ഗുജറാത്തിൽ ആദ്യ ഘട്ട വോട്ടെടുപ്പിനുള്ള പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും

അഹമ്മദാബാദ്: ഗുജറാത്തിൽ ആദ്യ ഘട്ട വോട്ടെടുപ്പിനുള്ള പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. 89 സീറ്റുകളിലേക്കാണ് മറ്റന്നാൾ വോട്ടെടുപ്പ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ അവസാന നാളുകളിൽ വമ്പൻ പ്രചാരണ പരിപാടികളാണ് ബി ജെ പി നടത്തിയത്. അമിത് ഷായുടെ നേതൃത്വത്തിൽ കേന്ദ്രമന്ത്രിമാരുടെ നീണ്ട നിരയും ബിജെപിയ്ക്കായി പ്രചാരണത്തിനെത്തി.

ഭാരത് ജോഡോ യാത്രയ്ക്ക് അവധി നൽകി രാഹുൽ ഗാന്ധി ഒരു ദിവസം ഗുജറാത്തിൽ പ്രചാരണത്തിന് എത്തി. മല്ലികാർജുൻ ഖാർഗെ രണ്ടുദിവസം നടത്തിയ തെരഞ്ഞെടുപ്പ് റാലികൾ ഒഴിച്ച് നിർത്തിയാൽ വമ്പൻ റാലികൾ മാറ്റിനിർത്തിയുള്ള പ്രചാരണ രീതി ആയിരുന്നു കോൺഗ്രസ് സ്വീകരിച്ചത്. അരവിന്ദ് കേജ്രിവാളിന്റെ നേതൃത്വത്തിൽ ആം ആദ്മി പാർട്ടി നാടിളക്കി മറച്ചുള്ള പ്രചാരണമാണ് നടത്തിയത്. ഭഗവത് മന്നിന്റെ നേതൃത്വത്തിൽ പഞ്ചാബ് മന്ത്രിസഭ ഒന്നാകെ പ്രചാരണത്തിന് എത്തി.

182 അംഗ ഗുജറാത്ത് നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് രണ്ട് ഘട്ടങ്ങളിലായാണ് നടക്കുന്നത്. ഡിസംബർ ഒന്നിന് ആദ്യ ഘട്ട വോട്ടെടുപ്പും ഡിസംബർ 5ാം തീയതി രണ്ടാം ഘട്ട വോട്ടെടുപ്പും നടക്കും. ഡിസംബർ എട്ടിനാണ് വോട്ടെണ്ണൽ. ഭരണത്തുടർച്ച ലഭിക്കുമെന്നാണ് ബി ജെ പി പ്രതീക്ഷ. എന്നാൽ ഇക്കുറി ഭരണ വിരുദ്ധ വികാരം പ്രകടമാണെന്നും ഭരണത്തിൽ തിരിച്ചെത്തുമെന്നുമാണ് കോൺഗ്രസ് അവകാശവാദം. അതേസമയം തന്നെ അട്ടിമറി വിജയം സ്വപ്നം കണ്ട് ആം ആദ്മിയും വലിയ പോരാട്ടമാണ് പുറത്തെടുക്കുന്നത്.

ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥികളിൽ 28 ശതമാനവും കോടിപതികൾ. ആകെയുള്ള 1621 സ്ഥാനാർഥികളിൽ 456 പേരാണ് ഒരു കോടിക്ക് മുകളിൽ ആസ്തിയുള്ളതായി സത്യവാങ്മൂലം നൽകിയിട്ടുള്ളത്. ഇതിൽ ഏറ്റവും കൂടുതൽ കോടിപതികളായ സ്ഥാനാർഥികൾ ഉള്ള പാർട്ടി ബി.ജെ.പിയാണ്, 154 പേർ. കോൺഗ്രസിന്റെ 142 സ്ഥാനാർഥികളും ആം ആദ്മി പാർട്ടിയുടെ 62 പേരും കോടിപതികളാണ്. 2.56 കോടി രൂപയാണ് മത്സര രംഗത്തുള്ള സ്ഥനാർഥികളുടെ ശരാശരി ആസ്തിയെന്നും അസോസിയേഷൻ ഓഫ് ഡെമോക്രാറ്റിക് റിഫോംസിന്റെ റിപ്പോർട്ടിൽ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *