ഗെഹ്‌ലോട്ട്‌ ഇനി എങ്ങോട്ട്?

    മുഖ്യമന്ത്രി പദത്തില്‍ നിന്നും മാറി നില്‍ക്കാന്‍ അശോക് ഗെഹ്‌ലോട്ട് തത്വത്തില്‍ സമ്മതിച്ചിട്ടുണ്ട്. പക്ഷേ, പിന്‍ഗാമിയായി സച്ചിന്‍ പൈലറ്റിനെ നിര്‍ദേശിക്കുമോ എന്നതാണ് കാത്തിരുന്ന് കാണേണ്ടത്. സ്പീക്കര്‍ പി സി ജോഷിയാണ് ഗെഹ്‌ലോട്ടിന്റെ നോമിനി.

അശോക് ഗെഹ്‌ലോട്ട് കോണ്‍ഗ്രസ് അധ്യക്ഷനായാല്‍ രാജസ്ഥാനില്‍ എന്തു സംഭവിക്കും? സംസ്ഥാനത്തെ ബിജെപി നേതൃത്വം പോലും ആകാംക്ഷപ്പെടുന്നത് ഇക്കാര്യത്തിലാകും. അടുത്ത വര്‍ഷം നവംബറില്‍ രാജസ്ഥാന്‍ നിയമസഭയിലേക്ക് തെരഞ്ഞെടുപ്പ് നടക്കുകയാണ്. കോണ്‍ഗ്രസ് പാര്‍ട്ടിക്ക് കുറച്ചെങ്കിലും ജീവന്‍ ബാക്കി നില്‍ക്കുന്ന രാജസ്ഥാനെക്കുറിച്ച് പാര്‍ട്ടി നേതൃത്വത്തിന് പക്ഷേ ഇത്തരം ചിന്തകളൊന്നുമില്ല. സംസ്ഥാനത്തെ പാര്‍ട്ടിയില്‍ നടക്കുന്ന ചേരിപ്പോര് എങ്ങനെ അവസാനിപ്പിക്കാമെന്നതാണ് പാര്‍ട്ടി നേതൃത്വത്തിനു മുന്നിലുള്ള ഏക ചിന്ത.

കോണ്‍ഗ്രസ് അധ്യക്ഷ പദവിയേക്കാള്‍ അശോക് ഗെഹ്‌ലോട്ടിന് പ്രധാനം രാജസ്ഥാന്‍ മുഖ്യമന്ത്രി കസേരയാണ്. ആ കേസര വിട്ട് പാര്‍ട്ടി അധ്യക്ഷ പദം ഏറ്റെടുത്താല്‍, മുഖ്യമന്ത്രി സ്ഥാനം പോകുമെന്നതു മാത്രമല്ല, പാര്‍ട്ടിയിലെ തന്റെ പ്രഖ്യാപിത ശത്രു സച്ചിന്‍ പൈലറ്റ് ആ സ്ഥാനത്തേക്ക് വരുമെന്നതാണ് ഗെഹ് ലോട്ടിനെ ഏറ്റവുമധികം വിഷമിപ്പിക്കുന്നത്. ഹൈക്കമാന്‍ഡിന്റെ നിര്‍ബന്ധത്തിനു വഴങ്ങി മുഖ്യമന്ത്രി പദമൊഴിഞ്ഞ് അധ്യക്ഷപദം ഏറ്റെടുക്കാന്‍ തയ്യാറായാലും സച്ചിന് പകരം തന്റെ വിശ്വസ്തനെ മുഖ്യമന്ത്രി കസേരയില്‍ ഇരുത്തണമെന്ന കാര്യത്തില്‍ ഗെഹ് ലോട്ട് ശാഠ്യം പിടിക്കുമെന്ന് തീര്‍ച്ച. അപ്പോള്‍ സച്ചിന്‍ പൈലറ്റ് ആ സാഹചര്യത്തെ എങ്ങനെ നേരിടും?

Leave a Reply

Your email address will not be published. Required fields are marked *