കോലിക്കും രോഹിത്തിനും റെസ്റ്റ് എന്തിന്?

വെസ്റ്റിന്‍ഡീസിനെതിരായ ഏകദിന പരമ്പരയില്‍ ടീമിലുണ്ടായിട്ടും ക്യാപ്റ്റന്‍ രോഹിത് ശര്‍മയെയും വിരാട് കോലിയെയും കളിപ്പിക്കാത്തതില്‍ വിമര്‍ശനവുമായി ഇന്ത്യന്‍ താരം ഹനുമാ വിഹാരി. ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ മാത്രമാണ് കോലിയും രോഹിത് ശര്‍മയും കളിച്ചത്. രണ്ടും മൂന്നും മത്സരങ്ങളില്‍ രോഹിത്തിന്റെ അഭാവത്തില്‍ ഹാര്‍ദിക് പാണ്ഡ്യ ഇന്ത്യയെ നയിച്ചു. ഇന്ത്യ പരമ്പര 2-1ന് ജയിച്ചെങ്കിലും കോലിയെയും രോഹിത്തിനെയും പുറത്തിരുത്തിയത് ശരിയായില്ലെന്ന് വിഹാരി പറഞ്ഞു. പരമ്പരയില്‍ ഇന്ത്യ പരീക്ഷണങ്ങള്‍ നടത്തി. അക്കാര്യം ശരിയാണ്. എന്നാല്‍ ലോകകപ്പ് അടുത്തു വരുന്നതിനാല്‍ കോലിയും രോഹിത്തും എല്ലാ മത്സരങ്ങളും കളിക്കണമായിരുന്നു.

പരുക്കു കാരണം ആണോ ഇരുവരും കളിക്കാത്തതെന്ന് അറിയില്ല. എന്തായാലും അവസാന മത്സരത്തിലെങ്കിലും കോലിയും രോഹിത്തും കളിക്കണമായിരുന്നു. ഇരുവരും ആദ്യ ഏകദിനത്തില്‍ മാത്രം ഇറങ്ങി. കോലി ബാറ്റ് ചെയ്തതുമില്ലെന്നും വിഹാരി പ്രതികരിച്ചു. രണ്ടും മൂന്നും മത്സരങ്ങളില്‍ താരങ്ങള്‍ക്കു വിശ്രമം നല്‍കിയത് എന്തിനെന്നു മനസ്സിലാകുന്നില്ല. അങ്ങനെയെങ്കില്‍ അവരെ നേരത്തേ തന്നെ ഇന്ത്യയിലേക്കു വിടാമായിരുന്നു. ഇന്ത്യയില്‍ അവര്‍ക്കു വിശ്രമിച്ചാല്‍ പോരെ. വിഹാരി വിമര്‍ശിച്ചു. ഏകദിന ലോകകപ്പിനു മുന്‍പില്‍ ടീമില്‍ പരീക്ഷണങ്ങള്‍ നടത്തുന്നതിനാണ് കോലിയെയും രോഹിത് ശര്‍മയെയും പുറത്തിരുത്തിയതെന്ന് ഇന്ത്യന്‍ ടീം പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് നേരത്തേ വ്യക്തമാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *