ജഡായുപ്പാറ പദ്ധതി; കോടതിവിധി മാനിക്കാതെ തട്ടിപ്പെന്ന് നിക്ഷേപകരുടെ കൂട്ടായ്മ

ദുബായ്: കൊല്ലം ചടയമംഗലം ജഡായുപ്പാറ ടൂറിസം പദ്ധതിയുടെ പേരിൽ പണം പിരിച്ച്‌ പ്രവാസികളടക്കമുള്ളവരെ വഞ്ചിക്കുന്നത് തുടരുന്നതായി ജഡായുപ്പാറ ഇൻവെസ്റ്റേഴ്സ് വെൽഫെയർ അസോസിയേഷൻ.

ദുബായിൽ വാർത്തസമ്മേളനത്തിലാണ് നിക്ഷേപകരുടെ കൂട്ടായ്മ കോടതിവിധി മറികടന്നും തട്ടിപ്പ് തുടരുന്നതായി ആരോപിച്ചത്. പദ്ധതിയിൽ നിക്ഷേപം നടത്തിയ പ്രവാസികളും അല്ലാത്തവരുമായ 150ഓളം നിക്ഷേപകരുടെ കൂട്ടായ്മയാണ് ഇൻവെസ്റ്റേഴ്സ് വെൽഫെയർ അസോസിയേഷൻ. പദ്ധതിയുടെ ശിൽപിയും കരാറുകാരനുമായ രാജീവ് അഞ്ചൽ സാമ്പത്തിക തിരിമറി നടത്തിയത് ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് കോടതിയെ സമീപിച്ചിരുന്നുവെന്നും എന്നാൽ, പദ്ധതിവരുമാനത്തിൽ ഇദ്ദേഹത്തിന് തുടർന്ന് അധികാരമില്ലെന്ന വിധി വന്നിട്ടും പ്രവാസികളെ സമീപിച്ച്‌ പണപ്പിരിവ് നടത്തുന്നുണ്ടെന്ന് കൂട്ടായ്മ പറയുന്നു.

തട്ടിപ്പുമായി ബന്ധപ്പെട്ട് പരിശോധനക്ക് കോടതി കമീഷനെ നിയോഗിച്ചിരുന്നു. ഇതിൽ അഴിമതി കണ്ടെത്തിയിട്ടുണ്ട്. 40 കോടി രൂപ മുതൽമുടക്കിയ പദ്ധതിയിൽ 10 കോടി പോലും ചെലവഴിച്ചിട്ടില്ല. പദ്ധതിയുടെ വരുമാനം മുഴുവൻ സ്വകാര്യസ്വത്തായി അനുഭവിക്കുന്ന സാഹചര്യമാണുള്ളത്. കൂടുതൽ അഴിമതി നടത്തുന്നത് തടയുന്നതിൻറെ ഭാഗമായി നാഷനൽ കമ്പനി ലോ ട്രൈബ്യൂണൽ വിധി പുറപ്പെടുവിച്ചിട്ടുണ്ട്. ഇതും മറികടന്ന് സാമ്പത്തിക സുതാര്യതയില്ലാതെ പ്രവർത്തനം തുടരുകയാണ്. ഈ വിഷയത്തിൽ സർക്കാറിൻറെയും പൊതുസമൂഹത്തിൻറെയും ഇടപെടലുണ്ടാകണം -നിക്ഷേപകർ ആവശ്യപ്പെട്ടു.

ലക്ഷക്കണക്കിന് രൂപ നിക്ഷേപിച്ചവരെ പദ്ധതിപ്രദേശത്തേക്ക് കടക്കാൻപോലും അനുവദിക്കാതെ കള്ളക്കേസിൽ കുടുക്കുകയാണെന്നും കേരളത്തിൽ നിക്ഷേപിക്കാനുള്ള പ്രവാസികളുടെ ആത്മവിശ്വാസം ഇല്ലാതാക്കുന്ന സംഭവത്തിൽ നിയമപരമായ ഇടപെടൽ തുടരുമെന്നും സർക്കാറിൻറെ ഇടപെടൽ പ്രതീക്ഷിച്ച്‌ വിവിധ ജനപ്രതിനിധികളെയും മന്ത്രിമാരെയും സമീപിച്ചിട്ടുണ്ടെന്നും ഇവർ പറഞ്ഞു. 48 വർഷം പ്രവാസലോകത്ത് അധ്വാനിച്ച പണമാണ് തട്ടിപ്പിൽ നഷ്ടപ്പെട്ടതെന്ന് വാർത്തസമ്മേളനത്തിൽ പങ്കെടുത്ത വർക്കല സ്വദേശിയായ അബ്ദുൽ വാഹിദ് അൻസാരി പറഞ്ഞു. വലിയ വാഗ്ദാനങ്ങൾ നൽകി വാങ്ങിയ പണത്തിനായി വിളിക്കുമ്പോൾ ഇപ്പോൾ ഫോൺപോലും എടുക്കാത്ത സ്ഥിതിയാണെന്നും വാർധക്യത്തിൽ തുണയാകുമെന്ന് കരുതിയ സമ്പത്താണ് പദ്ധതിയിൽ നിക്ഷേപിച്ച്‌ നഷ്ടപ്പെട്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വാർത്തസമ്മേളനത്തിൽ ദീപു ഉണ്ണിത്താൻ, പ്രവിത്ത്, ബാബു വർഗീസ്, രഞ്ജി ചെറിയാൻ, ഷിജി മാത്യൂ എന്നിവരും പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *