ചിന്താ ജെറോമിന്റെ ഗവേഷണ പ്രബന്ധത്തിലെ തെറ്റുകള്‍ ന്യായികരിച്ച് പി.പി.അജയകുമാര്‍

തിരുവനന്തപുരം: ചിന്താ ജെറോമിന്റെ ഗവേഷണ പ്രബന്ധത്തിലെ തെറ്റുകള്‍ ന്യായികരിച്ച് ചിന്തയുടെ ഗൈഡു കൂടിയായ മുന്‍ പിവിസി ഡോ:പി.പി.അജയകുമാര്‍ കേരള വിസി ക്ക് വിശദീകരണം നല്‍കി. പ്രബന്ധത്തിലേത് ചിന്തയുടെ സ്വന്തം ഗവേഷണ കണ്ടെത്തലുകളാണെന്നും വാഴക്കുല’ ഒരു നോട്ടപ്പിശക് മാത്രമാണെന്നും ഗൈഡ് വിശദീകരണത്തില്‍ പറയുന്നു.

യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്താ ജെറോം പിഎച്ച്ഡി ബിരുദം നേടുന്നതിന് കേരള സര്‍വകലാശാലയില്‍ സമര്‍പ്പിച്ച പ്രബന്ധം താന്‍ പൂര്‍ണ്ണമായും പരിശോധിച്ചു ബോധ്യപ്പെട്ടതാണ്. അതില്‍ വീഴ്ചകള്‍ ഒന്നുമില്ലെന്നും ചിന്താ ജെറോമിന്റെ ഗൈഡ് കൂടിയായ മുന്‍ പിവിസി ഡോ.പി.പി.അജയകുമാര്‍ കേരള വിസി ക്ക് വിശദീകരണം നല്‍കി. ചിന്തയുടെ പ്രബന്ധം സംബന്ധിച്ച് ഇതുവരെ ആരുമായും പ്രതികരിക്കാത്ത ഗവേഷക ഗൈഡ് കൂടിയായ മുന്‍ പിവിസി കഴിഞ്ഞ ദിവസമാണ് വിസിക്ക് വിശദീകരണം നല്‍കാന്‍ തയ്യാറായത്.

വാഴക്കുല’യുടെ രചയിതാവിന്റെ പേര് മാറിയത് ഒരു നോട്ടപ്പിശക് മാത്രമാണെന്നും ആ പിശക് തിരുത്തി പ്രബന്ധം അച്ചടിച്ചു പ്രസിദ്ധീകരിക്കുമെന്നുമുളള ചിന്തയുടെ വിശദീകരണം ഡോ. അജയകുമാര്‍,വിസി ക്ക് നല്‍കിയ മറുപടിയില്‍ ആവര്‍ത്തിച്ചിട്ടുണ്ട്. പ്രബന്ധം പല ലേഖനങ്ങളില്‍ നിന്നും കോപ്പിയടിച്ചതാണെന്നും അക്ഷര തെറ്റുകളും വ്യാകരണ പിശകുകളും വ്യാപകമാണെന്നും യൂണിവേഴ്‌സിറ്റിയുടെ വെബ് സൈറ്റായ ഷോദ്ഗംഗയില്‍ അപ്ലോഡ് ചെയ്ത പ്രബന്ധം പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ട് സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിന്‍ കമ്മിറ്റി ഗവര്‍ണര്‍ക്ക് പരാതി നല്‍കിയിരുന്നു. പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ഗവര്‍ണര്‍ കേരള വിസിയോട് ആവശ്യപ്പെട്ടിരുന്നു. ഗൈഡിന്റെ വിശദീകരണം ലഭിക്കാത്തതു കൊണ്ട് വിസി ഇതേവരെ ഗവണര്‍ക്ക് പ്രാഥമിക റിപ്പോര്‍ട്ട് നല്‍കിയിട്ടില്ല.

പ്രബന്ധത്തിന് മറ്റ് പ്രസിദ്ധീകരണ ങ്ങളുമായുള്ള സമാനത 10% ത്തിന് താഴെയാണെന്നും, യൂ ജിസി വ്യവസ്ഥ പ്രകാരമുള്ള രചനാമേഷണം സംബന്ധിച്ച് പരിശോധന നടത്തിയതാണെന്നും പ്രബന്ധം പൂര്‍ണ്ണമായും ഗവേഷകയുടെ സ്വന്തം കണ്ടെത്തലുകളാണെന്നും ഗൈഡിന്റെ വിശദീകരണത്തില്‍ പറയുന്നു. ചിന്താ ജെറോമിന്റെ പി എച്ച്ഡി പ്രവേശനവുമായിമായി ബന്ധപ്പെട്ട ഫയലുകള്‍,പ്രബന്ധത്തിന്റെ ഒറിജിനല്‍ പതിപ്പ്, മൂല്യനിര്‍ണ്ണയം നടത്തിയ തമിഴ് നാടിലെയും, ബനാറിസ്സിലെയും യൂണിവേഴ്‌സിറ്റി പ്രൊഫസ്സര്‍മാരുടെ റിപ്പോര്‍ട്ടുകള്‍, ഓപ്പണ്‍ ഡിഫന്‍സ് രേഖകള്‍,എന്നിവ വിസി ആവശ്യപ്പെട്ടതനുസരിച്ചു് രജിസ്ട്രാര്‍ സമര്‍പ്പിച്ചിട്ടുണ്ട്. മറ്റ് ലേഖനങ്ങളിലെ വാചക ഘടനകള്‍ പരസ്പരം മാറ്റിയിട്ടുള്ളതുകൊണ്ടും അക്ഷരത്തെറ്റുകള്‍ കൂടുതലുള്ളതുകൊണ്ടും അനാവശ്യമായി അടയാളങ്ങള്‍ രേഖപ്പെടുത്തിയിട്ടുള്ളതുകൊണ്ടും രചനാമേഷണം ശതമാനം കുറച്ച് കാണിക്കുമെന്നതുകൊണ്ട് പ്രബന്ധം ഒരു വിദഗ്ധസമിതിയെ കൊണ്ട് നേരിട്ട് പരിശോധിപ്പിക്കണമെന്ന് സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിന്‍ കമ്മിറ്റി കേരളവിസി യോട് ആവശ്യപ്പെട്ടു.

എന്നാല്‍ ഗൈഡിന്റെ വിശദീകരണത്തിന്റെ അടിസ്ഥാനത്തില്‍ ഗവര്‍ണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കാന്‍ വി സി യുടെ മേല്‍ ഉന്നതങ്ങളില്‍ നിന്നുള്ള സമ്മര്‍ദ്ദം ശക്തമാണ്. ആരോഗ്യ സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ ഡോ. മോഹന്‍ കുന്നുമ്മേലാണ് കേരള വിസി യുടെ ചുമതല വഹിക്കുന്നത്. 2011 ല്‍ ഗവേഷണത്തിന് കേരള യില്‍ പ്രവേശനം ലഭിച്ച ചിന്ത,2020 ല്‍ യുവജന കമ്മീഷന്‍ അധ്യക്ഷയായിരിക്കുമ്പോഴാണ് ഗവേഷണം പൂര്‍ത്തിയാക്കി തീസിസ് സമര്‍പ്പിച്ചത്. 2021 ല്‍ സര്‍വ്വകലാശാല പിഎച്ച് ഡി ബിരുദം നല്‍കി.

ഗൈഡിന്റെ വിശദീകരണം വസ്തുതാപരമല്ലെന്നും പ്രബന്ധം പരിശോധിക്കാതെ, വീഴ്ച സംബന്ധിച്ച ചിന്തയുടെ നിലപാടുകള്‍ അതേപടി ആവര്‍ത്തിക്കുന്ന മുന്‍ പിവിസി ഡോ. പി. പി. അജയകുമാറിന്റെ ഗൈഡ്ഷിപ് പിന്‍വലിക്കണമെന്നും, പ്രബന്ധം വിദഗ്ധ സമിതിയെക്കൊണ്ട് അന്വേഷിക്കണമെന്നും സേവ് യൂണിവേഴ്‌സിറ്റി സമിതി കേരള വിസി യോട് ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *