തരൂരിന്റെ മലബാര്‍ പര്യടനം; വിശാല ഐ ഗ്രൂപ്പ് രണ്ട് തട്ടില്‍

തിരുവനന്തപുരം: ശശി തരൂരിന്റെ മലബാര്‍ പര്യടനം- കോണ്‍ഗ്രസിലെ വിശാല ഐ ഗ്രൂപ്പ് രണ്ട് തട്ടില്‍. ഗ്രൂപ്പ് സമവാക്യങ്ങള്‍ ആകെ മാറിമറിയുന്നു. എ ഗ്രൂപ്പിന്റെ ഉറച്ച പിന്തുണ തരൂരിന്. ശശി തരൂര്‍ കോണ്‍ഗ്രസിന്റെ നേതൃസ്ഥാനത്ത് വരണമെന്ന് നാളെ എത്തുന്ന താരിഖ് അന്‍വറിനോട് തരൂര്‍ അനുകൂല നേതാക്കള്‍ ആവശ്യപ്പെടും.

സംസ്ഥാന രാഷ്ട്രീയത്തില്‍ ഇടം ലക്ഷ്യമിട്ട് ശശി തരൂരിന്റെ പര്യടനം തുടരുമ്പോള്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് അകത്ത് ഗ്രൂപ്പ് സമവാക്യങ്ങള്‍ ആകെ താളം തെറ്റുകയാണ്. തരൂരിന്റെ യാത്രയ്ക്കിടെ വിശാല ഐ ഗ്രൂപ്പ് തീര്‍ത്തും രണ്ട് തട്ടിലായി. കെ മുരളീധരന്‍ ശശി തരൂരിനൊപ്പം ഉറച്ചുനില്‍ക്കുമ്പോള്‍, രമേശ് ചെന്നിത്തല വി ഡി സതീശനു വേണ്ടി തുടര്‍ച്ചയായി രംഗത്ത് വരുന്നു. കെ സുധാകരന്റെ ആര്‍എസ്എസ് പ്രസ്താവനയില്‍ പോലും ഐ ഗ്രൂപ്പ് ഒന്നാകെ കെ സുധാകരനൊപ്പം ആയിരുന്നു. എന്നാല്‍ ഇതിനുശേഷം ശശി തരൂര്‍ നടത്തിയ മലബാര്‍ പര്യടനത്തിന്റെ പള്‍സ് മനസ്സിലാക്കിയ കെ മുരളീധരന്‍ തരൂരിനൊപ്പം നില്‍ക്കുകയായിരുന്നു.

ശശി തരൂരിനെതിരെ പ്രതിപക്ഷ നേതാവ് നടത്തിയ പരാമര്‍ശം കെ.മുരളീധരന്‍ പരസ്യമായി തന്നെയാണ് എതിര്‍ത്തത്. വി ഡി സതീശന്‍ തരൂരിനെതിരെ നടത്തിയ ബലൂണ്‍ പരാമര്‍ശത്തെ സൗദിയോട് തോറ്റ മെസ്സിയെ ചൂണ്ടിക്കാണിച്ചായിരുന്നു മുരളീധരന്‍ പരിഹസിച്ചത്. മലബാറില്‍ മുസ്ലീം ലീഗ് നടത്തിയ സൂപ്പര്‍ ഗെയിമും അതില്‍ തരൂരിനുണ്ടായിട്ടുള്ള അണികളുടെ പിന്തുണയും കൃത്യമായും മുരളീധരന് അറിയാം.

വിശാല ഐ ഗ്രൂപ്പില്‍ വലിയ പിണക്കങ്ങള്‍ക്കാണ് തരൂരിനെ അനുകൂലിച്ചുള്ള മുരളീധരന്റെ പ്രസ്താവനകള്‍ വഴി വച്ചത് . കോഴിക്കോട് dcc അദ്ധ്യക്ഷന്‍ പ്രവീണ്‍ കുമാറും,എം കെ രാഘവന്‍ എംപിയും കെ മുരളീധരനും ഒപ്പം കൂടിയത് തരൂരിന്റെ ശക്തി വീണ്ടും വര്‍ധിപ്പിച്ചു. തല്‍ക്കാലം സംസ്ഥാന കോണ്‍ഗ്രസിലെ നേതൃസ്ഥാനങ്ങളില്‍ കാര്യമായി പങ്കാളിത്തമില്ലാത്ത എ ഗ്രൂപ്പ് പ്രശ്‌നങ്ങളില്‍ മൗനം പാലിക്കുകയായിരുന്നു.

എന്നാല്‍ കോട്ടയത്ത് ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്തര്‍ തരൂരിന് വേണ്ടി വേദിയൊരുക്കിയതോടെ എഗ്രൂപ്പിന്റെ മനസ്സ് വ്യക്തമായി. മുസ്ലിം ലീഗിനെ ഇക്കാര്യത്തിലുള്ള പിന്തുണയും എഗ്രൂപ്പ് അറിയിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് നേതൃത്വത്തിലും മുന്നണി നേതൃത്വത്തിലും ഒരു ആര്‍എസ്എസ് വിരുദ്ധ മുഖം വേണമെന്ന ഉറച്ച നിലപാടാണ് മുസ്ലീം ലീഗിനുള്ളത്. നാളെപ്രശ്‌നപരിഹാര ചര്‍ച്ചകള്‍ക്കായി താരിഖ് അന്‍വര്‍ കോഴിക്കോട് എത്തുമ്പോള്‍ ശശി തരൂരിന് നേതൃസ്ഥാനം നല്‍കണമെന്ന് കെ മുരളീധരനും എം കെ രാഘവനും ഉള്‍പ്പെടെയുള്ള നേതാക്കള്‍ ആവശ്യപ്പെടും. മുന്നണി നേതൃത്വത്തില്‍ ശശി തരൂര്‍ വരണമെന്ന അഭിപ്രായം മുസ്ലിം ലീഗും അറിയിക്കുമെന്ന് സൂചനയുണ്ട്. ഇതോടെ തരൂരിന്റെ പുതിയസ്ഥാനവും കോണ്‍ഗ്രസില്‍ ചര്‍ച്ചയാകും.

Leave a Reply

Your email address will not be published. Required fields are marked *