തൃശ്ശൂരില്‍ മിന്നല്‍ചുഴലി; വ്യാപക നാശനഷ്ടം

തൃശൂരില്‍ ചാലക്കുടിയിലും ഇരിങ്ങാലക്കുടയിലെ ആളൂരിലും മിന്നല്‍ ചുഴലിയില്‍ വന്‍ നാശനഷ്ടം. കൂടപ്പുഴയില്‍ ഇരുപത്തിയഞ്ച് ലക്ഷത്തിലധികം രൂപയുടെ നഷ്ടമുണ്ടായി.ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. രാവിലെ പത്തരയോടെ വീശിയ ചുഴലി അഞ്ച് മിനിറ്റോളം സംഹാരതാണ്ഡവമാടി.ഉഗ്ര ശബ്ദത്തോടെയായിരുന്നു കാറ്റിന്റെ വരവെന്ന് ദൃക്ഷസാക്ഷികള്‍ പറയുന്നു.ചാലക്കുടി കൂടപ്പുഴ,ഇടുകൂട് പാലം, മേലൂര്‍ പഞ്ചായത്തിലെ പൂലാനി,മുരിങ്ങൂര്‍ സാന്‍ജോ നഗര്‍,നടതുരുത്ത് ഭാഗത്താണ് വന്‍ നാശം.

കുറ്റിച്ചിറ പുളിങ്കര സ്വദേശി ലോനയുടെ മൂന്നര ഏക്കറോളം സ്ഥലത്തെ കുലച്ചതും വിളവെടുക്കാന്‍ പാകമായതുമായ 3,500 നേന്ത്ര വാഴകള്‍ നശിച്ചു. കവുങ്ങുകളും തെങ്ങുകളും ജാതിയും ഒടിഞ്ഞു. വായ്പയെടുത്ത് ഇറക്കിയ കൃഷി ഒരു കാറ്റോടെ വെള്ളത്തിലായെന്ന് ലോന പറയുന്നു. ഹെര്‍ന്റ്‌ലാന്റ് കണ്‍വെന്‍ഷന്‍ സെന്ററിലെ ഏകേദശം മുപ്പതിലധികം ജാതികള്‍ കടപുഴകി വീണു.നൂറ് വര്‍ഷത്തോളം പഴക്കമുള്ള ജാതിമരമാണ് കടപുഴകി വീണത്.കട്ടപ്പൊക്കം ചക്കാലക്കല്‍ ചാക്കുണ്ണിയുടെ ഓടിട്ട വീടിന്റെ മുകളിലേക്ക് സമീപത്തെ വീടിലെ മാവ് ഒടിഞ്ഞുവീണു.തലനാരിഴയ്ക്കാണ് വീട്ടിലുണ്ടായിരുന്നവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടത്.കൂടപ്പുഴ ആറാട്ടു കടവില്‍ തേക്ക് വൈദ്യുത കമ്പിയിലേക്ക് വീണ് മൂന്ന് വൈദ്യുത പോസ്റ്റുകള്‍ ഒടിഞ്ഞു. ഇടുകൂട് പാലത്തിന് സമീപം മാവ് റോഡില്‍ വീണ് പഴയ ദേശിയപാതയില്‍ ഗതാഗതം തടസ്സപ്പെട്ടു.മുരിങ്ങൂരിലും,പൂലാനിയിലും നൂറു കണക്കിന് ജാതിയും വാഴയുമാണ് കാറ്റില്‍ ഒടിഞ്ഞത്. നാശമുണ്ടായ കട്ടിപ്പൊക്കത്തും കുടപ്പുഴയും വില്ലേജ് ഓഫീസര്‍ സന്ദര്‍ശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *