തമീം ഇഖ്ബാൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ചു

ബംഗ്ലാദേശ് ഏകദിന ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ തമീം ഇഖ്ബാല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. ഇന്ത്യയില്‍ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കേയാണ് തീരുമാനം.വ്യാഴാഴ്ച ചാറ്റോഗ്രാമില്‍ വാര്‍ത്താ സമ്മേളനത്തിലാണ് തമീം ഇഖ്ബാല്‍ വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്. നിറകണ്ണുകളോടെയാണ് താരം ഇക്കാര്യം അറിയിച്ചത്.

2007-ലാണ് തമീം ബംഗ്ലാദേശിനായി അരങ്ങേറ്റം കുറിക്കുന്നത്. ആ വര്‍ഷം വെസ്റ്റിന്‍ഡീസില്‍ നടന്ന ലോകകപ്പില്‍ ഇന്ത്യയെ തകര്‍ത്ത മത്സരത്തില്‍ ബംഗ്ലാദേശിനായി അര്‍ധ സെഞ്ചുറിയുമായി തിളങ്ങിയത് തമീമായിരുന്നു.
241 ഏകദിനങ്ങളില്‍ നിന്ന് 14 സെഞ്ചുറിയും 56 അര്‍ധ സെഞ്ചുറിയുമടക്കം 8313 റണ്‍സ് നേടിയിട്ടുണ്ട്. 70 ടെസ്റ്റുകള്‍ കളിച്ച താരം 10 സെഞ്ചുറിയും 31 അര്‍ധ സെഞ്ചുറിയുമടക്കം 5134 റണ്‍സ് നേടി.78 ട്വന്റി 20 മത്സരങ്ങളില്‍ നിന്നായി 1758 റണ്‍സാണ് താരത്തിന്റ സമ്പാദ്യം.

16 വര്‍ഷം നീണ്ട കരിയറിനാണ് താരം വിരാമമിടുന്നത്. മഴ കളിച്ച അഫ്ഗാനിസ്താനെതിരായ മത്സരത്തില്‍ അപ്രതീക്ഷിത തോല്‍വി നേരിട്ടതിനു പിന്നാലെയാണ് തമീം വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്. അടിയന്തരമായി വാര്‍ത്താസമ്മേളനം വിളിച്ചുചേര്‍ത്തുകൊണ്ടാണ് തമീം ഇഖ്ബാല്‍ വിരമിക്കല്‍ പ്രഖ്യാപിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *