരി എട്ടുമതൽ 14 വരെ നടക്കുമെന്നും സ്പീക്കർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *