ചാന്‍സലര്‍ ബില്ല് രാഷ്ട്പതിയുടെ പരിഗണനയ്ക്ക് അയക്കാന്‍ ഒരുങ്ങി ഗവര്‍ണര്‍

തിരുവനന്തപുരം: ചാന്‍സലര്‍ ബില്ല് രാഷ്ട്പതിയുടെ പരിഗണനയ്ക്ക് അയക്കാന്‍ ഒരുങ്ങി ഗവര്‍ണര്‍. തന്നെ കൂടി ബാധിക്കുന്ന ബില്ലില്‍ തനിക്ക് മുകളിലുള്ളവര്‍ തീരുമാനമെടുക്കട്ടെയെന്നും ഗവര്‍ണര്‍.സംസ്ഥാനങ്ങള്‍ക്ക് മാത്രം തീരുമാനം എടുക്കാന്‍ പറ്റില്ലെന്ന നിലപാടിലുറച്ച് ഗവര്‍ണര്‍. തീരുമാനം ഗവര്‍ണര്‍ നീട്ടിയാല്‍ കോടതിയെ സമീപിക്കാന്‍ സര്‍ക്കാര്‍ ആലോചന.

കഴിഞ്ഞ നിയമസഭാ സമ്മേളനം പാസാക്കിയ ബില്ലുകളില്‍ ചാന്‍സലര്‍ ബില്‍ ഒഴികെ 16 ബില്ലുകളിലും ഗവര്‍ണ്ണര്‍ ഒപ്പുവച്ചിരുന്നു. ഗവര്‍ണറുടെ നിയമോപദേശത്തിന് ശേഷം ചാന്‍സലര്‍ ബില്‍ രാഷ്ട്രപതിയുടെ പരിഗണനക്ക് അയക്കാനാണ് സാധ്യത. നേരത്തെ നിയമസഭ പാസ്സാക്കിയ ലോകായുക്ത ബില്ലിലും വിസി നിര്‍ണ്ണയത്തിനുള്ള സര്‍ച്ച് കമ്മിറ്റിയില്‍ ഗവര്‍ണ്ണറെ അധികാരം കുറക്കാനുള്ള ബില്ലിലും ഗവര്‍ണ്ണര്‍ തീരുമാനം നീട്ടുകയാണ് ചെയ്തത്.

സര്‍ക്കാറും ഗവര്‍ണ്ണറും തമ്മിലെ പോരില്‍ താല്‍ക്കാലിക ആശ്വാസമെന്ന സൂചന നല്‍കിക്കൊണ്ട് നയപ്രഖ്യാപന പ്രസംഗത്തിന് ഗവര്‍ണറെ മന്ത്രിസഭാ യോഗം ക്ഷണിച്ചിരുന്നു. എന്നാല്‍ പോര് അവസാനിക്കുന്നുവെന്ന സൂചനകള്‍ക്കിടെയാണ് ചാന്‍സലര്‍ ബില്ല് രാഷ്ട്രപതിക്ക് വിടുമെന്ന് ഗവര്‍ണര്‍ പറയാതെ പറഞ്ഞത് . കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭാ യോഗം പതിഞ്ചാം നിയമസഭയുടെ ഏഴാം സമ്മേളനം പിരിയുന്നതായി ഔദ്യോഗികമായി ഗവര്‍ണ്ണറെ അറിയിക്കാന്‍ തീരുമാനിച്ചിരുന്നു. കഴിഞ്ഞ 13ന് സമ്മേളനം തീര്‍ന്നെങ്കിലും ഇതുവരെ ഗവര്‍ണ്ണറെ അറിയിച്ചിരുന്നില്ല. നയപ്രഖ്യാപന പ്രസംഗം നീട്ടി കഴിഞ്ഞ സമ്മേളനത്തിന്റെ തുടര്‍ച്ചയായി ബജറ്റ് അവതരിപ്പിക്കാനുള്ള നീക്കമാണ് സര്‍ക്കാര്‍ ഉപേക്ഷിച്ചത്. ഗവര്‍ണ്ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ നിയമസഭാ സമ്മേളനം 23ന് തുടങ്ങും. കഴിഞ്ഞ ദിവസം ചേര്‍ന്ന പ്രത്യേക മന്ത്രിസഭാ യോഗമാണ് തീരുമാനമെടുത്തത്. സംസ്ഥാന ബജറ്റ് അടുത്ത മാസം മൂന്നിന് അവതരിപ്പിക്കാനാണ് നീക്കം. 24, 25 തീയ്യതികളില്‍ നയപ്രഖ്യാപന പ്രസംഗത്തിന്മേലുള്ള നന്ദിപ്രമേയ ചര്‍ച്ചയും നടക്കും. ഗവര്‍ണ്ണറുമായുള്ള അനുനയത്തിന്റെ ഭാഗമായാണ് നയപ്രഖ്യാപന പ്രസംഗം ഈ മാസം തന്നെ നടത്താന്‍ സര്‍ക്കാര്‍ തീരുമാനം.

Leave a Reply

Your email address will not be published. Required fields are marked *