ചില്ല് കുപ്പികൾ ബോട്ടിൽ ലൈറ്റുകളാക്കി മാറ്റി വരുമാനം കണ്ടെത്തുന്ന യുവാക്കൾ

മൂന്നാർ: ഉപയോഗ ശേഷം ഉപേക്ഷിക്കുന്ന ബിയർ കുപ്പികൾ അടക്കമുള്ള ചില്ല് കുപ്പികൾ ഭംഗിയുളള ബോട്ടിൽ ലൈറ്റുകളാക്കി മാറ്റി വരുമാനം കണ്ടെത്തുകയാണ് മൂന്നാർ സ്വദേശികളായ മൂന്ന് യുവാക്കൾ. വലിച്ചെറിയപ്പെട്ട കുപ്പികൾക്കുള്ളിൽ ആരെയും ആകർഷിക്കും വിധം വർണ്ണ ലൈറ്റുകൾ ഒരുക്കിയാണ് ഇവർ വിപണി കണ്ടെത്തുന്നത്.

മണികണ്ഡൻ, ദിനേശ്കുമാർ, ഷേക്‌സ് പിയർ എന്നീ മൂന്നാർ സ്വദേശികളായ മൂന്ന് യുവാക്കളാണ് ഉപയോഗ ശൂന്യമായി വലിച്ചെറിയുന്ന ചില്ല് കുപ്പികൾക്കുള്ളിൽ വർണ്ണ വെളിച്ചം വിതറി ബോട്ടിൽ ലൈറ്റ് എന്ന ആകർഷണീയമായ ആശയവുമായി രംഗത്തെത്തിയിട്ടുള്ളത്. മൂന്നാർ ടൗണിൽ പോസ്റ്റോഫീസ് ജംഗ്ഷനിൽ രാത്രി സമയത്താണ് ഈ മൂവർ സംഘം ബോട്ടിൽ ലൈറ്റ് വിൽപ്പന നടത്തുന്നത്.

എസ്റ്റേറ്റ് റോഡിലരികിലും മറ്റും ഉപേക്ഷിക്കപ്പെട്ട ബിയർ പൊട്ടി കുപ്പികൾ വൃത്തിഹീനവും അപകടം ക്ഷണിച്ച് വരുത്തും വിധവും കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെയായിരുന്നു ഇവർ കുപ്പികൾ പ്രയോജനപ്പെടുത്താനുള്ള ബദൽ മാർഗ്ഗമാലോചിച്ചതും ബോട്ടിൽ ലൈറ്റ് എന്ന ആശയത്തിലേക്കെത്തിയതും.

വലിച്ചെറിയുന്ന കുപ്പികൾകൊണ്ട് ഇത്തരത്തിലുള്ള ലൈറ്റുകളുടെ വർണ്ണങ്ങൾ അതിശയിപ്പിക്കുന്നതാണെന്നും ഇങ്ങനെയുള്ള യുവാക്കളെ പ്രോത്സാഹിപ്പിക്കണമെന്നാണ് പ്രദേശവാസികൾ പറയുന്നത്

ബിയർ കുപ്പിക്കുള്ളിൽ തയ്യാറാക്കുന്ന ബോട്ടിൽ ലൈറ്റിന് 150 രൂപയും വലിയ ബോട്ടിൽ ലൈറ്റിന് 200 രൂപയുമാണിവർ വിലയായി ഈടാക്കുന്നത്. ഇത്തവണത്തെ കാർത്തിക മഹോത്സവത്തിന് വെള്ളമൊഴിച്ചാൽ പ്രകാശിക്കുന്ന കാർത്തിക വിളക്കും തയ്യാറാക്കി മൂവർ സംഘം വേറിട്ടൊരാശയവും അവതരിപ്പിച്ചിരുന്നു. എണ്ണയും ചിരാതും വേണ്ട എന്ന് മാത്രമല്ല കാറ്റിൽ വിളക്കണയില്ലായെന്നതും മൂവർ സംഘത്തിന്റെ കണ്ടുപിടുത്തത്തിന്റെ പ്രത്യേകതയായി. പ്ലാസ്റ്റിക് കുപ്പികൾ കൂടെ എങ്ങനെ തങ്ങളുടെ പ്രവർത്തനങ്ങൾക്ക് ഉപയോഗപ്പെടുത്താമെന്ന ചിന്തയിലാണ് ഇവർ. പഞ്ചായത്തടക്കമുള്ള വകുപ്പുകളുടെ സഹായം ലഭിച്ചാൽ ഉപയോഗശൂന്യമായ വസ്തുക്കളിൽ നിന്നും വേറിട്ട നിർമ്മിതികൾ ഉണ്ടാക്കാൻ കഴിയുമെന്നാണ് ഈ മൂന്ന് യുവാക്കൾ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *