ടൈറ്റാനിയം ജോലി തട്ടിപ്പ്: പ്രതികൾ പ്രവർത്തിച്ചത് എംഎൽഎ ഹോസ്റ്റൽ കേന്ദ്രീകരിച്ചെന്ന് കണ്ടെത്തൽ

തിരുവനന്തപുരം: തിരുവനന്തപുരത്തെ ടൈറ്റാനിയം ജോലി തട്ടിപ്പിൽ എം.എൽ.എ ഹോസ്റ്റൽ കേന്ദ്രീകരിച്ചും അന്വേഷണം. എം.എൽ.എ ഹോസ്റ്റലിലെ റിസപ്ഷനിസ്റ്റിനും കോഫീ ഹൗസ് ജീവനക്കാരനായ സി.ഐ.ടി.യു നേതാവിനും തട്ടിപ്പിൽ പങ്കെന്ന് വ്യക്തമായതോടെയാണിത്. സി.ഐ.ടി.യു നേതാവ് അനിൽകുമാർ വഴിയാണ് പലരും പണം കൈമാറിയതെന്നും കണ്ടെത്തി.

പൊതുമേഖലാ സ്ഥാപനമായ ടൈറ്റാനിയത്തിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയതിന്റെ ഗൂഡാലോചനാ കേന്ദ്രമായി നിയമസഭയുടെ നിയന്ത്രണത്തിലെ എം.എൽ.എ ഹോസ്റ്റൽ മാറിയെന്നാണ് സംശയം. കാരണം ഇതുവരെയുള്ള ഏഴ് പ്രതികളിൽ രണ്ട് പേർ പ്രവർത്തിച്ചത് എം.എൽ.എ ഹോസ്റ്റൽ കേന്ദ്രീകരിച്ചാണ്. ഒരാൾ റിസപ്ഷനിസ്റ്റ് മനോജ്, മറ്റൊരാൾ ഹോസ്റ്റലിനുള്ളിലെ കോഫീ ഹൗസ് ജീവനക്കാരനും കോഫീ ഹൗസ് ജീവനക്കാരുടെ സി.ഐ.ടി.യു യൂണിയൻ ജില്ലാ സെക്രട്ടറിയുമായ അനിൽകുമാറുമാണ്. അനിൽകുമാർ വഴിയാണ് പണം കൈമാറിയതെന്നാണ് ആറ് പേരുടെ പരാതി.

ഉദ്യോഗാർഥികളെ വിശ്വസിപ്പിക്കാൻ അനിൽകുമാറിന്റെ രാഷ്ട്രീയബന്ധങ്ങൾ ഉപയോഗിച്ചതായും ആരോപണമുണ്ട്. റിസപ്ഷനിസ്റ്റ് മനോജിന്റെ കാറിലാണ് പലരെയും വ്യാജ ഇന്റർവ്യൂവിനായി ടൈറ്റാനിയത്തിൽ എത്തിച്ചിരുന്നത്. ഇവരുൾപ്പെടെ ആറ് പ്രതികളെയും ഇതുവരെ പിടികൂടിയിട്ടില്ല. ഇതുവരെ 13 പേരാണ് പരാതി നൽകിയത്. ഇവരിൽ നിന്നായി 78 ലക്ഷത്തോളം രൂപയാണ് തട്ടിയെടുത്തത്. യഥാർത്ഥത്തിൽ 28 പേരിൽ നിന്നായി ഒന്നരക്കോടിയോളം രൂപ തട്ടിയെടുത്തെന്നും കൂടുതൽ പരാതികളും പ്രതികളും വരുംദിവസങ്ങളിൽ വെളിച്ചത്തുവരുമെന്നുമാണ് അന്വേഷണസംഘത്തിന്റെ നിഗമനം.

Leave a Reply

Your email address will not be published. Required fields are marked *