ഡോക്ടര്‍മാര്‍ക്ക് എതിരെയുള്ള ആക്രമണം വര്‍ദ്ധിക്കുന്ന പശ്ചാത്തലത്തില്‍ വനിതാ ഡോക്ടര്‍മാര്‍ക്കുള്ള സ്വയം പ്രതിരോധ പരിശീലനവുമായി കെജിഎംസിടിഎ

തിരുവനന്തപുരം: ഡോക്ടര്‍മാര്‍ക്ക് എതിരെയുള്ള ആക്രമണം വര്‍ദ്ധിക്കുന്ന പശ്ചാത്തലത്തില്‍ വനിതാ ഡോക്ടര്‍മാര്‍ക്കുള്ള സ്വയം പ്രതിരോധ പരിശീലനവുമായി കെജിഎംസിടിഎ.

കേരളത്തില്‍ പുരുഷ ഡോക്ടര്‍മാരെക്കൂടാതെ വനിതാ ഡോക്ടര്‍മാര്‍ക്കുമെതിരെയും അതിക്രമം വര്‍ദ്ധിച്ച് വരുകയും പോലീസ് ഉള്‍പ്പെടെ ഭരണ സംവിധാനം അതിന് എതിരെ നിഷ്‌ക്രിയത്വം പാലിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ സ്വയം പ്രതിരോധ പരിശീലനം നേടാന്‍ വനിതാ ഡോക്ടര്‍മാരും രംഗത്ത്. വനിതാ ഡോക്ടര്‍മാര്‍ക്കെതിരെയുള്ള മാനസികമായും ശാരീരികമായും ഉള്ള ആക്രമങ്ങള്‍ വളരെ കൂടുതലായി വരുന്ന സാഹചര്യത്തിലാണ് ഇത്തരത്തിലൊരു പരിശീന പരിപാടി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ അധ്യാപക സംഘടനയായ കെജിഎംസിടിഎയുടെ നേതൃത്വത്തില്‍ നല്‍കുന്നത്. ഈയടുത്ത കാലത്ത് രാത്രിയില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന വനിതാ ന്യൂറോസര്‍ജനെ ശാരീരികമായി ആക്രമിച്ച സംഭവത്തില്‍ പോലും കുറ്റവാളിയെ അറസ്റ്റ് ചെയ്യുന്നതില്‍ പോലീസ് കാണിച്ച നിസഹകരണം കണ്ടതാണ്.

ഡോക്ടര്‍മാര്‍ക്ക് സ്വയം പ്രതിരോധിക്കാന്‍ പരിശീലനം ആവശ്യമായ സാഹചര്യത്തില്‍ വനിതാ ശാക്തീകരണത്തിന്റെ ഭാഗമായി സ്വസ്തി ഫൗണ്ടേഷനും കേരള ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ടീച്ചേഴ്‌സ് അസോസിയേഷനും സംയുക്തമായി തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ക്കായി സ്വയ സുരക്ഷയ്ക്കുള്ള രീതികളെ പറ്റിയുള്ള പരിശീലന പരിപാടി ആരംഭിക്കുന്നു.

കേരള പോലീസിന്റെയും, കേരള സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെയും അംഗീകൃത സ്വയം പ്രതിരോധ കോച്ചായ വിനോദ് ആണ് ഡോക്ടര്‍മാര്‍ക്ക് പ്രതിരോധ പരിശീലനം നല്‍കുന്നത്.ലോക വനിതാ ദിനമായ മാര്‍ച്ച് എട്ടിന് വൈകുന്നേരം 5 മണിക്ക് മെഡിക്കല്‍ കോളേജിലെ എംഡിആര്‍എല്‍ ഹാളില്‍ വെച്ച് പരിശീലന പരിപാടിക്ക് ഔദ്യോഗികമായി തുടക്കമാകും. രണ്ടാംഘട്ടമായി പരിശീലന പദ്ധതി കേരളത്തിലെ എല്ലാ മെഡിക്കല്‍ കോളേജിലേക്കും വ്യാപിപ്പിക്കും.

Leave a Reply

Your email address will not be published. Required fields are marked *