‘ഗോത്രജീവിതത്തിന് വെല്ലുവിളികളുണ്ട്’; പദ്മ ജേതാക്കളുടെ ജീവിതകഥ വായിക്കാന്‍ പ്രധാനമന്ത്രിയുടെ ആഹ്വാനം

ന്യൂഡല്‍ഹി: പദ്മ അവാര്‍ഡ് ജേതാക്കളുടെ ജീവിതകഥ വായിച്ചറിയാന്‍ രാജ്യത്തെ പൗരന്മാരോട് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. ഈ വര്‍ഷത്തെ ആദ്യത്തെ മന്‍കി ബാത്തില്‍ രാജ്യത്തെ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ മന്‍കി ബാത്തിന്റെ 97-ാം എപ്പിസോഡായിരുന്നു ഞായറാഴ്ച പ്രക്ഷേപണം ചെയ്തത്.

‘ഗോത്രവിഭാഗത്തില്‍ നിന്ന് നിരവധിപ്പേര്‍ക്ക് പദ്മ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. അതില്‍ ചിത്രകാരന്മാര്‍, സംഗീതജ്ഞര്‍, കര്‍ഷകര്‍, കലാകാരന്മാര്‍ എന്നിവര്‍ ഉള്‍പ്പെടുന്നു. അവരുടെ ജീവിതകഥ വായിച്ചറിയാന്‍ ഞാന്‍ എല്ലാവരോടും ആഹ്വാനം ചെയ്യുകയാണ്.’- പ്രധാനമന്ത്രി പറഞ്ഞു.

നഗരത്തിലെ ജീവിതത്തില്‍ നിന്ന് വ്യത്യസ്തമാണ് ഗോത്രവര്‍ഗക്കാരുടെ ജീവിതം. അതിന് വളരെയേറെ വെല്ലുവിളികളുണ്ട്. ഈ വെല്ലുവിളികളെയെല്ലാം മറികടന്ന് തങ്ങളുടെ പാരമ്പര്യം സംരിക്ഷിക്കാന്‍ അവര്‍ തയ്യാറാണ്. തങ്ങളുടെ സംസ്‌കാരം സംരക്ഷിക്കാന്‍ വടക്ക്- കിഴക്കന്‍ സംസ്ഥാനങ്ങളിലെ ജനങ്ങള്‍ നിരന്തരം പരിശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

‘നക്‌സല്‍ ബാധിത പ്രദേശങ്ങളില്‍ പോലും ഇത്തവണ പദ്മ അവാര്‍ഡിന്റെ അലയൊലികളുണ്ടായി. നക്‌സല്‍ പ്രസ്ഥാനം വഴിതെറ്റിച്ച യുവാക്കള്‍ക്ക് നേരായ മാര്‍ഗം കാണിച്ചുനല്‍കിയവര്‍ക്കും ഇത്തവണ പദ്മ പുരസ്‌കാരങ്ങള്‍ നല്‍കി’- പ്രധാനമന്ത്രി അറിയിച്ചു.

2023 അന്തര്‍ദേശീയ ചോളം വര്‍ഷമായി ആഘോഷിക്കാനുള്ള യു.എന്നിന്റെ തീരുമാനത്തെ പ്രധാനമന്ത്രി അഭിനന്ദിച്ചു. ഇപ്പോള്‍ ആളുകള്‍ ചോളം ഭക്ഷണത്തിന്റെ ഭാഗമാക്കുന്നു. ലോകം ചോളത്തിന്റെ പ്രാധ്യനം തിരിച്ചറിയുന്നതില്‍ പരമ്പരാഗതമായി ചോളം കൃഷി ചെയ്യുന്ന ചെറുകിട കര്‍ഷകര്‍ സന്തോഷവാന്മാരാണ്. ഈ വര്‍ഷം ചോളം വര്‍ഷമായി ആഘോഷിക്കാനുള്ള തീരുമാനം, അന്തര്‍ദേശീയ യോഗദിനം ആചരിക്കാനുള്ള തീരുമാനം പോലെ ഇന്ത്യയുടെ ആവശ്യപ്രകാരമാണ് ഐക്യരാഷ്ട്രസഭ കൈക്കൊണ്ടതെന്നും അദ്ദേഹം അവകാശപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *