ഗ്രാന്റിസ് തോട്ടം വേലി കെട്ടി അടച്ചു

മൂന്നാർ: വിനോദ സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമായിരുന്ന പഴയ മൂന്നാർ കെ എസ് ആർ ടി സി ഡിപ്പോക്ക് സമീപമുള്ള ഗ്രാൻ്റീസ് തോട്ടം അധികൃതർ സംരക്ഷണ വേലി കെട്ടി അടച്ചു.മൂന്നാർ സന്ദർശനത്തിനെത്തുന്ന ഒട്ടുമിക്കയാളുകളും ഗ്രാൻ്റീസ് തോട്ടത്തിലിറങ്ങി ചിത്രങ്ങൾ പകർത്തുകയും വിശ്രമിക്കുകയുമൊക്കെ പതിവായിരുന്നു. വേലി കെട്ടി തിരിച്ചതോടെ സഞ്ചാരികൾക്ക് ഇഷ്ടകേന്ദ്രം നഷ്ടമായി.

കെ എസ് ആർ ടി സിയുടെ ഉടമസ്ഥതയിൽ ഉള്ളതാണ് പഴയ മൂന്നാറിൽ കെ എസ് ആർ ടി സി ഡിപ്പോക്ക് സമീപമുള്ള ഗ്രാൻ്റീസ് തോട്ടം. ദേശിയപാതയോരത്തോട് ചേർന്ന് കിടക്കുന്ന ഒന്നരയേക്കറോളം സ്ഥലത്ത് ഗ്രാൻ്റീസ് മരങ്ങൾ വളർന്ന് പന്തലിച്ച് നിൽപ്പുണ്ട്. മൂന്നാറിലേക്കെത്തുന്ന ഒട്ടുമിക്ക സഞ്ചാരികളും ഇവിടിറങ്ങി ചിത്രങ്ങൾ പകർത്തുകയും വിശ്രമിക്കുകയുമൊക്കെ പതിവായിരുന്നു. ഈ പ്രദേശമാണ് അധികൃതർ സംരക്ഷണ വേലി കെട്ടി അടച്ചത്.ഇതോടെ ടൗണിന് സമീപമുള്ള വിനോദ സഞ്ചാരികളുടെ വിശ്രമസ്ഥലം ഇല്ലാതായി. ഇവിടെ വിശ്രമിക്കാനിറങ്ങുന്ന വിനോദ സഞ്ചാര സംഘങ്ങളിൽ ചിലർ ഭക്ഷണാവശിഷ്ടങ്ങളും പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങളും ഇവിടെ ഉപേക്ഷിച്ച് പോകുന്നത് പതിവായതോടെയാണ് ഹിൽവ്യൂ പോയിൻ്റ് മുതൽ ഡിപ്പോ വരെയുള്ള ഭാഗം പൂർണ്ണമായി വേലികെട്ടി ഗെയിറ്റ് സ്ഥാപിച്ചത്.

കെ എസ് ആർ ടി സി പെട്രോൾ പമ്പിന് സമീപം അപകടാവസ്ഥയിലുള്ള മരങ്ങൾ മുറിച്ച് മാറ്റിയ ശേഷം സർക്കാരിൽ നിന്നുള്ള ഉത്തരവ് ലഭിച്ചാൽ നിശ്ചിത ഫീസീടാക്കി സഞ്ചാരികളെ പ്രവേശിപ്പിക്കുമെന്നും ഡിപ്പോ അധികൃതർ പറഞ്ഞു. വലിയ വാഹനങ്ങളിൽ എത്തുന്നവർ ഭക്ഷണം കഴിക്കുന്നതും സിനിമ,വിവാഹ, സീരിയൽ ഷൂട്ടിംഗ് നടക്കുന്നതും ഗ്രാൻ്റീസ് തോട്ടത്തിൽ പതിവായിരുന്നു.മൂന്നാറിലേക്കെത്തുന്ന സഞ്ചാരികളെ ആദ്യം ആകർഷിക്കുന്ന ഇടംകൂടിയായിരുന്നു ഇവിടം.

Leave a Reply

Your email address will not be published. Required fields are marked *