ക്ഷേമപെൻഷൻ മുടങ്ങുന്നു. സിപിഎമ്മിലും അതൃപ്തി

തിരുവനന്തപുരം: ക്ഷേമപെൻഷൻ മുടങ്ങുന്നു. സിപിഎമ്മിലും അതൃപ്തി. അടുത്തമാസവും കുടിശിക തീർക്കാൻ ഇടയില്ല കടുത്ത സാമ്പത്തിക പ്രതിസന്ധി യെന്ന് വിശദീകരണം.

ക്ഷേമ പെൻഷനുകൾ മാസങ്ങളോളം കുടിശികയായിരുന്നത് ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്തായിരുന്നു. യുഡിഎഫിന്റെ പരാജയകാരണങ്ങളിൽ ഒന്നായി വിലയിരുത്തപ്പെടുന്നത് ക്ഷേമ പെൻഷനുകളുടെ കുടിശ്ശികയായിരുന്നു. ഇതിനു സമാനമായ രീതിയിലാണ് ഇപ്പോൾ പെൻഷനുകൾ കുടിശ്ശികയാവുന്നത്. കഴിഞ്ഞമാസം , ഒക്ടോബറിൽ ക്ഷേമ പെൻഷൻ വിതരണം മുടങ്ങിയിരുന്നു. ഈ മാസവും പെൻഷൻ നൽകാൻ കഴിയില്ല എന്ന് ഉറപ്പായിട്ടുണ്ട്.

ഇരുപതാം തീയതിയാണ് ഇത് സംബന്ധിച്ച് ഫയലുകൾ സാധാരണ നീങ്ങേണ്ടത്. എന്നാൽ കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ഒരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല. ഏറ്റവും ഒടുവിൽ ചേർന്ന സിപിഎം സെക്രട്ടറിയേറ്റിൽ അടിയന്തര നടപടി വേണമെന്നു നിർദ്ദേശമുയർന്നിരുന്നു. ഡിസംബറിൽ സാമ്പത്തിക പ്രതിസന്ധി ഇതിലും രൂക്ഷമാകും എന്നാണ് ധനവകുപ്പ് വ്യത്തങ്ങൾ അറിയിക്കുന്നത്. അങ്ങനെയെങ്കിൽ ഈ രണ്ടു മാസത്തെ കുടിശ്ശിക ഡിസംബറിൽ നൽകാനാകില്ല. സാമ്പത്തിക പ്രതിസന്ധി രൂക്ഷമാണെന്നാണ് വിശദീകരണം. കേന്ദ്രം കടമെടുക്കാൻ അനുവദിക്കുന്നില്ല എന്ന പതിവു ന്യായവും നിരത്തുന്നു.

സമീപകാലത്ത് ആദ്യമായാണ് രണ്ടുമാസം പെൻഷൻ മുടങ്ങുന്നത്. മൂന്നാമത്തെ മാസവും നൽകാൻ സാധിക്കും എന്ന് ഉറപ്പു പറയാൻ കഴിയാത്ത അവസ്ഥയിലുമാണ് കാര്യങ്ങൾ. ഒന്നാം പിണറായി സർക്കാർ ക്ഷേമപെൻഷനുകളുടെ കുടിശ്ശിക തീർത്തത് പ്രധാന ഉത്തരവാദിത്തമായി ഉയർത്തിക്കാണിക്കുകയും പെൻഷൻ 1600 രൂപയായി വർധിപ്പിക്കുകയും ചെയ്തിരുന്നു.

പെൻഷൻ കിട്ടുന്ന വൃദ്ധരുടെ ചിരിയാണ് സർക്കാരിന്റെ സന്തോഷം എന്നായിരുന്നു മുഖ്യമന്ത്രി അന്ന് പ്രതികരിച്ചത്. 59 ലക്ഷം പേരാണ് ക്ഷേമ പെൻഷൻ കാത്തിരിക്കുന്നത്. പലരും മരുന്നു വാങ്ങാൻ പോലും ആശ്രയിക്കുന്നത് ക്ഷേമ പെൻഷനാണ്. ഒരു മാസത്തെ പെൻഷൻ എങ്കിലും നൽകാനുള്ള ആലോചന നടത്തിയിരുന്നു .എന്നാൽ സാമ്പത്തിക പ്രതിസന്ധിയിൽ കഴിഞ്ഞില്ലെന്നാണ് വിശദീകരണം അതേസമയം മന്ത്രിമാർക്കും ഉദ്യോഗസ്ഥർക്കും കാർ വാങ്ങുക, ഇതിനായി കോടികൾ അനുവദിക്കുക തുടങ്ങിയ പരിപാടികൾ മുടക്കമില്ലാതെ നടക്കുന്നുണ്ട്. ഏറ്റവും ഒടുവിലത്തെ മന്ത്രിസഭായോഗം പോലീസിന് 150 ഓളം മഹീന്ദ്ര ബൊലേറോ ജീപ്പുകൾ വാങ്ങാനാണ് അനുമതി നൽകിയത്. സാമ്പത്തിക വർഷം അവസാനത്തോട് അടുക്കുമ്പോൾ പ്രതിസന്ധി കൂടുതൽ രൂക്ഷമാകാനാണ് സാദ്ധ്യത.

Tag

Leave a Reply

Your email address will not be published. Required fields are marked *