ട്രെയിൻ ​ഗതാ​ഗത നിയന്ത്രണം; യാത്രക്കാർ പെരുവഴിയിൽ

തൃശ്ശൂർ: തൃശ്ശൂർ- എറണാക്കുളം റെയിൽവെ ട്രാക്കിൽ കഴിഞ്ഞ ദിവസം നടത്തിയ അറ്റകുറ്റപണികൾ ശബരിമല തീർഥാടകരെ ഉൾപ്പെടെ പെരുവഴിയിലാക്കി. ഞായറാഴ്ചമാത്രം കേരളത്തിൽ ദീർഘദൂര എക്‌സ്പ്രസുകളും പാസഞ്ചറുകളുമടക്കം 33 ട്രെയിനുകളാണ് റദ്ദാക്കിയത്. റിസർവേഷൻ വേളയിൽപ്പോലും ഇക്കാര്യം സൂചിപ്പിച്ചില്ലെന്നാണ് ആരോപണം.

തൃശ്ശൂർ എറണാക്കുളം റെയിൽവെ ട്രാക്കിൽ, ഞായറാഴ്ച രാവിലെ എട്ട് മുതൽ തിങ്കളാഴ്ച പുലർച്ചെ ഒരു മണി വരെ ട്രെയിൻ ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തിക്കൊണ്ടായിരുന്നു അറ്റകുറ്റ പണികൾ നടത്തിയത്. ചാലക്കുടി പുഴയ്ക്ക് കുറുകെ ഉള്ള ഒന്നാം നമ്പർ റെയിൽവെ ട്രാക്കിന്‌ന്റെ ഗർഡറുകൾ മാറ്റി സ്ഥാപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് ട്രെയിൻ ഗതാഗത്തിന് നിയന്ത്രണം ഏർപ്പെടുത്തിയത്.ഞായറാഴ്ചമാത്രം കേരളത്തിൽ ദീർഘദൂര എക്‌സ്പ്രസുകളും പാസഞ്ചറുകളുമടക്കം 33 ട്രെയിൻ പൂർണമായും 12 ട്രെയിൻ ഭാഗികമായും റദ്ദാക്കി. ഇതര സംസ്ഥാനക്കാരായ ശബരിമല തീർഥാടകർ ഉൾപ്പെടെയുള്ള പതിനായിരങ്ങൾ പല റെയിൽവേ സ്റ്റേഷനുകളിലായി കുടുങ്ങി.

പ്രത്യേക ദിവസത്തേക്ക് വെർച്വൽ ക്യൂവിൽ ബുക്ക് ചെയ്തവരും തീർഥാടനം കഴിഞ്ഞ് നാട്ടിലേക്ക് പുറപ്പെട്ടവരും ഇതിലുണ്ട്. തിരുവനന്തപുരം, കൊച്ചി വിമാനത്താവളത്തിലേക്ക് പുറപ്പെട്ട അന്താരാഷ്ട്ര- ആഭ്യന്തര യാത്രക്കാരുടെ വിമാനയാത്രകളും മുടങ്ങി. ട്രെയിനുകൾ മണിക്കൂറുകളോളം വൈകിയതോടെ കെഎസ്ആർടിസി- സ്വകാര്യ ബസുകൾ ഉൾപ്പെടെ ദീർഘദൂര സർവീസുകളിലെല്ലാം യാത്രക്കാർ നിറഞ്ഞു. ദിവസങ്ങൾക്കുമുമ്പ് റെയിൽവേ പത്രക്കുറിപ്പ് നൽകിയിരുന്നെങ്കിലും ടിക്കറ്റ് റിസർവ് ചെയ്തവർക്ക് പലർക്കും ഏറെ വൈകിയാണ് അറിയിപ്പ് ലഭിച്ചത്. റെയിൽവേയുടെ ഔദ്യോഗിക ആപ്പായ റെയിൽയാത്രി ഉൾപ്പെടെയുള്ളവയിലും യഥാസമയം വിവരങ്ങൾ നൽകിയില്ല. സ്റ്റേഷനുകളിലും വൈകലിന്റെയോ പുറപ്പെടലിന്റെയോ വിവരങ്ങളുടെ അനൗൺസ്‌മെന്റിലും കൃത്യത ഇല്ലായിരുന്നു. ഒരേസമയം കൊച്ചുവേളി സ്റ്റേഷനിലും ചാലക്കുടി പാലത്തിലുമുള്ള പ്രവർത്തനങ്ങൾക്കായാണ് ട്രെയിനുകൾ ക്രമീകരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *