തിരിച്ചടി നേരിട്ട ത്രിപുരയിലെ ജനവിധി പരിശോധിച്ച് വോട്ടുചോര്‍ച്ച വിലയിരുത്താന്‍ സി.പി.എമ്മും കോണ്‍ഗ്രസും

ന്യൂഡൽഹി: തിരിച്ചടി നേരിട്ട ത്രിപുരയിലെ ജനവിധി പരിശോധിച്ച് വോട്ടുചോര്‍ച്ച വിലയിരുത്താന്‍ സി.പി.എമ്മും കോണ്‍ഗ്രസും. ഇരുപാര്‍ട്ടികളും തിരഞ്ഞെടുപ്പുഫലം വെവ്വേറെ പരിശോധിക്കുന്നുണ്ട്. മറ്റ് ഇടതുപാര്‍ട്ടികളും സ്വന്തംനിലയില്‍ വോട്ടുചോര്‍ച്ചാവഴിയുടെ അന്വേഷണത്തിലാണ്.

കോണ്‍ഗ്രസുമായി സഹകരിക്കുമ്പോള്‍ നേട്ടമുണ്ടാകുമെന്നു പ്രതീക്ഷിച്ച ഇടതുപക്ഷത്തിന് ജനവിധി അനുകൂലമായിരുന്നില്ല. സി.പി.എമ്മിന് കഴിഞ്ഞതവണത്തെക്കാള്‍ അഞ്ചുസീറ്റ് കുറഞ്ഞു. പ്രതിപക്ഷനേതൃസ്ഥാനവും നഷ്ടപ്പെട്ടു. 2018-ല്‍ എം.എല്‍.എ.മാരില്ലാതിരുന്ന കോണ്‍ഗ്രസിന് സഹകരണത്തിന്റെ ബലത്തില്‍ മൂന്നുസീറ്റില്‍ ജയിക്കാനായി. എങ്കിലും ഇരുപാര്‍ട്ടികളും കണക്കുകൂട്ടിയതിനപ്പുറമായിപ്പോയി തോല്‍വി.

ബി.ജെ.പി. ഭരണകാലത്ത് പ്രതിപക്ഷത്തിനുനേരെയുണ്ടായ അക്രമപരമ്പര നോക്കിയാല്‍ ഇപ്പോഴത്തെ വിജയത്തിനുതന്നെ പ്രസക്തിയുണ്ടെന്നാണ് സി.പി.എം. കേന്ദ്രങ്ങളില്‍നിന്നുള്ള പ്രതികരണം. 2018-ല്‍ ബി.ജെ.പി. സഖ്യത്തിനുലഭിച്ച 44 സീറ്റിനെ അപേക്ഷിച്ച് ബി.ജെ.പി.യുടെ ഭൂരിപക്ഷം കുറഞ്ഞെന്നാണ് സി.പി.എം. പൊളിറ്റ് ബ്യൂറോ ഫലത്തെ വിലയിരുത്തിയത്. വന്‍തോതില്‍ പണമൊഴുക്കിയും ക്രമക്കേട് നടത്തിയുമാണ് ബി.ജെ.പി. ജയിച്ചതെന്നും സി.പി.എം. ആരോപിച്ചു. പാര്‍ട്ടി ശക്തമായ പോരാട്ടം കാഴ്ചവെച്ചെന്നും സി.പി.എം അവകാശപ്പെടുന്നു.നില മെച്ചപ്പെടുത്താനായതില്‍ സന്തുഷ്ടരാണെങ്കിലും പരസ്യപ്രതികരണം വേണ്ടെന്ന തീരുമാനത്തിലാണ് കോണ്‍ഗ്രസ്.

ഫലം തികച്ചും അപ്രതീക്ഷിതമായെന്ന് ഇടതുപക്ഷത്തെ മറ്റുചില കക്ഷികള്‍ പരസ്യമായല്ലെങ്കിലും സമ്മതിക്കുന്നുണ്ട്. സഖ്യംവഴി അനുകൂലസാഹചര്യമുണ്ടായിരുന്നിട്ടും ജയിക്കാനാകാത്തത് തിരിച്ചടിയാണ്. പലയിടത്തും താരതമ്യേന ചെറിയ ഭൂരിപക്ഷത്തിനാണ് ബി.ജെ.പി. സ്ഥാനാര്‍ഥികള്‍ ജയിച്ചത്. കണക്കുകളില്‍ അവകാശവാദം പറയാമെങ്കിലും സീറ്റുനേട്ടമാണ് പ്രധാനമെന്നും അവര്‍ ചൂണ്ടിക്കാണിക്കുന്നു.
പുതിയപാര്‍ട്ടിയായ തിപ്ര മോത്തയെ വിലയിരുത്തിയതില്‍ പാളിച്ചയുണ്ടായെന്ന് മുതിര്‍ന്ന ഇടതുനേതാവ് പറഞ്ഞു. ഇടതുവോട്ടുകള്‍ കോണ്‍ഗ്രസിനു ലഭിച്ചെങ്കിലും കോണ്‍ഗ്രസില്‍നിന്ന് വോട്ടുകള്‍ തിരിച്ചുകിട്ടിയില്ലെന്ന സംശയവും നേതാക്കള്‍ക്കുണ്ട്. എന്നാല്‍, പലയിടത്തും വോട്ടുകള്‍ കൂടിയിട്ടുള്ളതിനാല്‍ കോണ്‍ഗ്രസിന്റെ വോട്ട് തീരെ കിട്ടിയില്ലെന്നു പറയാനാകില്ലെന്ന അഭിപ്രായവുമുണ്ട്. സ്വന്തം കണക്കുകള്‍പ്രകാരം വോട്ടുപോയ വഴി പരിശോധിക്കാനും ആദ്യം ഇടതുവേദിയില്‍ ചര്‍ച്ചചെയ്യാനുമാണ് ആലോചിക്കുന്നത്.news desk youtalk

Leave a Reply

Your email address will not be published. Required fields are marked *