ചരിത്രം തിരുത്തിയെഴുതാന്‍ ചരിത്രകാരന്‍മാരോട് ആഹ്വാനം ചെയ്ത് അമിത്ഷാ, കേന്ദ്രം സഹായിക്കാമെന്നുംവാഗ്ദാനം

ന്യൂഡല്‍ഹി: ഇന്ത്യന്‍ സാഹചര്യത്തില്‍ ചരിത്രം തിരുത്തിയെഴുതാന്‍ ചരിത്രകാരന്‍മാരോട് ആഹ്വാനം ചെയ്ത് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ. അവരുടെ പരിശ്രമങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ സഹായവും ഷാ വാഗ്ദാനം ചെയ്തു.

താന്‍ ചരിത്ര വിദ്യാര്‍ത്ഥിയാണെന്ന് പറഞ്ഞ ഷാ നമ്മുടെ ചരിത്രം ശരിയായി അല്ല രേഖപ്പെടുത്തിയിരിക്കുന്നത് എന്ന് താന്‍ കേട്ടിട്ടുണ്ടെന്നും പറഞ്ഞു. അത് ശരിയായിരിക്കാം. അത് നമുക്ക് ഇപ്പോള്‍ തിരുത്തേണ്ടതുണ്ട്. ഡല്‍ഹിയില്‍ അസം സര്‍ക്കാര്‍ സംഘടിപ്പിച്ച ഒരു പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ഷാ.

ആരാണ് നമ്മെ ചരിത്രം ശരിയായി അവതരിപ്പിക്കുന്നതില്‍ നിന്ന്തടയുന്നതെന്നും ഷാ ചോദിച്ചു. പതിനേഴാം നൂറ്റാണ്ടിലെ അഹോം ജനറല്‍ ലചിത് ബര്‍ഫുകാന്റെ 400ാം ജന്മദിനാഘാഷങ്ങളില്‍ സംസാരിക്കവെ ആയിരുന്നു മന്ത്രിയുടെ ഈ പരാമര്‍ശങ്ങള്‍.

നവംബര്‍ 24 ലചിത് ദിവസായി കൊണ്ടാടുന്നു. 150 വര്‍ഷം ഇന്ത്യ ഭരിച്ച 30 വംശങ്ങളെക്കുറിച്ച് ഗവേഷണം നടത്താന്‍ താന്‍ ചരിത്ര ഗവേഷകരോടും സര്‍വകലാശാല പ്രൊഫസര്‍മാരോടും ആവശ്യപ്പെടുകയാണെന്നും ഷാ പറഞ്ഞു. സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടിയ 300 പ്രമുഖ വ്യക്തികളെക്കുറിച്ച് പഠിക്കാനും മന്ത്രി നിര്‍ദേശിച്ചു.

തെറ്റായി പ്രചരിപ്പിക്കപ്പെടുന്ന ചരിത്രം ഇനി നമുക്ക് ആവശ്യമില്ല. ചരിത്രം തിരുത്തിക്കുറിക്കുന്നത് ഭാവി തലമുറയ്ക്ക് പ്രചോദനമായിരിക്കും. ചരിത്രത്തെ ജനങ്ങളുടെ ഗുണത്തിന് വേണ്ടി ഉപയോഗിക്കാന്‍ സമയമായിരിക്കുന്നു. മുംഗള്‍രാജവംശത്തെ പ്രതിരോധിച്ചതില്‍ ലചിത് വഹിച്ച പങ്കിനെക്കുറിച്ചും മന്ത്രി ചൂണ്ടിക്കാട്ടി. ശരിയഘട്ട് യുദ്ധത്തില്‍ അനാരോഗ്യം പോലും മറന്ന് മുഗളരാജവംശത്തെ അദ്ദേഹം തോല്‍പ്പിച്ചു.

ലചിതിനെക്കുറിച്ചുള്ള ഡോക്യുമെന്ററിയും അദ്ദേഹം പുറത്തിറക്കി. പ്രധാനമന്ത്രി നരേന്ദ്രമോദി വടക്കു കിഴക്ക് ഇന്ത്യയെ രാജ്യത്തെ മറ്റ് ഭാഗങ്ങളുമായി കൂട്ടിയിണക്കാന്‍ വലിയ പങ്കു വഹിച്ചുവെന്നും അമിത് ഷാ അവകാശപ്പെട്ടു. സര്‍ക്കാര്‍ പരിശ്രമത്തിലൂടെ ഈ മേഖലയില്‍ സമാധാനംപുനഃസ്ഥാപിച്ചു.

ലചിത് ബര്‍ഫുകാനെ കുറിച്ചുള്ള പുസ്തകങ്ങള്‍ പത്ത് ഭാഷകളിലേക്ക് എങ്കിലും മൊഴിമാറ്റം ചെയ്യണമെന്നും അദ്ദേഹം അസം മുഖ്യമന്ത്രി ഹിമന്ത് ബിശ്വശര്‍മ്മയോട് ആവശ്യപ്പെട്ടു. രാജ്യത്തെ ജനങ്ങള്‍ അദ്ദേഹത്തിന്റെ മൂല്യം അറിയണമെന്നും അമിത്ഷാ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *