ചീഫ് ജസ്റ്റിസിന് നേരെ ആക്രമണം; പൊലീസിന് സുരക്ഷാ വീഴ്ച

കൊച്ചി: ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ വാഹനത്തെ അക്രമി പിൻതുടർന്ന സംഭവത്തിൽ പോലീസിന് സുരക്ഷാ വീഴ്ച സംഭവിച്ചതായി ആരോപണം. സംഭവത്തിലെ സുരക്ഷാ വീഴ്ച സംബന്ധിച്ച് കേന്ദ്ര ഇന്റലിജൻസ് ഏജൻസികളും സംസ്ഥാന ആഭ്യന്തര വകുപ്പും റിപ്പോർട്ട് തേടും.

ഞായറാഴ്ച രാത്രിയിൽ ചീഫ് ജസ്റ്റിസ് എസ് മണികുമാർ കാറിൽ വീട്ടിലേക്ക് വരുന്നതിനിടെയാണ് സംഭവമുണ്ടായത്. പൈലറ്റായുള്ള പോലീസ് ജിപ്പ് മാത്രമാണ് കാറിനെ അനുഗമിച്ചിരുന്നത്. കണ്ടെയ്‌നർ ടെർമിനൽ റോഡിൽ മൂലമ്പിള്ളി മുതൽ ഇദ്ദേഹത്തിന്റെ ഔദ്യോഗിക വസതി വരെ സ്‌കൂട്ടറിൽ പിൻതുടർന്ന അക്രമി ആക്രോശിക്കുകയും അസഭ്യം പറയുകയും ചെയ്തു. സുരക്ഷാ കാരണങ്ങൾ കണക്കിലെടുത്ത് പൈലറ്റ് പോലീസ് വഴിമധ്യേ ഇയാളെ പിടിക്കാൻ ശ്രമിച്ചില്ല. ചീഫ് ജസ്റ്റിസ് സുരക്ഷിതമായി വീട്ടിലെത്തിയ ശേഷമാണ് പോലീസ് ഇയാളെ പിടികൂടിയത്.

ഇടുക്കി ഉടുമ്പൻചോല സ്വദേശി കിഴക്കേക്കാറ്റ് വീട്ടിൽ ടിജോ തോമസ് ആണ് അറസ്റ്റിലായത്. ഇയാളെ കോടതി റിമാൻഡ് ചെയ്തു. ചീഫ് ജസ്റ്റിസിനെതിരെ ആക്രമണം നടത്താൻ ശ്രമിച്ചിട്ടും വി ഐ പി സുരക്ഷയ്ക്കായി പോലീസ് എത്തിയില്ലെന്നാണ് ആരോപണമുയരുന്നത്. പോലീസ് മെസേജിലുണ്ടായ പാളിച്ചയാണ് സുരക്ഷയൊരുക്കാൻ കഴിയാതെ പോയതെന്നും പറയുന്നു. അതേസമയം യാത്രാമധ്യേ മറ്റു സുരക്ഷാ പ്രശ്‌നങ്ങൾ ഉണ്ടാകാതിരിക്കാനാണ് പൈലറ്റ് വാഹനത്തിലെ പോലീസ് സംഘം ശ്രമിച്ചതെന്നാണ് വിവരം. ചീഫ് ജസ്റ്റിസിനെ എത്രയും വേഗം സുരക്ഷിതമായി വീട്ടിലെത്തിക്കാനാണ് പൈലറ്റ് പോലീസ് ശ്രമിച്ചത്. എന്നാൽ സുരക്ഷാ വീഴ്ചയുടെ പേരിൽ അന്വേഷണം വരുമ്പോൾ പൈലറ്റ് പോലീസ് ഉൾപ്പെടെുള്ളവർ വിശദീകരണം നൽകേണ്ടിവരുമെന്നാണ് വിവരം.

കണ്ടെയ്‌നർ ലോറി ഡ്രൈവറായ ടിജോ തോമസ് സംഭവ സമയം മദ്യലഹരിയിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഇയാൾക്കെതിരെ ഉടുമ്പൻചോല പോലീസ് സ്‌റ്റേഷനിൽ തട്ടിക്കൊണ്ടു പോകലിനും വധശ്രമത്തിനും ഉൾപ്പെടെ കേസുകളുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *