ത്രിപുര നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യ മണിക്കൂറുകളില്‍ മികച്ച പോളിങെന്ന് വിലയിരുത്തല്‍

അ​ഗർത്തല: ത്രിപുര നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യ മണിക്കൂറുകളില്‍ മികച്ച പോളിങെന്ന് വിലയിരുത്തല്‍. രാവിലെ ഒന്‍പത് മണിവരെ 13.23 ശതമാനം പോളിങ് രേഖപ്പെടുത്തി. അതേസമയം, വോട്ടെടുപ്പിനിടെ അങ്ങിങ്ങായി സംഘര്‍ഷമുണ്ടായെന്ന് പരാതി ഉയര്‍ന്നു.

ധന്‍പുരില്‍ സി.പി.എം പ്രവര്‍ത്തകനെ ബിജെപിക്കാര്‍ മര്‍ദിച്ചുവെന്നാണ് പരാതി. ബൂത്തുകള്‍ പിടിച്ചെടുക്കാനും വോട്ടര്‍മാരെ ഭീഷണിപ്പെടുത്താനും ശ്രമം നടക്കുന്നതായി തിപ്ര മോത നേതാവ് പ്രദ്യോത് മാണിക്യ ദേബ് ബര്‍മന്‍ ആരോപിച്ചു. ശാന്തിർ ബസാറിൽ ബി.ജെ.പി പ്രവർത്തകർ കോൺഗ്രസ് പ്രവർത്തകനെ മർദിച്ചു. പൊലീസ് കാഴ്ചക്കാരായി നിൽക്കുകയാണെന്ന് കോൺഗ്രസ് ആരോപിച്ചു.

ബിജെപിക്ക് അധികാരത്തുടര്‍ച്ച ലഭിക്കുമെന്ന് മുഖ്യമന്ത്രി മണിക് സാഹ വോട്ടുചെയ്തശേഷം പ്രതികരിച്ചു. വന്‍ പങ്കാളത്തത്തോടെ വോട്ടുചെയ്ത് ജനാധിപത്യത്തിന്‍റെ ഉല്‍സവം കരുത്തുറ്റതാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്തു. വികസനോന്മുഖ സര്‍ക്കാരിന് വോട്ടുചെയ്യാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. ശക്തമായ ത്രികോണമല്‍സരം നടക്കുന്ന ത്രിപുരയില്‍ ഭരണകക്ഷിയായ ബിജെപിയെ സിപിഎമ്മും കോണ്‍ഗ്രസും കൈകോര്‍ത്താണ് നേരിടുന്നത്. പുതിയ ഗോത്ര പാര്‍ട്ടിയായ തിപ്ര മോത നിയമസഭാ തിരഞ്ഞെടുപ്പ് പോരാട്ടം പ്രവചനാതീതമാക്കുന്നു. രാഷ്ട്രീയ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് കനത്ത കാവല്‍ ഒരുക്കിയിട്ടുണ്ട്. മാര്‍ച്ച് 2നാണ് വോട്ടെണ്ണല്‍.

Leave a Reply

Your email address will not be published. Required fields are marked *