ഗാന്ധിസ്മരണയിൽ രാജ്യം

മഹാത്മ ഗാന്ധിയുടെ 75–ാം രക്തസാക്ഷിത്വ ദിനത്തിൽ ഗാന്ധിസ്മരണയിൽ രാജ്യം. രാഷ്ട്രപതി ദ്രൗപദി മുർമു, ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ, പ്രധാനമന്ത്രി നരേന്ദ്ര മോദി, ലോക്സഭാ സ്പീക്കർ ഓം ബിർല, പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ഉൾപ്പെടെയുള്ളവർ രാജ്ഘട്ടിലെ ഗാന്ധി സ്മാരകത്തിലെത്തി പ്രണാമമർപ്പിച്ചു.

ഗാന്ധിജിയുടെ ത്യാഗം ഒരുകാലത്തും രാജ്യത്തിനു മറക്കാനാകില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു.

‘‘ബാപ്പുവിനെ വണങ്ങുകയും അദ്ദേഹത്തിന്റെ അഗാധമായ ചിന്തകൾ അനുസ്മരിക്കുകയും ചെയ്യുന്നു. രാഷ്ട്രസേവനത്തിനിടെ രക്തസാക്ഷികളായ എല്ലാവർക്കും ഞാൻ ആദരാഞ്ജലികൾ അർപ്പിക്കുന്നു. അവരുടെ ത്യാഗങ്ങൾ ഒരിക്കലും മറക്കില്ല. വികസിത ഇന്ത്യക്കായി പ്രവർത്തിക്കാനുള്ള ഞങ്ങളുടെ ദൃഢനിശ്ചയം ശക്തിപ്പെടുത്തും.’’– പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

ആഭ്യന്തരമന്ത്രി അമിത് ഷായും ഗാന്ധിജിയെ അനുസ്മരിച്ചു, “സ്വാതന്ത്ര്യത്തിന്റെ സുവർണ്ണ കാലഘട്ടത്തിൽ സ്വച്ഛത, സ്വദേശി, സ്വഭാഷ എന്നീ ആശയങ്ങൾ സ്വീകരിക്കുക എന്നതാണ് ഗാന്ധിജിക്കുള്ള യഥാർഥ ആദരവ്.”– അദ്ദേഹം പറഞ്ഞു.

‘‘സ്‌നേഹത്തോടെയും സാഹോദര്യത്തോടെയും ജീവിക്കാനും സത്യത്തിനുവേണ്ടി പോരാടാനും ബാപ്പു രാജ്യത്തെ മുഴുവൻ പഠിപ്പിച്ചു. രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തിൽ അദ്ദേഹത്തിന് അഭിവാദ്യം അർപ്പിക്കുന്നു.’’– കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *