ഗുജറാത്തിൽ നാളെ ഒന്നാംഘട്ട വോട്ടെടുപ്പ്; 89 മണ്ഡലങ്ങളിലെ വോട്ടർമാർ പോളിങ് ബൂത്തിലേക്ക്

അഹമ്മദബാദ്: ഗുജറാത്തിൽ നാളെ ഒന്നാംഘട്ട വോട്ടെടുപ്പ്. 19 ജില്ലകളിൽ നിന്നുള്ള 89 മണ്ഡലങ്ങളിലെ വോട്ടർമാരാണ് പോളിങ് ബൂത്തിലെത്തുക. 2017ൽ കോൺഗ്രസ് മികച്ച പ്രകടനം നടത്തിയ സൗരാഷ്ട്രയും കച്ചും ദക്ഷിണഗുജറാത്തുമാണ് ഒന്നാംഘട്ടത്തിൽ വിധിയെഴുതുന്നത്. 140 പേരുടെ മരണത്തിനിടയാക്കിയ തൂക്കുപാലം ദുരന്തമുണ്ടായ മോർബിയിലും നാളെയാണ് വോട്ടെടുപ്പ്.

നാൽപത്തിയെട്ട് മണ്ഡലങ്ങൾ ഉൾപ്പെടുന്ന സൗരാഷ്ട്രയിൽ ഇക്കുറി കോൺഗ്രസിനും ബിജെപിക്കും ജീവൻമരണ പോരാട്ടമാണ്. 2017ൽ സൗരാഷ്ട്ര–കച്ച് മേഖലയിൽ കോൺഗ്രസ് 30 സീറ്റുകൾ നേടിയപ്പോൾ ബിജെപിക്ക് വിജയിക്കാനായത് 23 ഇടത്ത്. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് തൊട്ടുമുമ്പ് 7,710 കോടിയുടെ വികസന പദ്ധതികളാണ് സൗരാഷ്ട്രക്ക് പ്രധാനമന്ത്രി നേരിട്ടെത്തി പ്രഖ്യാപിച്ചത്. കഴിഞ്ഞ തവണ പാർട്ടിപരാജയപ്പെട്ട മേഖലകളിൽ‍ ഇക്കുറി പ്രധാനമന്ത്രി നേരിട്ടെത്തി പ്രചാരണം നടത്തി. പട്ടേൽ സമുദായത്തിൻറെയും പിന്നാക്കവിഭാഗങ്ങളുടെയും ശക്തികേന്ദ്രമായ സൗരാഷ്ട്രയിൽ പട്ടേൽ പ്രക്ഷേഭമാണ് കഴിഞ്ഞതിരഞ്ഞെടുപ്പിൽ ഭരണകക്ഷിക്ക് വെല്ലുവിളിയായത്. എന്നാൽ പട്ടേൽ സമരനേതാവ് ഹാദർദിക് പട്ടേലടക്കം ഇക്കുറി ബിെജപിക്കൊപ്പമാണ്.

സൗരാഷ്ട്രയിലെ സ്വാധീനം കൈവിട്ടിട്ടില്ല എന്ന ആത്മവിശ്വാസത്തിലാണ് കോൺഗ്രസ്. സീറ്റ് നിഷേധിക്കപ്പെട്ട ബിജെപി നേതാക്കൾ വിമതരായി മൽസരിക്കുന്നത് പാർട്ടിക്ക് പ്രതീക്ഷയേകുന്നു. സൗജന്യ വാഗ്ദാനങ്ങളുമായി ആദിവാസി മേഖലകളിലടക്കം കടന്നുകയറാനുള്ള ശ്രമത്തിലാണ് ആം ആദ്മി പാർട്ടി. ആപ്പിൻറെ മുഖ്യമന്ത്രി സ്ഥാനാർഥിയും ടെലിവിഷൻ അവതാരകനുമായ ഇസുദാൻ ഗാഡ്വിയുടെ മണ്ഡലമായ കംബാലിയയും ആദ്യഘട്ടത്തിൽ ഉൾപ്പെടുന്നു.

Leave a Reply

Your email address will not be published. Required fields are marked *