ക്രിക്കറ്റിലേക്ക് തിരികെ വരണമെന്ന ആഗ്രഹവുമായി വീണ്ടും എബി ഡിവില്ലിയേഴ്‌സ്

ക്രിക്കറ്റിലേക്ക് തിരുകെ വരണമെന്ന ആഗ്രഹവുമായി വീണ്ടും എബി ഡിവില്ലിയേഴ്‌സ്. വിരാട് കോലിക്കും സൂര്യകുമാര്‍ യാദവിനുമൊപ്പം മികച്ച ക്രിക്കറ്റ് കളിക്കാനാണ് താന്‍ ഇഷ്ടപ്പെടുന്നതെന്നും ഡിവില്ലിയേഴ്‌സ് തുറന്നുപറഞ്ഞു. ഇനിയും തനിക്ക് കളിക്കാന്‍ കഴിയുമെന്നും തന്റെ പ്രതിഭയ്ക്ക് ഇപ്പോഴും കോട്ടം തട്ടിയിട്ടില്ലെന്നും ഡിവില്ലേഴ്‌സ് വ്യക്തമാക്കി. ജിയോ സിനിമയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ക്രിക്കറ്റിലേക്ക് മടങ്ങിവരാനുള്ള ആഗ്രഹം അദ്ദേഹം പ്രകടിപ്പിച്ചത്.

2021ല്‍ തന്റെ 37-ാം വയസ്സിലാണ് ദക്ഷിണാഫ്രിക്കന്‍ താരമായ ഡിവില്ലേഴ്‌സ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചത്. പതിനഞ്ച് വര്‍ഷത്തെ കരിയറില്‍ ഡിവില്ലിയേഴ്‌സ് 3 തവണ ഐസിസിയുടെ ഏകദിന പ്ലെയര്‍ ഓഫ് ദി ഇയറായി. ടെസ്റ്റില്‍ 114 മത്സരത്തില്‍ നിന്ന് 8,765 റണ്‍സും ഏകദിനത്തില്‍ 228 മത്സരങ്ങളില്‍ നിന്ന് 9,577 റണ്‍സും നേടിയിട്ടുണ്ട്. 78 രാജ്യന്തര ട്വന്റി ട്വന്റിയില്‍ നിന്ന് 1,672 റണ്‍സും ഡിവില്ലിയേഴ്‌സ് നേടി. ഏകദിനത്തിലെ വേഗത്തിലുള്ള അര്‍ദ്ധ സെഞ്ചുറി, സെഞ്ചുറി, 150 എന്നിവയും ഡിവില്ലിയേഴ്സിന്റെ പേരിലാണ്. ടെസ്റ്റില്‍ വേഗത്തിലുള്ള ഇരട്ട സെഞ്ചുറിയും ഡിവില്ലിയേഴ്സിന്റെ പേരില്‍ തുടരുന്നു. രാജ്യാന്തര ക്രിക്കറ്റില്‍ നിന്നുളള അദേഹത്തിന്റെ വിരമിക്കല്‍ തീരുമാനം നേരത്തെ ആയിരുന്നുവെന്ന് മുന്‍ താരങ്ങളടക്കം അന്ന് അഭിപ്രായപ്പെട്ടിരുന്നു.

പിന്നീട് ദക്ഷിണാഫ്രിക്കന്‍ ടീമിലേക്ക് തിരികെ വരാന്‍ ആഗ്രഹിച്ചെങ്കിലും നടന്നില്ല. ട്വന്റി 20 ലീഗുകളില്‍ കളിക്കാന്‍ രാജ്യന്തര കരിയര്‍ ബലികഴിച്ചുവെന്ന് ഡിവില്ലിയേഴ്സിനെതിരെ വിമര്‍ശനം ഉയര്‍ന്നു. രണ്ട് വര്‍ഷത്തിന് ശേഷം 39-ാം വയസില്‍ ക്രിക്കറ്റിലേക്ക് തിരിച്ചുവരണമെന്ന് വീണ്ടും ഡിവില്ലിയേഴ്‌സ് ആഗ്രഹിക്കുകയാണ്. എന്നാല്‍ ഇത് അത്ര എളുപ്പമായ ഒന്നല്ലെന്നും അഭിമുഖത്തില്‍ ഡിവിലേഴ്‌സ് തുറന്നു പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *