ക്രിസ്മസിനെ ആഘോഷപൂർവം വരവേറ്റ് വിശ്വാസികൾ

വത്തിക്കാൻ: സമ്പത്തിനും അധികാരത്തിനുമുള്ള മൽസരത്തിൽ എന്നും ബലിയാടാകേണ്ടി വരുന്നത് ദുർബലരും കുട്ടികളുമാണെന്ന് ഫ്രാൻസിസ് മാർപാപ്പ. മനുഷ്യന്റെ അന്തസിനും സ്വാതന്ത്ര്യത്തിനും വില കൊടുക്കാതെയുള്ള പ്രവർത്തനങ്ങളാണ് ലോകത്ത് പലയിടത്തും നടക്കുന്നത്. ക്രിസ്മസ് ആശംസാ സന്ദേശത്തിലാണ്, ഏതെങ്കിലും പ്രത്യേക വിഷയത്തെ ഉദ്ധരിക്കാതെയുള്ള മാർപ്പാപ്പയുടെ ഓർമപ്പെടുത്തൽ. വത്തിക്കാനിൽ കുർബാനയ്ക്ക് നേതൃത്വം നൽകിയ അദ്ദേഹം കുട്ടികളോടെപ്പം സമയം ചെലവഴിക്കുകയും ചെയ്തു.
എത്ര യുദ്ധങ്ങൾ നമ്മൾ കണ്ടു. എല്ലാത്തിനും ദുർബലരാണ് ഇരകളാകുന്നത്. യുദ്ധം കൊണ്ടും ദാരിദ്ര്യം കൊണ്ടും അനീതികൾ മൂലവും ദുരതമനുഭവിക്കുന്ന കുട്ടികളെക്കുറിച്ചാണ് താൻ വ്യാകുലപ്പെടുന്നതെന്നും ഫ്രാൻസിസ് മാർപാപ്പ പറഞ്ഞു.

തിരുപ്പിറവിയുടെ ഓർമ പുതുക്കൽ ദിനമായ ക്രിസ്മസിനെ കേരളത്തിലും വിശ്വാസികൾ ആഘോഷപൂർവം വരവേറ്റു. പ്രാർത്ഥനാനിർഭരമായ മനസ്സുമായി സംസ്ഥാനത്തെ ക്രൈസ്തവ ദേവാലയങ്ങളിൽ വിശ്വാസികൾ പാതിരാക്കുർബാനയ്ക്കായി ഒത്തുചേർന്നു. വിഭാഗീയതകൾ സൃഷ്ടിച്ച് വിശ്വാസികൾ മാറി നിന്നാൽ നാശമുണ്ടാകുമെന്ന് കുർബാന വിവാദം ചൂണ്ടിക്കാട്ടി സിറോ മലബാർ സഭ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി ക്രിസ്മസ് സന്ദേശത്തിൽ പറഞ്ഞു.

സിറോ മലബാർ സഭയുടെ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെൻറ് തോമസിൽ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി പ്രാർത്ഥനകൾക്ക് നേതൃത്വം നൽകി. കുർബാന രീതിയിൽ തർക്കം നിലനിൽക്കുന്നതിനാൽ എറണാകുളം സെൻറ് മേരീസ് ബസിലിക്ക ഒഴിവാക്കിയായിരുന്നു ചടങ്ങുകൾ.ഏകീകൃത കുർബാന ക്രമം അനുസരിച്ചാണ് കർദിനാൾ കുർബാന അർപ്പിച്ചത്.

വികസനത്തിൻറെ പേരിൽ ഗോഡൗണിൽ കഴിയുന്നവരേയും ഓർമ്മിക്കണം എന്നായിരുന്നു വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിൻറെ പേരിൽ വീട് നഷ്ടപ്പെട്ടവരെ പരാമർശിച്ച് ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് തോമസ് ജെ നെറ്റോയുടെ പ്രതികരണം. വിഴിഞ്ഞത്ത് ആളുകൾ ഗോഡൗണുകളിൽ കിടക്കുന്നത് സങ്കടകരമെന്നും അദ്ദേഹം പറഞ്ഞു പാളയം സെൻറ് ജോസഫ് കത്തീഡ്രലിൽ പാതിരാ കുർബാന ശുശ്രൂഷകൾക്ക് ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് തോമസ് ജെ നെറ്റോ നേതൃത്വം നൽകി.

ബഫർ സോൺ ആശങ്കയിലാണ് മലയോര ജനതയെന്ന് താമരശ്ശേരി ബിഷപ്പ് റെമിജിയോസ് ഇഞ്ചനാനിയിൽ. താമരശ്ശേരി മേരീ മാതാ കത്തീഡ്രലിൽ ചടങ്ങുകൾക്ക് ബിൽപ്പ് മുഖ്യ കാർമികത്വം വഹിച്ചു. കോതമംഗലം മൗണ്ട് സീനായ് അരമന ചാപ്പലിൽ പാതിരാ കുർബാന ശുശ്രൂഷയ്ക്ക് യാക്കോബായ സഭാധ്യക്ഷൻ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവ മുഖ്യകാർമികത്വം വഹിച്ചു. ഒമാനിലെ സലാല സെൻറ് സ്റ്റീഫൻസ് ഓർത്തഡോക്‌സ് ഇടവകയിൽ മലങ്കര ഓർത്തഡോക്‌സ് സുറിയാനി സഭയുടെ പരമാധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായുടെ പ്രധാന കാർമികത്വത്തിൽ പ്രത്യേക ശുശ്രൂഷ നടന്നു. തിരുവനന്തപുരം പട്ടം സെൻറ് മേരീസ് പള്ളിയിൽ കർദിനാൾ ക്ലീമ്മിസ് കാതോലിക ബാവ പ്രാർത്ഥനകൾക്ക് നേതൃത്വം നൽകി. പളളിയിലെ ഗായക സംഘം അവതരിപ്പിച്ച ക്രിസ്മസ് കരോളുമുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *