തങ്ക അങ്കി ചാർത്തിയുള്ള മണ്ഡലപൂജ ഇന്ന്

ശബരിമല: ശരണമന്ത്രങ്ങൾ മുഴങ്ങി നിന്ന സായംസന്ധ്യയിൽ ശബരീശന് തങ്ക അങ്കി ചാർത്തി ദീപാരാധന നടന്നു. മണ്ഡല ഉത്സവത്തിന് സമാപനം കുറിച്ചുകൊണ്ട് തങ്ക അങ്കി ചാർത്തിയുള്ള മണ്ഡലപൂജ ഇന്ന് ഉച്ചയ്ക്കു നടക്കും.

മണ്ഡലപൂജയ്ക്കു മുന്നോടിയായി ആറന്മുള പാർഥസാരഥി ക്ഷേത്രത്തിൽനിന്നും ഘോഷയാത്രയായി എത്തിച്ച തങ്ക അങ്കിക്ക്
സന്നിധാനത്തു ഭക്തിനിർഭരമായ വരവേൽപ്പ് നൽകി. തിരുവിതാംകൂർ മഹാരാജാവായിരുന്ന ശ്രീ ചിത്തിരതിരുനാൾ ബാലരാമവർമയാണ് മണ്ഡലപൂജയ്ക്കു ചാർത്തുന്നതിനുള്ള 450 പവൻ തൂക്കമുള്ള തങ്ക അങ്കി 1973 ൽ നടയ്ക്കു വച്ചത്. ഉച്ചയോടെ പമ്പയിലെത്തിയ തങ്ക അങ്കി ഘോഷയാത്ര മൂന്നുമണിയോടെ സന്നിധാനത്തേയ്ക്കു തിരിച്ചു. വൈകിട്ട് 5.20ന് പോലീസ് അസിസ്റ്റന്റ് സ്പെഷൽ ഓഫീസർ പി. നിഥിൻരാജ്, ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ എച്ച്. കൃഷ്ണകുമാർ, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് ഓഫീസർ എം. രവികുമാർ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ പി.എസ്. ശാന്തകുമാർ, സോപാനം സ്പെഷൽ ഓഫീസർ സുനിൽകുമാർ, ദേവസ്വം ബോർഡ് പി.ആർ.ഒ. സുനിൽ അരുമാനൂർ എന്നിവരടങ്ങിയ സംഘം ശരംകുത്തിയിലെത്തി തങ്ക അങ്കി ഘോഷയാത്രയെ സ്വീകരിച്ചു.

ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ, ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. കെ. അനന്തഗോപൻ, എ.ഡി.ജി.പി. എം.ആർ. അജിത്കുമാർ, കോട്ടയം ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ, പത്തനംതിട്ട ജില്ലാ പോലീസ് മേധാവി സ്വപ്നിൽ എം. മഹാജൻ, ദേവസ്വം ബോർഡ് വിജിലൻസ് സൂപ്രണ്ട് സുബ്രഹ്‌മണ്യൻ, ശബരിമല സ്പെഷൽ ഓഫീസർ ആർ. ആനന്ദ്, ദേവസ്വം ബോർഡ് അംഗം അഡ്വ. എസ്.എസ്. ജീവൻ, ദേവസ്വം കമ്മീഷണർ ബി.എസ്. പ്രകാശ്, ശബരിമല സ്പെഷ്യൽ കമ്മീഷണർ എം. മനോജ് എന്നിവർ ചേർന്ന് പതിനെട്ടാംപടിക്കു മുകളിലായി കൊടിമരത്തിന് മുന്നിൽ വച്ച് തങ്ക അങ്കി ഘോഷയാത്രയെ സ്വീകരിച്ച് സോപാനത്തിലേക്ക് ആനയിച്ചു. തുടർന്നു സോപാനത്തിൽ വച്ച് തന്ത്രി കണ്ഠര് രാജീവരും സഹശാന്തിമാരും ചേർന്നു തങ്ക അങ്കി ഏറ്റുവാങ്ങി ശ്രീകോവിലിനുള്ളിലേക്കു കൊണ്ടുപോയി.ശേഷം 6.35ന് തങ്ക അങ്കി ചാർത്തിയുള്ള മഹാ ദീപാരാധന നടന്നു. തുടർന്നു ഭക്തർക്ക് തങ്ക അങ്കി വിഭൂഷിതനായ അയ്യപ്പസ്വാമിയെ ദർശിക്കാൻ അവസരം ഒരുക്കി. ഇന്ന് ഉച്ചയോടെ തങ്കയങ്കി ചാർത്തിയുള്ള മണ്ഢല പുജനടക്കുന്ന തോടെ മണ്ഡല കാലത്തിന് ഇന്ന് സമാപനമാകും .
മകര വിളക്ക് ഉത്സവത്തിനായി ഡിസംബർ 30 ന് വീണ്ടും നട തുറക്കും

Leave a Reply

Your email address will not be published. Required fields are marked *