ചിത്രൻ നമ്പൂതിരിപ്പാട് വിടവാങ്ങി

പ്രമുഖ ഏഴുത്തുകാരനും വിദ്യാഭ്യാസ പണ്ഡിതനുമായ പി.ചിത്രൻ നമ്പൂതിരിപ്പാട് അന്തരിച്ചു. 103 വയസായിരുന്നു. വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് വൈകിട്ട് 7 മണിയോടെയായിരുന്നു അന്ത്യം. അസുഖത്തെ തുടർന്ന് തൃശൂർ ചെമ്പൂക്കാവിലെ വീട്ടിൽ രണ്ടാഴ്ചയായി വിശ്രമത്തിലായിരുന്നു. കേരള വിദ്യാഭ്യാസ മേഖലയ്ക്ക് ഒട്ടനവധി സംഭാവനകൾ നൽകിയ ചിത്രൻ നമ്പൂതിരിപ്പാട് സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ ശില്പി കൂടിയാണ്.

സാമൂഹ്യ പ്രവർത്തന രംഗത്തും മികച്ച സംഭാവനകൾ നൽകിയിട്ടുണ്ട്. പന്തിഭോജനത്തില്‍ പങ്കെടുത്തുകൊണ്ടായിരുന്നു അദ്ദേഹം ചെറുപ്പത്തിലേ തന്റെ നിലപാടുറപ്പിച്ചത്. സവര്‍ണ്ണ സമുദായങ്ങളില്‍ നിന്നും പ്രത്യേകിച്ച് നമ്പൂതിരി സമുദായത്തില്‍ നിന്നും പന്തിഭോജനത്തിനെതിരെ വലിയ എതിര്‍പ്പുകള്‍ ഉയർന്നു വന്നിരുന്ന ഒരു കാലത്തായിരുന്നു അദ്ദേഹത്തിന്റെ ഈ പ്രവർത്തി. ചെന്നൈയിലെ പച്ചയ്യപ്പാസ് കോളേജില്‍ നിന്നും ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയ പി.ചിത്രന്‍ നമ്പൂതിരിപ്പാട് അദ്ധ്യാപകനായും തുടര്‍ന്ന് 34-ാം വയസ്സില്‍ പ്രധാനാധ്യാപകനായും ജോലി ചെയ്തു. മികച്ച അദ്ധ്യാപകനുള്ള ദേശീയ പുരസ്‌കാരത്തിനുൾപ്പെടെ അർഹനായ അദ്ദേഹം സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പിലെ മുൻ അഡിഷണൽ ഡയറക്ടറായിരുന്നു. തന്റെ 99-ആം വയസിലും ഹിമാലയൻ യാത്ര 29 തവണ പൂർത്തിയാക്കിയ വ്യക്തി കൂടിയാണ് ചിത്രൻ നമ്പൂതിരിപ്പാട്. ഇന്നലെ വൈകിട്ട് 7 മണിയോടെയായിരുന്നു അന്ത്യം. ഇന്ന് വൈകുന്നേരം 4 മാണിയോടെ പാറമേക്കാവ് ശാന്തിഘട്ടിൽ സംസ്കാര ചടങ്ങുകൾ നടക്കും.

Leave a Reply

Your email address will not be published. Required fields are marked *