ഗുണനപ്പട്ടിക ചൊല്ലിയില്ല; വിദ്യാർഥിയെ അധ്യാപകൻ ഡ്രില്ലിങ്‌മെഷീൻ കൊണ്ട് പരിക്കേൽപിച്ചു

ലഖ്‌നൗ: ഗുണനപ്പട്ടിക ചൊല്ലിക്കേൾപ്പിക്കാത്ത വിദ്യാർഥിക്കുനേരെ ഡ്രില്ലിങ് മെഷീൻ ഉപയോഗിച്ച് അധ്യാപകന്റെ ‘ശിക്ഷാനടപടി’. അഞ്ചാംക്ലാസ് വിദ്യാർഥിയുടെ കൈയ്ക്ക് സാരമായ പരിക്കേറ്റു. ഉത്തർപ്രദേശിൽ കാൺപുരിലെ സർക്കാർ പ്രൈമറി സ്‌കൂളിൽ വ്യാഴാഴ്ചയാണ് സംഭവമുണ്ടായത്. ഇതുമായി ബന്ധപ്പെട്ട് ആരോപണവിധേയനായ അധ്യാപകൻ അനൂജ് പാണ്ഡെയെ സ്‌കൂളിൽ നിന്ന് സസ്പെൻ‌ഡ് ചെയ്തു.

വെള്ളിയാഴ്ച കുട്ടിയുടെ മാതാപിതാക്കൾ സ്‌കൂളിന് പുറത്ത് പ്രതിഷേധിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. പ്രാഥമിക വിദ്യാഭ്യാസവകുപ്പ് ഉദ്യോഗസ്ഥൻ ഉടൻ തന്നെ സ്ഥലത്തെത്തുകയും സംഭവത്തിൽ അന്വേഷണം നടത്താൻ മൂന്നംഗസമിതിയെ നിയോഗിച്ചിട്ടുമുണ്ട്.

സ്‌കൂൾ ലൈബ്രറിയുമായി ബന്ധപ്പെട്ടുള്ള അറ്റകുറ്റപ്പണികൾക്ക് മേൽനോട്ടം നിർവഹിക്കാനായി അനൂജ് പാണ്ഡെയെ വിദ്യാഭ്യാസവകുപ്പ് പ്രത്യേകമായി നിയോഗിച്ചിരുന്നു. ലൈബ്രറിയിൽ നിൽക്കുന്നതിനിടെ അതുവഴി കടന്നുപോയ വിദ്യാർഥിയെ ഇയാൾ സമീപത്തേക്ക് വിളിക്കുകയും ഗുണനപ്പട്ടിക ചൊല്ലാൻ ആവശ്യപ്പെടുകയുമായിരുന്നു. കുട്ടിയ്ക്ക് പട്ടിക ചൊല്ലാൻ കഴിയാത്തതിനെ തുടർന്ന് ഇയാൾ പ്രവർത്തിച്ചുകൊണ്ടിരുന്ന ഡ്രില്ലിങ് മെഷീൻ എടുത്തു. അവിടെയുണ്ടായിരുന്ന മറ്റൊരു വിദ്യാർഥി മെഷീന്റെ പ്ലഗ് വലിച്ചൂരിയെങ്കിലും അതിനുമുമ്പ് കുട്ടിയുടെ കൈക്ക് പരിക്കേറ്റിരുന്നു.

കുട്ടിയെ പേടിപ്പിക്കാൻ വേണ്ടി അധ്യാപകൻ ഡ്രില്ലിങ് മെഷീൻ കയ്യിലെടുത്തതാണെന്നും എന്നാൽ അബദ്ധത്തിൽ സ്വിച്ച് അമർന്ന് മെഷീൻ പ്രവർത്തിക്കുകയുമായിരുന്നു എന്നുമാണ് ഇയാൾ പറയുന്നത്. മെഷീൻ പ്രവർത്തിക്കുന്നത് മനസിലാക്കി ഓഫ് ചെയ്യാൻ അധ്യാപകൻ തുനിയുന്നതിന് മുമ്പ് മറ്റൊരു വിദ്യാർഥി പ്ലഗ് വലിച്ചൂരിയതായും റിപ്പോർട്ടിൽ പറയുന്നു. കുട്ടിയുടെ ഉള്ളംകൈ ഉൾപ്പെടെയുള്ള ഭാഗത്തിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

സംഭവത്തിന് ശേഷം അധ്യാപകർ ചേർന്ന് കുട്ടിക്ക് പ്രാഥമിക ചികിത്സ നൽകി വീട്ടിലേക്കയച്ചു. വീട്ടിലെത്തി കുട്ടി മാതാപിതാക്കളോട് വിവരം പറയുകയും അടുത്ത ദിവസം അവർ സ്‌കൂളിലെത്തി പ്രതിഷേധം അറിയിക്കുകയുമായിരുന്നു. അങ്ങനെയാണ് വിവരം പുറത്തറിഞ്ഞത്. കുട്ടിയ്ക്ക് മതിയായ ചികിത്സ ലഭ്യമാക്കിയില്ലെന്നും പരാതിയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *