ടൈറ്റാനിയം തൊഴിൽ തട്ടിപ്പിന്റെ വ്യാപ്തിയേറുന്നു. പുതുതായി നാല് കേസുകൾ കൂടി

തിരുവനന്തപുരം: ടൈറ്റാനിയം തൊഴിൽ തട്ടിപ്പിന്റെ വ്യാപ്തിയേറുന്നു. പുതുതായി നാല് കേസുകൾ കൂടി രജിസ്റ്റർ ചെയ്തു. നാലുവർഷം നീണ്ട തട്ടിപ്പിൽ 15 കോടിയിലധികം രൂപ തട്ടിയതായി സൂചന.

പൊതുമേഖലാ സ്ഥാപനമായ ട്രാവൻകൂർ ടൈറ്റാനിയം പ്രോഡക്റ്റ്സിലെ തൊഴിൽ തട്ടിപ്പിൽ കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്യുന്നു. ഇന്ന് തിരുവനന്തപുരം കന്റോൺമെന്റ് പോലീസ് സ്റ്റേഷനിൽ മൂന്നു കേസുകളും മ്യൂസിയം സ്റ്റേഷനിൽ ഒരു കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട് ആദ്യത്തെ മൂന്നു കേസുകളിലും 10 ലക്ഷം രൂപ പരാതിക്കാരോട് വാങ്ങിയതായും പോലീസിന് തെളിവുകൾ കിട്ടി.

ഇതുവരെ മുഖ്യപ്രതിയായ ദിവ്യ ജ്യോതി 29 പേരിൽ നിന്നായി ഒരു കോടി എൺപത് ലക്ഷം രൂപ തട്ടിച്ചു എന്നാണ് പ്രാഥമിക വിവരമെന്ന് പോലീസ് പറയുന്നു. എന്നാൽ 15 കോടിയിലധികം രൂപ പലരിൽ നിന്നായി ഇവർ തട്ടിച്ചതായാണ് പരാതിക്കാരിൽ നിന്ന് ലഭിക്കുന്ന വിവരം. കൂടുതൽ കേസുകൾ അടുത്ത ദിവസങ്ങളിൽ ഉണ്ടാകുമെന്നും പരാതിക്കാർ പറയുന്നു. പരാതി കിട്ടിയതിനുശേഷം അന്വേഷണത്തിൽ പോലീസ് ഗുരുതര വീഴ്ച വരുത്തിയതായും ആരോപണമുണ്ട്.

ഒക്ടോബറിൽ വെഞ്ഞാറമൂട് പോലീസ് സ്റ്റേഷനിലാണ് തൊഴിൽ തട്ടിപ്പിനെ കുറിച്ചുള്ള ആദ്യത്തെ പരാതി ലഭിക്കുന്നത്. ഒരു നടപടിയും പരാതിയിൽ സ്വീകരിച്ചില്ല. വലിയ രാഷ്ട്രീയ സമ്മർദ്ദം ഇക്കാര്യത്തിലുണ്ടായതായാണ് സംശയം. അന്വേഷണം ഇഴഞ്ഞതോടെ, സിറ്റി പോലീസ് കമ്മീഷണർക്ക് നേരിട്ട് ചിലർ പരാതികൾ നൽകി. കമ്മീഷണർ പൂജപ്പുര പോലീസിനെ ഇക്കാര്യം അന്വേഷിക്കാൻ നിയോഗിച്ചു. തുടർന്നാണ് മുഖ്യപ്രതി ദിവ്യജ്യോതിയുടെ അറസ്റ്റ് ഉണ്ടാകുന്നത്. ഇക്കാര്യത്തിൽ വെഞ്ഞാറമൂട് പോലീസ് വലിയ വീഴ്ച വരുത്തിയതായ സൂചനകൾ കമ്മീഷണർക്ക് ലഭിച്ചിട്ടുണ്ട്. പ്രത്യേക ക്രൈംബ്രാഞ്ച് അന്വേഷണ സംഘം അടുത്ത ദിവസം തന്നെ നിലവിൽ വന്നേക്കുമെന്നാണ് ഒടുവിൽ ലഭിക്കുന്ന വിവരം.

നിലവിൽ അറസ്റ്റിൽ ആയിട്ടുള്ള ദിവ്യജ്യോതിയുടെ ഡയറിയിൽ നിന്ന് നിർണായക വിവരങ്ങൾ കിട്ടിയിട്ടും പോലീസിന് കൂടുതൽ അന്വേഷണം നടത്താനാകാത്ത ആകാത്തത് ഉന്നത രാഷ്ട്രീയ സമ്മർദ്ദം മൂലം ആണെന്ന് വ്യക്തം. ട്രാവൻകൂർ ടൈറ്റാനിയത്തിൽ കെമിസ് ചാനൽ ലിസ്റ്റ് ഒഴിവുണ്ടെന്ന് ഫേസ്ബുക്കിലൂടെ പരസ്യം ചെയ്തായിരുന്നു തട്ടിപ്പ്. ഫേസ്ബുക്കിലൂടെ ബന്ധപ്പെടുന്നവരെ ടൈറ്റാനിയത്തിൽ എത്തിച്ച് ഉന്നത ഉദ്യോഗസ്ഥനായ ശശികുമാരൻ തമ്പിയുടെ മുറിയിൽ വച്ച് ഇൻറർവ്യൂ നടത്തി വിശ്വാസ്യത ഉണ്ടാക്കും. തുടർന്ന് 15 ദിവസത്തിനകം ജോലി നൽകുമെന്ന് കാണിച്ച് പണം വാങ്ങും. ഇതായിരുന്നു തട്ടിപ്പിന്റെ രീതി. ദിവ്യ ജ്യോതിയുടെ ഭർത്താവ് രാജേഷ്, പവർ ലിഫ്റ്റിങ് അസോസിയേഷൻ പ്രസിഡണ്ട് ശ്യാംലാൽ തുടങ്ങിയവരാണ് കൂട്ടുപ്രതികൾ.

ടൈറ്റാനിയം ലീഗൽ അസിസ്റ്റൻറ് ശശികുമാരൻ തമ്പിയാണ് രണ്ടാം പ്രതി. ഇയാളുടെ മുറിയിൽ എത്തിച്ചായിരുന്നു പരാതിക്കാരെ ഇൻറർവ്യൂ ചെയ്തിരുന്നത്. 2018 മുതൽ ഫെയ്സ്ബുക്ക് വഴി പരസ്യം ചെയ്ത് തൊഴിൽ തട്ടിക്കുന്ന ഈ സംഘം കേരള ബാങ്കിലും സമാനമായ തട്ടിപ്പിന് ശ്രമിച്ചതായി സൂചനയുണ്ട് .120ലധികം നിയമനങ്ങൾ സമീപകാലത്ത് ടൈറ്റാനിയം പ്രൊഡക്സിൽ ഇവർ വഴി നടന്നതായും യൂണിയൻ നേതാക്കൾ ആരോപിക്കുന്നു. അങ്ങനെയെങ്കിൽ ഉന്നതതല ഇടപെടലുകൾ പുറത്തു വരേണ്ടതുണ്ട് ടൈറ്റാനിയത്തിലെ നിയമനങ്ങൾ ഇനിയും പിഎസ്സിക്ക് വിട്ടിട്ടില്ല എന്നതാണ് തട്ടിപ്പിന്റെ സാധ്യത വർദ്ധിപ്പിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *