തുർക്കി – സിറിയ ഭൂകമ്പം: 37,000 കടന്ന് മരണസംഖ്യ; ഒരാഴ്ചയ്ക്കു ശേഷവും അതിജീവനത്തിന്റെ അസാധാരണകഥകൾ

ഇസ്തംബുൾ: ഭൂകമ്പം നാശംവിതച്ച് ഒരാഴ്ചയ്ക്കു ശേഷവും തുർക്കിയിൽ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്ന് ഒട്ടേറെപ്പേരെ ജീവനോടെ പുറത്തെടുത്തു. ഇന്ത്യയിൽ നിന്നുള്ള എൻഡിആർഎഫ് സംഘം ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള സംഘങ്ങളാണ് തകർന്നടിഞ്ഞ കെട്ടിടങ്ങളിൽ ജീവൻ തേടിപ്പിടിക്കുന്നത്.

ദുരന്തം പാടേ തകർത്ത കർമൻമറാഷ് പട്ടണത്തിൽ തകർന്നടിഞ്ഞ മൂന്ന് നില കെട്ടിടത്തിനുള്ളിൽ ഇപ്പോഴും ജീവനോടെ അവശേഷിക്കുന്നവരെ രക്ഷപ്പെടുത്താനുള്ള കഠിനശ്രമത്തിലാണ് രക്ഷാപ്രവർത്തകർ. ഒരു വയോധികയും മകളും കൈക്കുഞ്ഞുമാണ് അവശിഷ്ടങ്ങൾക്കടിയിലുള്ളത്.

അദിയാമാൻ പട്ടണത്തിൽ ഇന്നലെ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ മിറായ് എന്ന 6 വയസ്സുകാരിയെ ജീവനോടെ പുറത്തെത്തിച്ചു. ബാലികയുടെ സഹോദരിയെ രക്ഷിക്കാനുള്ള ശ്രമം തുടരുകയാണ്. ഹതായ് പ്രവിശ്യയിൽ ഒരു 13 കാരനെയും രക്ഷിച്ചു.

പലയിടത്തും ജീവൻ രക്ഷിക്കാൻ കഴിഞ്ഞത് ആശ്വാസമായെങ്കിലും ഭക്ഷണവും വെള്ളവുമില്ലാതെ മനുഷ്യന് അതിജീവിക്കാവുന്ന സമയം കഴിയാറായതോടെ പ്രതീക്ഷകൾ അസ്തമിക്കുകയാണ്. കഴിയുന്നത്ര വേഗത്തിൽ പരമാവധി പേരെ രക്ഷപ്പെടുത്താനുള്ള കഠിനാധ്വാനത്തിലാണ് രക്ഷാപ്രവർത്തകർ. രക്ഷാപ്രവർത്തകരുടെയും ഉപകരണങ്ങളുടെയും കുറവ് മൂലം എല്ലാവരെയും രക്ഷിക്കാൻ കഴിയാത്ത സ്ഥിതിയുമുണ്ട്.

ഇന്ത്യയുടെ എൻഡിആർഎഫ് സംഘത്തിന്റെ ഭാഗമായ ഡോഗ് സ്ക്വാഡിലെ റോമിയോ, ജൂലിയറ്റ് എന്നീ നായകൾ ജീവൻ തേടി കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കടന്നുചെന്നു നടത്തുന്ന പ്രവർത്തനം അഭിനന്ദനം നേടി. ഗസിയാൻടെപ് പട്ടണത്തിൽ ബെറെൻ എന്ന ആറു വയസ്സുകാരിയെയാണ് ഇവർ ഒടുവിൽ രക്ഷിച്ചത്. എൻഡിആർഎഫ് സംഘത്തിന്റെ പ്രവർത്തനത്തെ കേന്ദ്രമന്ത്രി അമിത് ഷാ അഭിനന്ദിച്ചു.

കൂടുതൽ മൃതദേഹങ്ങൾ കണ്ടെടുത്തതോടെ മരണസംഖ്യ 37,000 കടന്നു. തുർക്കിയിൽ 31,700 മരണവും സിറിയയിൽ 5,700 മരണവുമാണ് സ്ഥിരീകരിച്ചത്. തുർക്കിയിലും സിറിയയിലുമായി 8.7 ലക്ഷം പേർ പട്ടിണിയിലാണെന്ന് ഐക്യരാഷ്ട്ര സംഘടന അറിയിച്ചു. ഭൂകമ്പം 2.6 കോടി ജനങ്ങളെ ബാധിച്ചതായി ലോകാരോഗ്യസംഘടന അറിയിച്ചു.

തുർക്കി ഭൂകമ്പത്തിൽ മരിച്ച ഉത്തരാഖണ്ഡ് സ്വദേശി വിജയകുമാർ ഗൗഡിന്റെ മൃതദേഹം ഡൽഹിയിലെത്തിച്ചു. ബന്ധുക്കൾ ഏറ്റുവാങ്ങിയ മൃതദേഹം പുരി ജില്ലയിലെ കോട്ദ്വാറിൽ സംസ്കരിച്ചു. ബെംഗളൂരു കമ്പനിയിലെ ജീവനക്കാരനായിരുന്ന വിജയകുമാറിനെ കമ്പനിയാണ് തുർക്കിയിലേക്ക് അയച്ചത്.

Tag

Leave a Reply

Your email address will not be published. Required fields are marked *