ജാതിവിവാദം : പ്രതിസന്ധിയിലായി സിപിഎം

ഇടുക്കി: എ. രാജ പേര് മായ്ച്ചു, പള്ളി റജിസ്റ്റർ തിരുത്തി, ഭാര്യ ഹിന്ദുവാണെന്ന് വാദിച്ചു. ഇതെല്ലാം തള്ളി ഹൈക്കോടതി. ഇതോടെ ജാഗ്രതക്കുറവിൽ പ്രതിസന്ധിയിലായി സിപിഎം; ഉപതിരഞ്ഞെടുപ്പ് പ്രതീക്ഷയിൽ കോൺഗ്രസ്. രാജയുടെ വിജയം ഉറപ്പിക്കാൻ സുപ്രീംകോടതിയിൽ പോകുമ്പോൾ പട്ടികജാതിക്കാരുടെ സീറ്റ് വ്യാജ ജാതി സർട്ടിഫിക്കറ്റ് ഉപയോഗിച്ച് കയ്യേറിയ ആ തെറ്റ് ഉറപ്പിച്ച് എടുക്കുന്നതിന് വേണ്ടി സിപിഎം ശ്രമിക്കുന്നു എന്ന ആക്ഷേപം ഉയരാം എന്നും പാർട്ടിക്കുളളിൽ വിമർശനം.

സി.പി.എമ്മിനെ വീണ്ടും പ്രതിരോധത്തിലാക്കി ദേവികുളം തിരഞ്ഞെടുപ്പ്. എസ്.രാജേന്ദ്രന് സീറ്റ് നിഷേധിച്ചതിനെ തുടർന്നുള്ള പൊട്ടലും ചീറ്റലുമായിരുന്നു മുമ്പെങ്കിൽ ഇപ്പോൾ പാർട്ടിക്ക് മറുപടി പറയാൻ ബാധ്യതയായത് എ.രാജയുടെ സ്ഥാനാർഥിത്വമാണ്. സ്ഥാനാർഥി നിർണയത്തിൽ പാർട്ടിക്ക് ജാഗ്രതക്കുറവുണ്ടായോ എന്ന ചോദ്യമാണ് ഉയരുന്നവയിൽ പ്രധാനം. മാതാപിതാക്കൾ മതപരിവർത്തനം നടത്തിയിട്ടില്ലെന്നും ഭാര്യ ഹിന്ദുവാണെന്നെതുൾപ്പെടെയുളള വാദങ്ങൾ തള്ളിയാണു ദേവികുളം നിയമസഭാ മണ്ഡലത്തിൽനിന്നുള്ള എ.രാജയുടെ തിരഞ്ഞെടുപ്പു ഹൈക്കോടതി അസാധുവാക്കിയത്. കുണ്ടള സിഎസ്‌ഐ പള്ളിയിലെ കുടുംബ റജിസ്റ്റർ, മാമോദീസ റജിസ്റ്റർ, സാക്ഷി മൊഴികൾ തുടങ്ങിയവ പരിഗണിച്ചാണ് ഉത്തരവ്. രാജയുടെ മാതാപിതാക്കളുടെ പേരുകൾ തിരുത്തിയിട്ടുണ്ടെന്നു റജിസ്റ്റർ പരിശോധിച്ചു കോടതി പറഞ്ഞു. മാതാവിന്റെ സംസ്‌കാര വിവരങ്ങളുള്ള റജിസ്റ്ററിലും തിരുത്തുണ്ട്. പഴയതു മായ്ച്ചു പുതിയ പേരും വിവരങ്ങളും ചേർത്തെന്നും കോടതി പറഞ്ഞു. ഇതോടെയാണ് ജാഗ്രതക്കുറവിൽ സിപിഎം പ്രതിസന്ധിയിലായത്.

ഇതോടൊപ്പം രാഷ്ട്രീയ പ്രതിസന്ധിയിലുമാണ് സിപിഎം. പട്ടികജാതിക്കാർക്കായി സംവരണം ചെയ്ത സീറ്റിൽ വ്യാജജാതി സർട്ടിഫിക്കറ്റ് ഉപയോഗിച്ച് പട്ടികജാതിക്കാരൻ അല്ലാത്ത ഒരാളെ ജയിപ്പിച്ചു എം എൽ എ ആക്കിയത് തെറ്റാണെന്നാണ് ഹൈക്കോടതി വിധിയുടെ സാരാംശം. അതായത് പട്ടികജാതിക്കാർക്ക് അവകാശപ്പെട്ട സീറ്റ് അവർക്ക് സിപിഎം നഷ്ടപ്പെടുത്തി എന്ന് ചുരുക്കം. ഇതിൽ വീണ്ടും സുപ്രീംകോടതിയിൽ കേസിന് പോകുമ്പോൾ ഉയരുന്ന പ്രധാന ചോദ്യമാണ് സിപിഎമ്മിന്റെ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമാക്കുന്നത്. സ്വത്വ രാഷ്ട്രീയവുമായി ബന്ധപ്പെട്ട് സിപിഎം പട്ടികജാതി വർഗ്ഗ ക്ഷേമസമിതി അടക്കം ഉണ്ടാക്കിയിരുന്നു. കർഷക തൊഴിലാളി സംഘടന മാത്രം പോരാ പട്ടികജാതി വിഭാഗക്കാരുടെ പ്രശ്‌നങ്ങൾ അഡ്രസ്സ് ചെയ്യാനും ആ പ്രശ്‌നങ്ങൾക്ക് പരിഹാരം തേടാനും പ്രത്യേക സംഘടന തന്നെ വേണം എന്ന കാഴ്ചപ്പാട് ആയിരുന്നു പട്ടികജാതി ക്ഷേമ സമിതിയുടെ രൂപീകരണത്തിലേക്ക് വഴിയൊരുക്കിയത്. രാജയുടെ വിജയം ഉറപ്പിക്കാൻ സുപ്രീംകോടതിയിൽ പോകുമ്പോൾ പട്ടികജാതിക്കാരുടെ സീറ്റ് വ്യാജ ജാതി സർട്ടിഫിക്കറ്റ് ഉപയോഗിച്ച് കയ്യേറിയ ആ തെറ്റ് ഉറപ്പിച്ച് എടുക്കുന്നതിന് വേണ്ടി സിപിഎം ശ്രമിക്കുന്നു എന്ന ആക്ഷേപം ഉയരും.

ഇത് കേരളത്തിൽ 12% ൽ ഏറെ വരുന്ന പട്ടികജാതി വിഭാഗങ്ങളെ സിപിഎമ്മിന് എതിരാക്കിയേക്കാം. സംഭവിച്ച തെറ്റ് തിരുത്തുന്നതിന് പകരം ആ തെറ്റ് സ്ഥാപിച്ച് എടുക്കുന്നതിന് വേണ്ടി കോടതിയിൽ പോകുന്നു എന്നതായിരിക്കും രാജയുടെ വിജയം ഉറപ്പിക്കാൻ സുപ്രീംകോടതിയെ സമീപിക്കുമ്പോൾ സിപിഎമ്മിന് നേരെ ഉയരുന്ന വിമർശനം. ഇതെങ്ങനെ സിപിഎം മറികടക്കും എന്നത് പ്രധാനമാണ്. അതാണ് സിപിഎം നേരിടുന്ന രാഷ്ട്രീയ പ്രതിസന്ധിയും. തണുത്തുറഞ്ഞ ദേവികുളം മണ്ഡലമാകെ എ രാജക്ക് എം എൽ എ സ്ഥാനം നഷ്ടമായതാണ് ഇപ്പോഴത്തെ പ്രധാന ചർച്ച. പരിവർത്തിത ക്രൈസ്തവ വിഭാഗത്തിൽ പെട്ട രാജയെ പാർട്ടി മത്സരിപ്പിക്കാൻ തീരുമാനിച്ചത് വേണ്ടത്ര പരിശോധനയില്ലാതെയാണോ എന്ന ചോദ്യത്തിന് മറുപടി പറയേണ്ട നിലയിലാണ് സി പി എം. വ്യാജ ജാതി സർട്ടിഫിക്കറ്റ് ഉണ്ടാക്കിയെന്ന ആരോപണം ഹൈക്കോടതി ശരിവെക്കുന്നതോടെ പാർട്ടിക്കുണ്ടായ പ്രതിസന്ധി ചെറുതല്ല. എസ് രാജേന്ദ്രന് സീറ്റ് നിഷേധിച്ച് സ്ഥാനാർഥിയായി അവരോധിച്ച എ രാജക്കാണ് ഈ ഗതിയെന്നതും ശ്രദ്ധേയം. സുപ്രീംകോടതിയിൽ പോയി ഹൈക്കോടതി വിധിയെ നേരിടുമെന്ന് സി പി എം നേതാക്കൾ പറയുമ്പോൾ അവിടെയും സമാന വിധി ആവർത്തിക്കപ്പെട്ടാൽ ദേവികുളം വീണ്ടും തിരഞ്ഞെടുപ്പ് അങ്കത്തിലേക്ക് പോകുമെന്നുറപ്പ്. അങ്ങനെയെങ്കിൽ പുതിയ സ്ഥാനാർഥിയെ കണ്ടെത്താൻ സി പി എം പാടുപെടും. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പുതുമുഖത്തെ തേടി അവസാനം എ രാജയെന്ന പേരിൽ ഓട്ടം അവസാനിച്ചത് തന്നെ വൈകിയാണെന്നത് അതിനുദാഹരണമാണ്. അതേസമയം കോൺഗ്രസ്സിലും ഉപതെരഞ്ഞെടുപ്പ് ചർച്ച തലപൊക്കിക്കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ തവണ മത്സരിച്ച ഡി കുമാർ സ്ഥാനാർഥിത്വ മോഹം തള്ളിക്കളഞ്ഞിട്ടില്ല. ജില്ലക്ക് പുറത്തുള്ള ചില യുവ നേതാക്കളും സീറ്റിൽ കണ്ണ് വെച്ച് കുപ്പായം തുന്നിത്തുടങ്ങിയിട്ടുണ്ട്.

അതിനിടെ ദേവികുളത്തെ തിരഞ്ഞെടുപ്പ് വിജയം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ എ.രാജ ഇന്ന് സുപ്രീം കോടതിയിൽ അപ്പീൽ നൽകിയേക്കും. സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റിന്റെ അനുമതിയോടെയാണ് നിയമ നടപടികളിലേക്ക് കടക്കുന്നത്. തന്റെ വാദം പൂർണമായും കേൾക്കാതെയാണ് ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവ് എന്നാണ് രാജ ഉന്നയിക്കുന്നത്. ഹൈക്കോടതി വിധി സ്വാഗതം ചെയ്തും വ്യാജരേഖ ചമച്ച് അനർഹനെ സ്ഥാനാർഥിയാക്കി പട്ടികജാതിക്കാരെ വഞ്ചിച്ച സി.പി എം. മാപ്പ് പറയണമെന്നാവശ്യപ്പെട്ടും കോൺഗ്രസിന്റെ നേതൃത്വത്തിൽ ഇടുക്കിയിലെ വിവിധ മണ്ഡലങ്ങളിൽ പ്രകടനങ്ങളും പ്രതിഷേധയോഗങ്ങളും നടന്നു.

മാതാപിതാക്കൾ ഹിന്ദുക്കളായിരുന്നു എന്നായിരുന്നു രാജയുടെ വാദം. മാമോദീസ സ്വീകരിച്ചിട്ടില്ല. ഭാര്യ ഷൈനി പ്രിയ ഹിന്ദുവാണ്, സിഎസ്‌ഐ സഭാംഗമല്ല. വിവാഹം വീട്ടിൽവച്ചാണു നടന്നതെന്നും അറിയിച്ചു. എന്നാൽ, രാജയുടെ പിതാവിന്റെ മാതാപിതാക്കൾ തിരുനൽവേലി സ്വദേശികളാണെന്നും ഇവർ 1951നു ശേഷം ഇടുക്കിയിലേക്കു കുടിയേറിയെന്നുമായിരുന്നു ഹർജിക്കാരനായ എതിർസ്ഥാനാർഥി ഡി.കുമാറിന്റെ വാദം. രാജയുടെ മാതാപിതാക്കളായ ആന്റണിയും എസ്തറും 1992 ൽ കുണ്ടള എസ്റ്റേറ്റ് സിഎസ്‌ഐ പള്ളിയിൽ മാമോദീസ സ്വീകരിച്ചെന്നും 2016 ൽ മരിച്ച എസ്തറിനെ സിഎസ്‌ഐ പള്ളിയിലാണു സംസ്‌കരിച്ചതെന്നും ഹർജിയിൽ വ്യക്തമാക്കിയിട്ടുണ്ട്. മാതാപിതാക്കളെ മാമോദീസ മുക്കിയ അതേ പാസ്റ്റർ തന്നെയാണു രാജയെയും മാമ്മോദീസ മുക്കിയത്. ഈ പാസ്റ്ററിന്റെ സാന്നിധ്യത്തിൽ ക്രിസ്ത്യൻ ആചാര പ്രകാരമാണു സിഎസ്‌ഐ സഭാംഗമായ ഷൈനി പ്രിയയെ വിവാഹം കഴിച്ചതെന്നും ഹർജിക്കാരൻ വ്യക്തമാക്കി. എന്നാൽ, 1950 നു മുൻപേ തിരുവിതാംകൂറിൽ പിതാവിന്റെ മാതാപിതാക്കൾ താമസം തുടങ്ങിയെന്നായിരുന്നു എ.രാജയുടെ വാദം. ദീർഘകാലം മക്കളില്ലാതിരുന്ന ഇവർ അടുത്തുള്ള പള്ളിയിൽ പോയി പ്രാർഥിച്ചെന്നും തുടർന്നു കുട്ടിയുണ്ടായെന്നും അതിനാൽ ആന്റണിയെന്നു പേരിട്ടെന്നും അറിയിച്ചു. അമ്മയുടെ പേര് എസ്തർ എന്നല്ലെന്നും ഈശ്വരി എന്നാണെന്നും അവർ ക്രിസ്തുമതം സ്വീകരിച്ചിട്ടില്ലെന്നുമായിരുന്നു വാദം. എന്നാൽ 1950 ലെ ഉത്തരവിനു മുൻപ് പൂർവികർ കുടിയേറിയെന്നു തെളിയിക്കുന്നതിൽ രാജ പരാജയപ്പെട്ടെന്നും കേരളത്തിലെ ഹിന്ദു പറയൻ വിഭാഗത്തിൽ അംഗമല്ലാത്തതിനാൽ പട്ടികജാതി സംവരണ സീറ്റിൽ തിരഞ്ഞെടുക്കപ്പെടാൻ യോഗ്യതയില്ലെന്നും കോടതി വ്യക്തമാക്കി.

ഹിന്ദു ആചാരപ്രകാരമായിരുന്നു വിവാഹമെന്നു രാജ പറഞ്ഞെങ്കിലും ലഭ്യമായ ഫോട്ടോകൾ ക്രൈസ്തവ വിവാഹമായിരുന്നുവെന്ന സൂചന നൽകുന്നതായി കോടതി വിലയിരുത്തി. വിവാഹ സമയത്തു ബൈബിൾ വായിച്ചോ എന്ന ചോദ്യത്തിന് ‘ഓർക്കുന്നില്ല’ എന്നായിരുന്നു രാജയുടെ മറുപടി. ആൽബമോ ഫോട്ടോകളോ ഫൊട്ടോഗ്രഫർ നൽകിയിട്ടില്ലെന്നും അവകാശപ്പെട്ടു. താലിക്കൊപ്പം മാല ആരാണ് എടുത്തു നൽകിയത്, ചടങ്ങിൽ പൂജാരിയോ വൈദികനോ പങ്കെടുത്തോ എന്നീ ചോദ്യങ്ങളോടും അജ്ഞത കാട്ടി. ഓവർകോട്ട് അണിഞ്ഞിരുന്നത് ഏതു രീതിയിലായിരുന്നു വിവാഹമെന്നതിന്റെ സൂചനയാണ്. ക്രൈസ്തവ വധുവിന്റെ വേഷമായിരുന്നു ഭാര്യയുടേത്. പാസ്റ്ററുടെ സാന്നിധ്യവും ഹർജിക്കാരന്റെ വാദത്തെ പിന്തുണയ്ക്കുന്നതാണെന്നു കോടതി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *